02 March Tuesday

പദ്ധതികൾക്ക്‌ ദിശാബോധവുമായി
ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
വേറിട്ടതും നൂതനവുമായ പദ്ധതികൾക്ക്‌ ദിശാബോധം പകർന്ന്‌ ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ. വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌. സെമിനാർ ഉദ്‌ഘാടനം ചെയ്‌ത വ്യവസായമന്ത്രി ഇ പി ജയരാജൻ ഭാവി പദ്ധതികൾക്ക്‌ ആവശ്യമായ നിർദേശം സമർപ്പിച്ചു.  വികസന കമീഷണർ സ്‌നേഹിൽകുമാർ സിങ്‌  മുഖ്യതിഥിയായി. ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളുമായി സഹകരിച്ച്‌ 37 പദ്ധതികൾ നടപ്പിലാക്കുമെന്ന്‌  സെമിനാർ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ വ്യക്തമാക്കി. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്‌മരണയ്‌ക്ക്‌ ജന്മനാടായ പേരാവൂർ അന്താരാഷ്‌ട്ര നിലവാരമുള്ള വോളിബോൾ അക്കാദമി സ്ഥാപിക്കുമെന്നും ദിവ്യ പറഞ്ഞു. 
ഉൽപാദന മേഖലയെ ശക്തിപ്പെടുത്തി തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനാണ്‌ മുൻഗണനയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ ആസൂത്ര സമിതി വൈസ്‌ ചെയർമാൻ ടി ഗംഗാധരൻ പറഞ്ഞു. നയസമീപനം  അതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി വി ചന്ദ്രൻ വാർഷിക പദ്ധതി റിപ്പോർട്ടും വികസന സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ യു പി ശോഭ കരട്‌ പദ്ധതി രേഖയും അവതരിപ്പിച്ചു.  സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബിനോയ്‌ കുര്യൻ, തോമസ്‌ വെക്കത്താനം, ആസൂത്രണ സമിതി അംഗങ്ങളായ കെ വി ഗോവിന്ദൻ, ഡോ. പി വി മോഹനൻ, മലപ്പട്ടം പ്രഭാകരൻ  എന്നിവർ  സംസാരിച്ചു.  ജില്ലാ പഞ്ചായത്ത്‌ അംഗം ഇ വിജയൻ സ്വാഗതം പറഞ്ഞു.
ഗ്രാമീ-ണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 40 കോടി 
കണ്ണൂർ
ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 40 കോടി രൂപ നീക്കിവയ്‌ക്കാൻ  ജില്ലാ പഞ്ചായത്ത്‌ കരട്‌ പദ്ധതി നിർദേശം. തരിശുഭൂമി കൃഷിയോഗ്യമാക്കാൻ 40 ലക്ഷം രൂപയും കരനെൽകൃഷിക്ക് പത്തുലക്ഷം രൂപയും കാർഷിക സ്വയം പര്യാപ്തഗ്രാമങ്ങൾ സൃഷ്ടിക്കാൻ 40 ലക്ഷം രൂപയും മാറ്റിവച്ചു. ഫലവൃക്ഷത്തൈ വിതരണത്തിന് പത്തുലക്ഷവും അനുവദിക്കും.  ട്രാൻസ് ജെൻഡറുകൾക്ക് കൂട്ടുകൃഷി സംരംഭങ്ങൾ തുടങ്ങാൻ പത്തുലക്ഷവും അതിഥി തൊഴിലാളികളുടെ കലാമേളയ്ക്ക് രണ്ടു ലക്ഷവും ലിംഗസമത്വം ഉറപ്പാക്കാൻ സ്ത്രീപദവി പഠനത്തിന് രണ്ടുലക്ഷവും നീക്കിവച്ചു. 
കരട്‌  രേഖയിൽ ധനകാര്യ കമീഷൻ ഗ്രാന്റ് ഒഴികെയുള്ള ആകെ വരുമാനം 100,128,8000 രൂപയാണ്. ഇതിൽ 24 കോടിയോളം ഉൽപ്പാദനം പാർപ്പിടം വയോജന ക്ഷേമം തുടങ്ങി നിർബന്ധിത മേഖലയ്ക്ക് മാറ്റിവയ്‌ക്കും.  76 കോടിയാണ് അവശേഷിക്കുന്ന പദ്ധതികൾക്കുള്ളത്.  റോഡുകളിൽ മിറർ,  സൈൻ ബോർഡുകൾ, ബാരിക്കേഡുകൾ സ്ഥാപിക്കാൻ പത്തുലക്ഷവും ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 30 ലക്ഷവും നീക്കിവച്ചു. 
ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളിൽ  ജിഐഎസ്‌ മാപ്പിങ്ങിന്‌ 20 ലക്ഷം അനുവദിച്ചു. തരിശുഭൂമിയിൽ തീറ്റപ്പുൽ കൃഷി-ക്ക്‌ –- 20 ലക്ഷം, കിടാരി പാർക്ക്- 15ലക്ഷം, വീട്ടുവളപ്പിൽ മൽസ്യകൃഷി –- 25 ലക്ഷം, ലൈവ് ഫിഷ് മാർക്കറ്റ്–--10 ലക്ഷം, കാളക്കുട്ടി വളർത്തൽ-–-10 ലക്ഷം,പുഴ, തണ്ണീർത്തട സംരക്ഷണം-–-10 ലക്ഷം, അഞ്ചരക്കണ്ടി പുഴ പഠനം -–-അഞ്ചുലക്ഷം, ചെത്തിക്കൊടുവേലി, അലങ്കാര പുഷ്പം, ഊദ് മരം നേഴ്‌സറി സ്ഥാപിക്കൽ–--10 ലക്ഷം, കണ്ണൂരിൽ ആഴ്ചച്ചന്ത–- -മൂന്ന്‌ ലക്ഷം, സ്‌കിൽപാർക്ക്–--10 ലക്ഷം, സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജേഴ്‌സി -രണ്ടുലക്ഷം, വിദ്യാർഥികൾക്ക്‌ കായിക പരിശീലനം–--10 ലക്ഷം, വൃക്ക മാറ്റിവയ്‌യക്കൽ ശസ്ത്രക്രിയയ്ക്ക്‌ വിധേയരായവർക്ക് സഹായം-–-80 ലക്ഷം, കാഴ്ചയില്ലാത്തവർക്ക് സ്മാർട്ട് ഫോൺ വിതരണം–--10ലക്ഷം, ട്രാൻസ് ജെന്റർ ഗ്രൂപ്പ് ഫാമിങ്‌–- 10 ലക്ഷം, പട്ടികജാതി സഹകരണ സംഘങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ –-മുപ്പതുലക്ഷം, പട്ടികവർഗത്തിൽപെട്ട ക്ഷയരോഗികളായവർക്ക് പോഷകാഹാര കിറ്റിന് 18 ലക്ഷം, ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ 8,9 ക്ലാസിലെ വിദ്യാർഥികൾക്ക് സൈക്കിൾ നൽകാൻ ആറുലക്ഷം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top