29 May Friday

ജെംസ് സ്‌കൂൾ വിൽപന വിവാദത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
 
തൃക്കരിപ്പൂർ
ജെംസ് സ്‌കൂൾ സ്വകാര്യ കോളേജ്‌ ട്രസ്റ്റിന് വിൽപന നടത്തിയതിൽ വിവാദം. ജാമിഅ ഇസ്ലാമിയുടെ കീഴിൽ മണിയനൊടിയിൽ പ്രവർത്തിക്കുന്ന ജെംസ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് അടുത്ത അധ്യായന വർഷം മുതൽ അടച്ച് പൂട്ടുന്നതായി ചന്ദ്രിക പത്രത്തിൽ കുറിപ്പും പരസ്യവും ചെയ്തത്. ശനിയാഴ്‌ച പ്രവേശനം ആരംഭിച്ചതായി എസ് കെഎസ്എസ്എഫ്‌  പത്രകുറിപ്പും വന്നു. മണിയനൊടിയിൽ വഖഫ് ഭൂമിയിൽപ്പെട്ട മൂന്ന് ഏക്കറിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി നഷ്ടത്തിലായിരുന്ന വിദ്യാലയം മുന്നോട്ട് കൊണ്ട് പോകാനാവാത്തതിനാൽ അഞ്ച് വർഷം മുമ്പ് 50 ലക്ഷം രൂപക്ക് യുവജന സംഘടനക്ക് വിൽപന നടത്തി. 15 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. സ്കൂൾ കൈമാറിയതിന്റെ രേഖകൾ കൈമാറാൻ മാനേജ്മെന്റ്‌ കാലതാമസം വരുത്തിയതിനാൽ തുടർ നടപടിയായില്ല. 
ഇതിനിടയിലാണ് മുസ്ലിം ലീഗ് നേതാക്കളായ  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ, വി കെ ബാവ, സി ടി അബ്ദുൾ ഖാദർ, എം ടി അബ്ദുൾ ജബ്ബാർ എന്നിവരടങ്ങുന്ന സ്വകാര്യ കോളേജ് ട്രസ്റ്റിന് ആറ് കോടി രൂപക്ക് സ്കൂൾ വിൽക്കാൻ ധാരണയായത്. 50 ലക്ഷം രൂപ മുൻകൂറായി നൽകി. അഞ്ച് വർഷമായി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിന്‌ സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്തതിനാൽ കഴിഞ്ഞവർഷം സർവകലാശാല പ്രവേശനം തടഞ്ഞിരുന്നു. മനേജ്മെന്റ്‌ കോടതിയെ സമീപിച്ചു. ഒരു വർഷം സമയം അനുവദിക്കണമെന്ന കോടതി വിധിയിലാണ്  പ്രവേശനം തുടർന്നത്. ഇത്തവണ പ്രവേശനത്തിന്‌ സ്വന്തമായി കെട്ടിടം അനിവാര്യമാണ്‌. ഇതാണ്‌ സ്കൂൾ വിലക്കെടുക്കാൻ അണിയറ പ്രവർത്തനം ആരംഭിച്ചത്.  തീരുമാനത്തിനെതിരെ എസ് കെഎസ്എസ്എഫ് രംഗത്തെത്തിയതോടെ മാനേജ്മെന്റും യുവജന വിഭാഗവും രണ്ട് തട്ടിലായി. രണ്ട് വിഭാഗത്തെയും അനുനയിപ്പിക്കാൻ മാണിയൂർ അഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമത്തിലും ഒരുവിഭാഗം വിട്ടുനിന്നു. അടുത്ത അധ്യായന വർഷം പഠനം തടസമാകുമെന്നതായതോടെ രക്ഷിതാക്കൾ കോടതിയെ സമീപിക്കാരനൊരുങ്ങുകയാണ്.
പ്രധാന വാർത്തകൾ
 Top