10 October Thursday

ചുഴലിക്കാറ്റ്: മലയോരത്ത് വൻനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

കൊട്ടിയൂർ- കണ്ടപ്പുനം ടൗണിൽ വൈദ്യുതി തൂണുകൾക്ക് 
മുകളിൽ വീണ മരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു

പേരാവൂർ 
തിങ്കൾ പകൽ ഒന്നോടെ മലയോര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. പേരാവൂരിലെ കൊട്ടംചുരത്ത് ഉറുമ്പത്ത് ജമീലയുടെ വീട്‌ റബർമരംവീണും നടുപ്പറമ്പിൽ ദാക്ഷായണിയുടെ വീട്‌ രണ്ട് പ്ലാവുകൾ പൊട്ടിവീണും തകർന്നു. വലിയേടത്ത് നാസറിന്റെ  വീടിന്റെ അടുക്കളഭാഗവും  തൊണ്ടിയിൽ കുറുമ്പുറത്ത്  ജോമിഷിന്റെ  വീടും മരംവീണ്‌ ഭാഗികമായി  തകർന്നിട്ടുണ്ട്‌. വൈദ്യുതിക്കമ്പികൾക്ക് മുകളിൽ മരംവീണ് നാല് തൂണുകൾ  തകരുകയും വൈദ്യുതി മുടങ്ങുകയുംചെയ്തു. വടക്കിനിയകത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി മീറ്ററും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ ഇളകിത്തെറിച്ചു. തെരുവത്ത് തേക്കുമരം വൈദ്യുതിക്കമ്പികൾക്ക് മുകളിൽവീണ് തൂണുകൾ തകർന്നു. കുനിത്തലമുക്കിൽ പേരാവൂർ–- നിടുമ്പൊയിൽ റോഡിൽ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതതടസ്സമുണ്ടായി. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കൊട്ടിയൂർ ക്ഷേത്രത്തിൽ ഇക്കരെ ഗേറ്റ് പരിസരത്തുള്ള വൻ പാലമരം കടപുഴകി. വൈദ്യുതിത്തൂണുകൾ തകർന്നു. മന്ദംചേരിയിലെ പാർക്കിങ്‌ സ്ഥലത്തെ വൻ ആൽമരവും വീണു. ജലവിതരണ പൈപ്പുകൾ  തകർന്നിട്ടുണ്ട്‌. കണ്ടപ്പുനം ടൗണിൽ തേക്ക് മരം റോഡിലേക്കും വൈദ്യുതി കമ്പികൾക്കും മുകളിൽ വീണ് ആറ് തൂണുകൾ തകർന്നു. മലയോര ഹൈവെയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയും തകർന്ന തൂണുകൾ പറിച്ചുമാറ്റിയുമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മന്ദംചേരിയിലെ വത്സല ചന്ദ്രന്റെ മൂന്നുറിലധികം കുലച്ച വാഴകളും കാറ്റിൽ പൂർണമായും നശിച്ചു.
കോളയാട്  മേനച്ചോടിയിലുണ്ടായ കനത്ത കാറ്റിൽ കോറോത്ത് ജോൺസന്റെ വീടിന് മുകളിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. രാഹുൽ മേനച്ചോടിയുടെ വീടിന്റെ മേൽക്കൂരയിൽ പാകിയ ഓടുകൾ പറന്നുപോയി. വിനോദ് പാടത്തിയുടെ നിരവധി കശുമാവും തെങ്ങ്, കവുങ്ങ് എന്നിവയും കാറ്റിൽ നിലംപൊത്തി.
വേങ്ങാടും ചുഴലിക്കാറ്റ്‌
പിണറായി 
വേങ്ങാട് പഞ്ചായത്തിൽ പറമ്പായി, കേളാലൂർ ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പറമ്പായി മീത്തലേപറമ്പത്  ഗിരീഷിന്റെ വീടിന്റെ മേൽക്കൂര മരംവീണ്‌ തകർന്നു. ഇബ്രാഹിം, കാസിം, മൈലപ്രവൻ പത്മിനി, കയലോട് പി കെ നാണി, കേളാലൂരിലെ വി കെ സുരേഷ് ബാബു, ചാത്തുക്കുട്ടി എന്നിവരുടെ വീടുകളിലും മരംവീണ് നാശനഷ്ടം ഉണ്ടായി.  
കരിക്കോട്ടക്കരിയിൽ പരക്കെ നാശം
ഇരിട്ടി
കനത്തമഴയിലും  കാറ്റിലും കരിക്കോട്ടക്കരിയിൽ വ്യാപകനാശം.  തിങ്കൾ ഉച്ചയോടെ ആഞ്ഞടിച്ച കാറ്റിൽ  കരിക്കോട്ടക്കരി–- ഉരുപ്പംകുറ്റി റോഡിൽ  കൃഷിഭവന്‌ സമീപം  മരം പൊട്ടി വീണ്‌ ഗതാഗതം മുടങ്ങി. വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക്‌ മരംപൊട്ടി വീണ്‌ തെങ്ങും മാവും അടക്കം നിരവധി വൃക്ഷങ്ങൾ നശിച്ചു.  വീടിന്റെ മതിലും തകർന്നു. വീടിന്റെ തിണ്ണയിലുണ്ടായിരുന്ന കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
കരിക്കോട്ടക്കരി 18 ഏക്കർ റോഡിൽ  തേക്ക്  മരം പൊട്ടിവീണ് ഒറവാറന്തറ  ജിന്നിയുടെ വീട്ട് മുറ്റത്തേക്ക് വീണു. വീടിന്റെ മതിലിന് കേടുപറ്റി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വൈദ്യുതിതൂണും തകർന്നു. കാറ്റിൽ അയ്യൻകുന്നിലെ വിവിധ മേഖലകളിൽ നിരവധി വൈദ്യുതി തൂണുകൾ തകർന്നു.  വൈദ്യുതി വിതരണം താറുമാറായി. ആനപ്പന്തി–-കഞ്ഞിക്കണ്ടം റോഡിൽ തെങ്ങ് കടപുഴകി വീണതിൽ ആറ് എച്ച്‌ടി തൂണുകൾ തകർന്നു. മേഖലയിൽ 20 എൽടി തൂണുകളും തകർന്നു.  വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പാറിപ്പോയി . വൈദ്യുതി വിതരണം ചൊവ്വാഴ്‌ച പുനസ്ഥാപിക്കുമെന്ന്‌ കെഎസ്ഇബി  അസിറ്റന്റ്  എൻജിനിയർ പി ജി സനീഷ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top