13 November Wednesday
അടിമുടി മാറും സിറ്റി റോഡുകൾ

നഗര യാത്ര സ്‌മാർട്‌

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019
കണ്ണൂർ
സിറ്റി റോഡ്‌ വികസന പദ്ധതിയുടെ ഭാഗമായുള്ള നാല്‌ റോഡുകളുടെ സ്ഥലമേറ്റെടുപ്പ്‌ നടപടികൾ പുരോഗമിക്കുന്നു. സാമൂഹ്യാഘാത പഠന റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനുള്ള അന്തിമ ഹിയറിങ് നവംബർ അഞ്ചിന്‌ കലക്ടറേറ്റിൽ നടക്കും. റിപ്പോർട്ട്‌ സമർപ്പിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യഘട്ടമായ 11എ വിജ്ഞാപനം പുറപ്പെടുവിക്കാനാകും. സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 
740 കോടിയുടെ പദ്ധതിയിൽ 12 റോഡാണ്‌ വികസിപ്പിക്കുക. ഇതിൽ എട്ട‌് റോഡുകൾക്കാണ്‌ സ്ഥലമേറ്റെടുക്കേണ്ടത്‌. ദേശീയപാതയിൽ വളപട്ടണം മന്ന ജങ‌്ഷൻ മുതൽ ചാല ജങ‌്ഷൻ വരെ 12.745 കിലോമീറ്ററാണ‌് വികസിപ്പിക്കുക. ദേശീയപാതയിൽ 24 മീറ്റർ വീതിയും പദ്ധതിയിലുൾപ്പെടുത്തിയ മറ്റ‌് റോഡ‌ുകൾക്ക്‌ 14 മീറ്റർ വീതിയുമുണ്ടാകും. സ്ഥലം ഏറ്റെടുക്കുന്നതിന‌് മാത്രം 337 കോടി രൂപയാണ്‌ അനുവദിച്ചത്‌. കേരള റോഡ‌് ഫണ്ട‌് ബോർഡാണ‌് പദ്ധതിക്ക‌് തുകയനുവദിക്കുന്നത‌്. 
ദേശീയപാതയിൽ വളപട്ടണം മന്ന ജങ‌്ഷൻ മുതൽ ചാല ജങ‌്ഷൻ വരെ മീഡിയനോടുകൂടിയ നാലുവരിയാക്കുന്നതിനാണ്‌ പദ്ധതി. ചാലാട‌് –- കുഞ്ഞിപ്പള്ളി റോഡ‌് (4.7 കി.മീ), പൊടിക്കുണ്ട‌് –-കൊറ്റാളി റോഡ‌് (1.44കി.മി), മിനി ബൈപാസ‌് റോഡ‌് (കൊറ്റാളി ജങ‌്ഷൻ–- കണ്ണോത്തുംചാൽ ജങ്‌ഷൻ (7.04കി.മി), കക്കാട‌് –- മുണ്ടയാട‌് റോഡ‌് (2.81 കി.മി), പ്ലാസ‌ ജങ‌്ഷൻ–- ജെടിഎസ‌് റോഡ‌് (6.45 കി.മി), തയ്യിൽ –- തെഴുക്കിലെ പീടിക റോഡ‌് (2.18കി.മി), കുഞ്ഞിപ്പള്ളി–- പുല്ലൂപ്പി ജങ‌്ഷൻ (1.65 കി.മി) എന്നിവയാണ‌് സ്ഥലമേറ്റെടുത്ത‌് നവീകരിക്കുന്നവ. ഇതിൽ പൊടിക്കുണ്ട്‌–- കൊറ്റാളി, തയ്യിൽ–- തെഴുക്കിലെ പീടിക, കുഞ്ഞിപ്പള്ളി–- പുല്ലൂപ്പി, മന്ന ജങ്‌ഷൻ–- ചാല ജങ്‌ഷൻ  റോഡുകളുടെ സാമൂഹ്യാഘാതപഠനമാണ്‌ പൂർത്തിയാകുന്നത്‌. ഇവ പുഴാതി, കണ്ണൂർ, ചിറക്കൽ, വളപട്ടണം, പള്ളിക്കുന്ന്‌, ചൊവ്വ, മുണ്ടയാട്‌, ചാലാട്‌ എന്നീ വില്ലേജുകളിലായാണ്‌. 
രണ്ടുവരിയായി വികസിപ്പിക്കുന്ന റോഡുകളിൽ ബസ‌് കാത്തിരിപ്പ‌് കേന്ദ്രങ്ങളിൽ 22 മീറ്റർ വരെ വീതിയുണ്ടാകും. ഓടകളും നടപ്പാതകളും നവീകരിക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. 
പട്ടാളം റോഡ് –-  പൊലീസ് ക്ലബ് ജങ‌്ഷൻ (0.99 ),  ജയിൽ റോഡ് (എസ‌്പിസിഎ ജങ‌്ഷൻ–- എ കെ ജി ഹോസ്പിറ്റൽ ജങ‌്ഷൻ –- 0.96 ),  റിങ്ങ് റോഡ് (മുനീശ്വരൻ കോവിൽ ജങ‌്ഷൻ–- ഓഫീസേഴ്‌സ് ക്ലബ് ജങ‌്ഷൻ–- പൊലീസ് ക്ലബ് ജങ‌്ഷൻ–- ആശിർവാദ് ജങ‌്ഷൻ–- പ്ലാസ ജങ‌്ഷൻ–-  മുനീശ്വരൻ കോവിൽ ജങ‌്ഷൻ –-3.10 ) എന്നിവയാണ‌് സ്ഥലമേറ്റെടുക്കാതെ നവീകരിക്കുന്ന റോഡുകൾ. 
തയ്യിൽ തെഴുക്കിലെ പീടിക റോഡിലും ചാലാട‌് കുഞ്ഞിപ്പള്ളി റോഡിലും റോഡ‌് ഓവർ ബ്രിഡ‌്ജുകൾ നിർമിക്കുന്നതിനും അനുമതിയായിട്ടുണ്ട‌്. ഇവിടങ്ങളിൽ 19 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കും.
പ്രധാന വാർത്തകൾ
 Top