02 March Tuesday

കർഷകത്തൊഴിലാളി രാപകൽ സമരം തുടങ്ങി

സ്വന്തം ലേഖികUpdated: Tuesday Feb 23, 2021

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക്‌ ഐക്യദാർഢ്യവുമായി കർഷകത്തൊഴിലാളി യൂണിയന്റെ രാപകൽ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം
 പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ 
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം അണിചേർന്ന്‌ കർഷകത്തൊഴിലാളികളും. കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ രാപ്പകൽ സമരം കണ്ണൂർ സ്റ്റേഡിയം പരിസരത്തെ നെഹ്‌റു പ്രതിമയ്‌ക്ക്‌ സമീപം ‌ തുടങ്ങി. കർഷകനെയും കാർഷികമേഖലയെയും കോർപ്പറേറ്റു‌വൽക്കരിക്കാൻ അനുവദിക്കില്ലെന്ന് ‌ഉറക്കെ പ്രഖ്യാപിച്ച്‌ ‌ നൂറുകണക്കിന്‌ പേരാണ്‌ സമരത്തിൽ പങ്കാളികളായത്‌. 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി സമരം ഉദ്‌ഘാടനംചെയ്‌തു. കർഷകരുടെ സമരം അവഗണിക്കുന്ന കേന്ദ്രം രാജ്യത്തെ ജനതയെയാണ്‌ അവഗണിക്കുന്നതെന്ന്‌ അവർ പറഞ്ഞു. മൂന്നുമാസത്തോളം കർഷകർക്ക്‌ കൃഷി ചെയ്യേണ്ടി വരുന്നുവെന്നാൽ രാജ്യത്തെ ഭക്ഷ്യവിള ഉൽപാദനം ഇത്രയും കാലം തടസ്സപ്പെട്ടുവെന്നാണ്‌ അർഥം. സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന കേന്ദ്രം കോർപ്പറേറ്റുകളുടെ താൽപര്യം മാത്രമാണ്‌ സംരക്ഷിക്കുന്നത്‌. ജനാധിപത്യരാജ്യത്ത്‌ നടക്കുന്ന സമരത്തെ നീതിപൂർവം സമീപിക്കാൻകൂടി സർക്കാർ തയ്യാറാവുന്നില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. 
കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എൻ ചന്ദ്രൻ അധ്യക്ഷനായി. എം കുഞ്ഞമ്പു, മേരി ചാക്കോ, കെ  ലീല, അരക്കൻ ബാലൻ, കാടൻ ബാലകൃഷ്‌ണൻ, കെ ജയരാജൻ, ബോബി ജോസഫ്  എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ പ്രവർത്തകർ പ്രകടനമായെത്തി സമരത്തെ അഭിവാദ്യംചെയ്‌തു. ജില്ലാ സെക്രട്ടറി എ രതീശൻ സംസാരിച്ചു. കെഎസ്‌ടിഎ പ്രവർത്തകർ സമരത്തെ അഭിവാദ്യംചെയ്‌തു. ജില്ലാ ജോ.‌ സെക്രട്ടറി സി സത്യപാലൻ സ്വാഗതം പറഞ്ഞു. തലശേരി നാട്ടുകൂട്ടം അവതരിപ്പിച്ച ‘നാട്ടറിവുപാട്ടുകൾ’ അരങ്ങേറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top