16 November Saturday

അതിജീവനത്തിന്‌ കരുത്തേകാൻ ജില്ലാ പഞ്ചായത്ത്‌

സ്വന്തം ലേഖികUpdated: Friday Aug 23, 2019

 കണ്ണൂർ

ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിന്‌ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാൻ  ജില്ലാപഞ്ചായത്ത്‌ തീരുമാനം. നഷ്ടങ്ങളുടെ വിശദ കണക്ക്‌ സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക്‌ നിർദേശം നൽകി.  ജില്ലാപഞ്ചായത്തിന്റെ ചുമതലയിലുള്ള മേഖലകളിലാണ്‌ പദ്ധതി നടപ്പാക്കുക.  വകുപ്പ്‌ പ്രതിനിധികൾ അവതരിപ്പിച്ച നഷ്ടങ്ങളുടെ പ്രാഥമിക കണക്ക്‌ യോഗം ചർച്ച ചെയ്‌തു. 133 വീട്‌ പൂർണമായും 2022 വീട്‌ ഭാഗികമായും തകർന്നു. 1500 കട തകർന്നു. എടക്കാട്‌ ബ്ലോക്കിൽ ഒഴികെ എല്ലായിടത്തും റോഡ്‌ തകർന്നു. 839 റോഡ്‌ തകർന്നതിൽ 150 എണ്ണം ഗതാഗതയോഗ്യമാക്കാൻ അറ്റകുറ്റപ്പണി വേണം. 
വേങ്ങാട്‌, കാങ്കോൽ, കരിമ്പം ഫാമുകളിലായി ആറ്‌ ഹെക്ടർ കൃഷി നശിച്ചു. കുലച്ച വാഴ 1,32,000,  കുലയ്‌ക്കാത്തവ 69,000, തെങ്ങ്‌ 7037, റബർ 16035, നെല്ല്‌ 300 ഹെക്ടർ, കവുങ്ങ്‌ 6307,  കശുമാവ്‌ 2300, കുരുമുളക്‌ 3847, പച്ചക്കറി 30 ഹെക്ടർ എന്നിങ്ങനെയാണ്‌ കാർഷിക മേഖലയിലെ നഷ്‌ടം. 7227 കർഷകർക്ക്‌ നഷ്ടമുണ്ടായി. 12.5 ഏക്കറിൽ മണ്ണൊലിച്ചുപോയി. കൃഷി നശിച്ചവർക്കുള്ള സഹായത്തിന്റെ അപേക്ഷ സെപ്‌തംബർ ഒമ്പതു വരെ കൃഷിഭവനുകളിൽ നൽകാം. 
 25 പശു, രണ്ട്‌ കിടാരി, ഒമ്പത്‌ കന്നുകുട്ടി, അഞ്ച്‌ എരുമ, 96 ആട്‌, 27,264 കോഴി, ഏഴ്‌ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പടെ 98,16,875 രൂപയാണ്‌ മൃഗസംരക്ഷണമേഖലയിലെ നഷ്ടം. വ്യവസായ മേഖലയിൽ 533  സ്ഥാപനം തകർന്നു. ഇതിൽ 351 എണ്ണം വ്യാപാര സ്ഥാപനങ്ങളാണ്‌. ചെറുകുന്ന്‌ ഗവ. വെൽഫെയർ എച്ച്‌എസ്‌എസ്‌, പെരിങ്ങത്തൂർ എച്ച്‌എസ്‌എസ്‌, കുന്നോത്ത്‌ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ എന്നിവയ്‌ക്ക്‌ നഷ്‌ടം സംഭവിച്ചു. യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവയുടെ കണക്ക്‌ ശേഖരിക്കുന്നുണ്ട്‌. 
124 ക്യാമ്പുകളിലായി 18, 403 പേർക്ക്‌ ജില്ലാ ആരോഗ്യ വിഭാഗം സേവനം നൽകി. പാമ്പുരുത്തി, പട്ടുവം, പെരിങ്ങളം ആരോഗ്യകേന്ദ്രങ്ങൾക്കും ചില സബ്‌ സെന്ററുകൾക്കും നഷ്ടമുണ്ടായി. ദുരിതാശ്വാസനിധിയിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ സമാഹരിക്കുന്ന തുക ശനിയാഴ്‌ച കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറാനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ കെ വി സുമേഷ്‌ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ പി പി ദിവ്യ, സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ വി കെ സുരേഷ്‌ ബാബു, കെ പി ജയബാലൻ,  സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top