24 October Sunday

ആക്രിയും അച്ചാറുമാണ്‌ 
ടാബുകളായത്‌; ഇത്‌ എസ്‌എഫ്‌ഐയുടെ കരുത്ത്‌

രാഗേഷ്‌ കായലൂർUpdated: Wednesday Sep 22, 2021

എസ്‌എഫ്‌ഐ നൽകിയ സ്‌മാർട്ട്‌ ഫോണുകൾ മന്ത്രി എം വി ഗോവിന്ദൻ ഏറ്റുവാങ്ങുന്നു

കണ്ണൂർ> കോവിഡിൽ  വീടുകളുടെ വാതിലുകൾ അടഞ്ഞുകിടന്നപ്പോൾ  എല്ലാ വീടുകളിലും ഫസ്‌റ്റ്‌ ബെൽ മുഴങ്ങിയത്‌ ‘പഠിക്കുക, പോരാടുക’യെന്ന സന്ദേശം നാടിന്‌ പകർന്ന പ്രസ്ഥാനത്തിന്റെ കരുത്തിലാണ്‌. 

ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്തതിൽ മനംനൊന്ത്‌ മലപ്പുറത്ത്‌  വിദ്യാർഥി ജീവനൊടുക്കിയ വാർത്തയുടെ പൊള്ളലിൽനിന്നാണ്‌  വിദ്യാർഥി സമൂഹം ഉണർന്നത്‌.   സംസ്ഥാനത്ത്‌  ആദ്യമായി   ടി വി ചാലഞ്ച്‌ തുടങ്ങാൻ എസ്‌എഫ്‌ഐ  കണ്ണൂർ ജില്ലാ കമ്മിറ്റിയെ പ്രേരിപ്പിച്ചത്‌ മലപ്പുറം സംഭവമാണ്‌.   ടിവി ചാലഞ്ചിൽ ഒതുങ്ങുന്നതല്ല  എസ്‌എഫ്‌ഐയുടെ  കോവിഡ്‌  അതിജീവന പ്രവർത്തനങ്ങൾ.  മഹാമാരിയിൽ പഠനസൗകര്യമൊരുക്കാനും പരീക്ഷ എഴുതിക്കാനും ഒപ്പംനിന്നു. കോവിഡ്‌ അടച്ചിടൽ കാലത്ത്‌ ഓൺലൈൻ പഠന സൗകര്യം ഒരുക്കിയും സമാന്തര ക്ലാസ്  നടത്തിയും  പരീക്ഷാവണ്ടികൾ ഓടിച്ചും  ക്യാമ്പസുകൾ ശുചീകരിച്ചും സമാനതകളില്ലാത്ത പ്രവർത്തനം. 

എല്ലാ വീട്ടിലും 
ഫസ്റ്റ് ബെൽ മുഴങ്ങി

പഠനം ഓൺലൈനായതോടെ എസ്എഫ്ഐ വിദ്യാഭ്യാസരംഗത്ത്‌ നടത്തിയ ഇടപെടൽ  ശ്രദ്ധേയമാണ്. "എല്ലാ വീട്ടിലും ഫസ്റ്റ് ബെൽ മുഴങ്ങും, എസ്എഫ്ഐ കൂടെയുണ്ട്’    മുദ്രാവാക്യമുയർത്തി മുൻകാല എസ്എഫ്ഐ പ്രവർത്തകർ,  കലാ  സാംസ്കാരിക രംഗത്തെ  പ്രമുഖർ എന്നിവരിൽ നിന്ന്‌ ടെലിവിഷൻ സംഭാവനയായി കണ്ടെത്തി.  ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ 10,67  ടിവിയാണ്‌ അർഹരെ കണ്ടെത്തി നൽകിയത്‌.  കോറോം,  പെരിങ്ങത്തൂർ എന്നിവിടങ്ങളിലെ രണ്ട് വീടുകൾ വൈദ്യുതീകരിക്കാനും മുന്നിട്ടിറങ്ങി. 

ചലഞ്ചിൽ  സ്‌മാർട്ട്‌ ഫോണുകൾ

‘സ്റ്റഡി സ്മാർട്ട് വിത്ത് എസ്എഫ്ഐ’  ക്യാമ്പയിനിൽ സ്മാർട്ട്ഫോണും  ടാബും  സമാഹരിച്ചു. അതിനായി ചിലയിടത്ത്‌ അച്ചാറും ബിരിയാണിയും പായസവും ഷവർമയും ഉണ്ടാക്കി വിറ്റു.  ഓൺലൈൻ ലേലം നടത്തി. പഴയ പത്രവും ആക്രിയും ശേഖരിച്ച്‌ വിറ്റും  വാഹനങ്ങൾ കഴുകിയും  പെയിന്റ്‌ ചെയ്‌തും അതിജീവനത്തിന്റെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങൾ കണ്ടെത്തി. ഏരിയാ കമ്മിറ്റികൾ നടത്തിയ   ചലഞ്ചിലൂടെ  915 നിർധന വിദ്യാർഥികളുടെ കൈകളിൽ  സ്മാർട്ട്ഫോൺ എത്തി.
കണ്ണൂർ സർവകലാശാല  പരീക്ഷയ്‌ക്ക്‌ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ   ടെലി ക്ലാസ് റൂം  ഏറെ പ്രയോജനകരമായി. പ്രഗത്ഭ  അധ്യാപകർ ടെലിഗ്രാം ആപ്ലിക്കേഷനിലൂടെ നടത്തിയ ക്ലാസിൽ മൂവായിരം  വിദ്യാർഥികളാണ്‌  പങ്കെടുത്തത്‌. 

പരീക്ഷാവണ്ടി 

പൊതുഗതാഗതം  പ്രതിസന്ധിയിലായ ഘട്ടത്തിൽ  സർവകലാശാല, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളെഴുതാൻ പരീക്ഷാവണ്ടിയുമായാണ്‌ എസ്‌എഫ്‌ഐ ഒപ്പംനിന്നത്‌.   പരീക്ഷാകേന്ദ്രത്തിലെത്താൻ പ്രയാസമുള്ളവരെ  പരീക്ഷാവണ്ടിയിൽ കേന്ദ്രങ്ങളിലെത്തിച്ചു. കോവിഡ് ബാധിതരായ  വിദ്യാർഥികളെ പ്രത്യേക വാഹനത്തിൽ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ച ധീരതയെ നാട്‌ വാഴ്‌ത്തി. 
 
ശുചീകരിക്കാൻ 
സ്റ്റുഡന്റ്‌ ബറ്റാലിയൻ 
 കോളേജുകളും -സ്കൂളുകളും ശുചീകരിക്കാൻ  സ്റ്റുഡന്റ്‌ ബറ്റാലിയൻ രൂപീകരിച്ചാണ്‌ വിദ്യാർഥി പ്രവർത്തകർ രംഗത്തിറങ്ങിയത്‌. ക്ലാസ്‌മുറികൾ കഴുകി വൃത്തിയാക്കിയും  അണുനശീകരിച്ചും സുരക്ഷ ഒരുക്കി.  പരിശീലനം നേടിയ സ്റ്റുഡന്റ്‌ ബറ്റാലിയൻ  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങിയിരുന്നു.   ഹാൻഡ് വാഷ് കോർണറുകൾ സ്ഥാപിച്ചും  സാനിറ്റൈസറും  മാസ്‌കും നൽകിയും കോവിഡ്‌ പ്രതിരോധ ബോധവൽക്കരണം ജില്ലയിലുടനീളം  സംഘടിപ്പിച്ചിരുന്നുവെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top