07 December Wednesday
ജില്ലാ ആശുപത്രി

അനസ്‌തേഷ്യ വർക് സ്‌റ്റേഷൻ തകരാറിൽ: ശസ്‌ത്രക്രിയ മുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
കണ്ണൂർ
അനസ്‌തേഷ്യ വർക് സ്‌റ്റേഷൻ തകരാറിലായതിനാൽ  ജില്ലാ ആശുപത്രിയിൽ ഒരു വിഭാഗം ശസ്‌ത്രക്രിയ മുടങ്ങുന്നു. പൂർണമായും മയക്കിയുള്ള ശസ്‌ത്രക്രിയയ്‌ക്കുള്ള ജനറൽ അനസ്‌തേഷ്യ സംവിധാനമാണ്‌ തകരാറിലായത്‌. നാല്‌ മാസത്തിലേറെയായി  തകരാറിലായ മെഷീൻ ശരിയാക്കാൻ ആശുപത്രി അധികൃതർ പലവതവണ ശ്രമിച്ചെങ്കിലും നടന്നില്ല. മെഷീൻ സംവിധാനമില്ലാത്തതിന്റെ പേരിൽ നിരവധി രോഗികളുടെ ശസ്‌ത്രക്രിയയാണ്‌ ദിനവും മുടങ്ങുന്നത്‌. 
  പിത്താശയത്തിലെ കല്ലുനീക്കം ചെയ്യൽപോലുള്ള ശസ്‌ത്രക്രിയയ്‌ക്കാണ്‌ ജനറൽ അനസ്‌തേഷ്യ നൽകുന്നത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാകുന്ന വ്യക്തിയുടെ  നാഡിമിടിപ്പ്‌, ഹൃദയസ്‌പന്ദനം,  ഓക്‌സിജൻ നില, രക്തസമ്മർദം തുടങ്ങിയവയുടെ കണക്ക്‌ രേഖപ്പെടുത്തുന്നത്‌ അനസ്‌തേഷ്യ വർക്ക്‌ സ്‌റ്റേഷനിലാണ്‌. 
 ഇതിനു മുമ്പും തകരാറിലായ മെഷീൻ പലതവണ നന്നാക്കി ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്‌. കുറച്ച്‌ ദിവസം പ്രവർത്തിച്ചാൽ വീണ്ടും മെഷീൻ തകരാറിലാവും. ശസ്‌ത്രക്രിയയ്‌ക്കിടെ അപ്രതീക്ഷിതമായി മെഷീൻ പണിമുടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ്‌ ശസ്‌ത്രക്രിയ നിർത്തിവച്ചത്‌.    
  കാലപ്പഴക്കമാണ്‌  മെഷീനിന്റെ നന്നാക്കുന്നതിലുള്ള പ്രധാന പ്രശ്‌നമെന്ന്‌ ആശുപത്രി അധികൃതർ പറയുന്നു.  12 വർഷം പഴക്കമുള്ള മെഷീനിന്റെ കേടായ ഭാഗങ്ങൾ കിട്ടാൻ പ്രയാസമാണ്‌. 
പഴയ മെഷീൻ നന്നാക്കാൻ വൻതുകയും ചെലവാകും. 36 ലക്ഷം രൂപയാണ്‌ പുതിയ മെഷീനിന്റെ വില. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക്‌ പുതിയ മെഷീൻ അനുവദിച്ചിട്ടുണ്ട്‌.  നിലവിലുള്ള സംവിധാനം ഉടൻ  ശരിയാക്കണമെന്നാണ്‌ രോഗികളുടെ  ആവശ്യം.  രണ്ട്‌ മൂന്നാഴ്‌ചയ്ക്കകം സൂപ്പർ സ്‌പെഷ്യാലിറ്റി  ബ്ലോക്കിലേക്ക്‌ മാറുന്നതോടെ നിലവിലെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top