25 May Saturday
മലബാർ ഇൻക്യുബേഷൻ സെന്റർ തുറന്നു

പുതുതലമുറക്ക്‌ അനുയോജ്യമാംവിധം ഐടി രംഗം മാറ്റും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

മാങ്ങാട്ടുപറമ്പ‌് കേരള ക്ലേയ‌്സ‌് ആൻഡ‌് സിറാമിക‌്സിൽ ആരംഭിച്ച മലബാർ ഇൻക്യുബേഷൻ സെന്റർ ഉദ‌്ഘാടനംചെയ‌്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക‌്.

കണ്ണൂർ

മാറിവരുന്ന തലമുറയ‌്ക്ക‌് അനുയോജ്യമായ വിധത്തിൽ കേരളത്തിലെ ഐടി രംഗത്തെ മാറ്റിയെടുക്കുകയാണ‌് സർക്കാർ ലക്ഷ്യമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവരസാങ്കേതിക വിദ്യയിൽ ലോകത്തെ ഏതുതരത്തിലുള്ള പുതിയ അറിവും നൈപുണ്യവും ഇവിടെ എത്തിക്കും. പരമ്പരാഗതവും ആധുനികവും ചേർത്തുകൊണ്ടുളള സമതുലിതമായ വളർച്ചയാണ‌് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ‌് കേരള ക്ലേയ‌്സ‌് ആൻഡ‌് സിറാമിക‌്സിൽ കേരള സ‌്റ്റാർട്ടപ‌് മിഷനുമായി സഹകരിച്ച‌് ആരംഭിച്ച മലബാർ ഇൻക്യുബേഷൻ സെന്റർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
   സ‌്റ്റാർട്ടപ്പുകൾക്ക‌് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതിൽ മുൻപന്തിയിലാണിപ്പോൾ കേരളം. ആയിരം ദിവസങ്ങൾക്കുമുമ്പ‌് സംസ്ഥാനത്ത‌് ഇതായിരുന്നില്ല സ്ഥിതി. ഏഴ‌് നിയമങ്ങളും പത്തിലേറെ ചട്ടങ്ങളും ദേദഗതി ചെയ‌്താണ‌് നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക‌് കേരളം മാറിയിട്ടുള്ളത‌്. ഇതിന്റെ ഫലമായുള്ള മാറ്റങ്ങളും ദൃശ്യമാണ‌്. ലോകോത്തര നിലവാരത്തിലുള്ള വൻകിട കമ്പനികളാണ‌് കേരളത്തിലേക്ക‌് വരുന്നത‌്. 1600 ഓളം സ‌്റ്റാർട്ടപ്പുകളാണ‌് കേര‌ളത്തിൽ പ്രവർത്തിക്കുന്നത‌്. സ‌്റ്റാർട്ടപ്പുകളുടെ റാങ്കിങ്ങിൽ രാജ്യത്ത‌് ടോപ‌് പെർഫോമറാണ‌് കേരളം. നല്ല പുരോഗതിയാണിത‌്. സംരംഭങ്ങൾക്ക‌് ആദ്യകാലത്ത‌് കൈത്താങ്ങ‌് നൽകുന്നതിനാണ‌് ഇൻക്യുബേഷൻ സെന്ററുകൾ. മലബാർ സ‌്റ്റാർട്ടപ്പ‌് ഇൻക്യുബേഷൻ സെന്റർ കണ്ണൂർ സർവകലാശാലയ‌്ക്കും എൻജിനിയറിങ‌് കോളേജിനും സമീപത്തായാണ‌് പ്രവർത്തിക്കുന്നത‌്. അതുകൊണ്ടുെതന്നെ ഇവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും സംരംഭകരുമായും വ്യവസായ സാങ്കേതിക മേഖലയിലെ പ്രമുഖരുമായും നല്ലനിലയിൽ ആശയവിനിമയം നടത്താനാകും. മുമ്പെങ്ങുമില്ലാത്ത പുരോഗതിയാണ‌് വിവരസാങ്കേതിക മേഖലയിൽ കേരളം കൈവരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
    വ്യവസായ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. എംപിമാരായ പി കരുണാകരൻ, കെ കെ രാഗേഷ‌്, ടി വി രാജേഷ‌് എംഎൽഎ, കണ്ണൂർ സർവകലാശാല വൈസ‌് ചാൻസലർ പ്രൊഫ. ഗോപിനാഥ‌് രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, കല്യാശേരി പഞ്ചായത്ത‌് പ്രസിഡന്റ‌് ഇ പി ഓമന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത,  കേരള സ്റ്റാർട്ടപ്പ്  മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്,  മലബാർ ഇന്നൊവേഷൻ എൻട്രപ്രണർഷിപ്പ് സോൺ ചെയർമാൻ ഷിലെൻ സുഗുണൻ, എംഡി കെ സുഭാഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ടി കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. 
സാങ്കേതികവിദ്യയുടെ സഹായത്തോടെ മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും യുവസംരംഭകരുടെ സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് അവസരമൊരുക്കുകയുമാണ് സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. നഷ്ടത്തിലായ ക്ലെയ്സ് ആൻഡ‌് സെറാമിക്സ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററിന് തുടക്കം കുറിക്കുന്നത്. കെട്ടിടം നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് കേരള സ്റ്റാർട്ട് അപ്പ് മിഷൻ അനുവദിച്ചത്.  23000 ചതുരശ്ര അടിയിലാണ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തിക്കുന്നത്. മലബാർ ഇന്നൊവേഷൻ എൻട്രപ്രണർഷിപ്പ് സോണിനാണ് (മൈ സോൺ) സെന്ററിന്റെ നടത്തിപ്പ് ചുമതല. 
305 സീറ്റുകളുള്ള ഇൻക്യുബേഷൻ സെന്ററിന്റെ 60 ശതമാനം സീറ്റുകളും ഇതിനോടകം ബുക്കുചെയ‌്തു. കണ്ണൂർ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള സംരംഭങ്ങളാണ് ഇതിൽ കൂടുതലും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top