18 June Tuesday

വിജയഭേരി മുഴക്കി രണ്ടാംഘട്ട പര്യടനത്തിലേക്ക്‌ പി ജയരാജൻ

സ്വന്തം ലേഖകൻUpdated: Saturday Mar 23, 2019
വടകര
തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ വടകരയിൽ എൽഡിഎഫ‌് രണ്ടാം റൗണ്ടിലേക്ക‌്. സ്ഥാനാർഥി പി ജയരാജന്റെ മണ്ഡല പര്യടനത്തിന‌്  ശനിയാഴ‌്ച പേരാമ്പ്രയിൽ  തുടക്കമാകും. ഈയാഴ‌്ച ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കും. ഞായറാഴ‌്ച കൊയിലാണ്ടിയിലാണ‌് പര്യടനം. തിങ്കൾ–- കുറ്റ്യാടി, ചൊവ്വ–-വടകര, ബുധൻ–- നാദാപുരം, വ്യാഴം–- തലശേരി, വെള്ളി– -കൂത്തുപറമ്പ‌് എന്നിങ്ങനെയാണ‌് മണ്ഡല പര്യടനം.  
ആദ്യഘട്ടം എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥി എത്തിയിരുന്നു. ഏഴ‌് നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ‌് കൺവൻഷനുകളിൽ നല്ല പങ്കാളിത്തമായിരുന്നു. തുടർന്ന‌് മേഖലാ, പഞ്ചായത്ത‌് കൺവൻഷനുകളും നടത്തി. 
കുടുംബസംഗമങ്ങൾ, ബൂത്ത‌് കൺവൻഷനുകൾ  എന്നിവ സജീവമായി നടന്നുവരുന്നു. എല്ലാ മേഖലകളിൽനിന്നും മികച്ച സ്വീകരണമാണ‌് സ്ഥാനാർഥി പി ജയരാജന‌് ലഭിച്ചത‌്. തെരഞ്ഞെടുപ്പ‌് കൺവൻഷനോടെ ഉണർന്ന എൽഡിഎഫ‌് ക്യാമ്പ‌് യുഡിഎഫ‌്, ബിജെപി സ്ഥാനാർഥികളുടെ വരവോടെ സജീവമായി. യുഡിഎഫ‌് ചേരി വിട്ട‌് ലോക‌് താന്ത്രിക‌് ജനതാദൾ(എൽജെഡി) ഇത്തവണ എൽഡിഎഫിലെത്തിയതും പ്രവർത്തനത്തിന‌് കരുത്തായി. 
സ്ഥാനാർഥിത്വത്തിന്റെ അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ‌് കഴിഞ്ഞ ദിവസംവരെ.  സ്ഥാനാർഥി കെ മുരളീധരൻ വ്യാഴാഴ‌്ചയാണ‌്  മണ്ഡലത്തിലെത്തിയത‌്. കൺവൻഷനും മറ്റു പരിപാടികളും മുസ്ലിംലീഗ‌് നിയന്ത്രണത്തിലായിരുന്നു. വെള്ളിയാഴ‌്ച  കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലായിരുന്നു സ്ഥാനാർഥി പര്യടനം. മണ്ഡലം പര്യടനത്തിലും കോൺഗ്രസ‌് നേതാക്കൾ കാഴ‌്ചക്കാരായിരുന്നു. ഇത‌് കോൺഗ്രസിൽ അസംതൃപ‌്തി  പരത്തി. 
ബിജെപി സ്ഥാനാർഥി വി കെ സജീവൻ കഴിഞ്ഞ തവണയും മത്സരിച്ചതാണ‌്. പ്രമുഖ നേതാക്കളെ ആവശ്യപ്പെട്ടത‌് നേതൃത്വം പരിഗണിച്ചില്ലെന്ന ആക്ഷേപം ബിജെപിയിലെ ഒരു വിഭാഗത്തിനുണ്ട‌്. എസ‌്ഡിപിഐയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top