03 July Friday

നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഇളവ്‌ പിൻവലിക്കും: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കണ്ണൂർ

കോവിഡ് 19 പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി പാലിക്കുന്നില്ലെങ്കിൽ അനുവദിച്ച ഇളവുകളിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് കലക്ടർ ടി വി സുഭാഷ് അറിയിച്ചു. മാസ്‌ക് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്‌. കുറ്റമറ്റ ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും പാലിക്കൽ, മാസ്‌ക് ധാരണം, സുരക്ഷിത അകലം പാലിക്കൽ, കൈ കഴുകൽ, പൊതുസ്ഥലത്ത് തുപ്പാതിരിക്കൽ തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്ന്‌ ഉത്തരവിൽ പറയുന്നു.
മാർക്കറ്റ്‌, ഷോപ്പിങ്‌ കോംപ്ലക്‌സ്‌, കച്ചവട സ്ഥാപനം, ബാർബർ ഷോപ്പ്‌, ബ്യൂട്ടി പാർലർ, വ്യവസായ സ്ഥാപനം, ഹോട്ടൽ, റസ്റ്റോറന്റ്, ഓഫീസ്‌, തൊഴിലിടം, കൃഷി സ്ഥലം, ആശുപത്രി,ആരാധനാലയം, ബസ് സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കളിസ്ഥലം ഉൾപ്പെടെയുള്ള  പൊതുഇടങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസർ, ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള ശുചീകരണ സംവിധാനങ്ങൾ സജ്ജമാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കച്ചവട സ്ഥാപനങ്ങൾ നിർദേശംലംഘിച്ചാൽ തദ്ദേശ സ്വയംഭരണ മേധാവികൾ ലൈസൻസ് റദ്ദാക്കണം. 
ക്വാറന്റൈനിൽ കഴിയുന്നവർഅധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വീടുകളിൽ 65 വയസ്സിനു മുകളിൽ പ്രായമായവരോ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളോ, അവശരോ, രോഗബാധിതരോ, ഗർഭിണികളോ ഉണ്ടെങ്കിൽ ഇവർ മറ്റൊരിടത്തേക്ക് മാറണം.  സൗഹൃദ സന്ദർശനങ്ങളും ബന്ധുവീടുകളിലുള്ള സന്ദർശനങ്ങളും അടിയന്തരഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം. തളിപ്പറമ്പ്, തലശേരി സബ്കലക്ടർമാർക്കാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ മേൽനോട്ട ചുമതല. പരിശോധനകൾക്കായി ഇൻസിഡന്റൽ കമാൻഡർമാരെയും ഇവരെ സഹായിക്കുന്നതിനായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top