20 November Wednesday
തളിപ്പറമ്പിൽ കണക്‌ഷൻ മേള 24ന്‌

അപേക്ഷിച്ചവർക്കെല്ലാം കുടിവെള്ളം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തളിപ്പറമ്പ്

അപേക്ഷിക്കുന്നവർക്കെല്ലാം ഉടൻ കുടിവെള്ള കണക്‌ഷൻ എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യമണ്ഡലമെന്ന പദവിയിലേക്ക് തളിപ്പറമ്പ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പൈപ്പ് ലൈൻ വിപുലീകരണം പൂർത്തിയായതോടെയാണിത്. പുതിയ അപേക്ഷകർക്ക് കുടിവെള്ളം നൽകുന്നതിനുള്ള കണക്‌ഷൻ മേള 24ന് തളിപ്പറമ്പിൽ നടക്കും.  രാവിലെ 10ന് ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്യും. 
 വിതരണശൃംഖലയുടെ അപര്യാപ്തതമൂലം കുടിവെള്ള കണക്‌ഷൻ  നൽകുന്നത് ഏറെക്കാലമായി വാട്ടർ അതോറിറ്റി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ്  രണ്ടാംഘട്ട പൈപ്പ് ലൈൻ വിപുലീകരണത്തിന് തുടക്കമിട്ടത്.  ഇതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽമാത്രം 44 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ പൈപ്പ്‌ലൈൻ വലിച്ചു. ആനുപാതികമായി ആന്തൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പൂർത്തിയായി വരികയാണ്. 
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിപുലീകരണവും പൈപ്പ് ലൈൻ നവീകരണവും ഉൾപ്പെടെയുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാൻ ജയിംസ്‌ മാത്യു എംഎൽഎ വിളിച്ചുചേർത്ത ഉന്നത ഉദ്യോസ്ഥരുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർമാരായ  സുരജ നായർ,  രമേശൻ കൊയിലോടൻ,  അസി. എക്‌സിക്യുട്ടീവ് എൻജിനിയർമാരായ ടി വി നൗഫൽ, കെ എൽ സാബു,  സി വി രജിത്ത്, ഇ ശരത്ത് എന്നിവർ പങ്കെടുത്തു.
പുതിയ കണക്‌ഷന് 24ന് രാവിലെ 10മുതൽ ഒന്നുവരെ അപേക്ഷ നൽകാം. കണക്‌ഷൻ ആവശ്യമായവർ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവയുമായി അപേക്ഷ നൽകണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top