16 October Saturday
ദേശീയപാത വികസനം

പ്രാരംഭ പ്രവൃത്തി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തലശേരി

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവൃത്തി തുടങ്ങി. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടം പൊളിക്കലും മരംമുറിയും പുരോഗമിക്കുന്നു. സ്ഥലമെടുപ്പ്‌ നടപടിയും അവസാന ഘട്ടത്തിലേക്ക്‌ കടന്നു. കരാറെടുത്ത കമ്പനികൾ മേഖലാതല ഓഫീസും തുറന്നിട്ടുണ്ട്‌.  
  ദേശീയപാത വികസനത്തിനാവശ്യമായ സ്ഥലത്തിന്റെ 95 ശതമാനവും ഏറ്റെടുത്തു. രണ്ട്‌ ഹെക്‌ടറിൽ താഴെ സ്ഥലമേ ബാക്കിയുള്ളൂ. രേഖയില്ലാത്തതും അവകാശത്തർക്കമുള്ളതുമായ സ്ഥലം നോട്ടീസ്‌ നൽകിയാണ്‌ ഏറ്റെടുത്തത്‌. രേഖ ഹാജരാക്കിയാലുടൻ അവകാശികൾക്ക്‌ തുക അനുവദിക്കും. തർക്കമുള്ള സ്ഥലത്തിന്റെ തുക കോടതിയിൽ കെട്ടിവച്ച്‌ തുടർനടപടി സ്വീകരിക്കും. 
റോഡിന്റെ അലൈൻമെന്റ്‌ നിർമാണ കമ്പനി പരിശോധിച്ചുവരികയാണ്‌. കണ്ണൂർ റീച്ചിന്റെ പ്രവൃത്തി വളപട്ടണത്തുനിന്ന്‌ തുടങ്ങാനാണ്‌ ആലോചന. ആദ്യറീച്ചായ തളിപ്പറമ്പിൽ ജില്ലാ അതിർത്തിയായ കാലിക്കടവ്‌ മുതൽ മാങ്ങാടുവരെ 117.6775 ഹെക്ടറും കണ്ണൂർ റീച്ചിൽ മാങ്ങാട്‌ മുതൽ മുഴപ്പിലങ്ങാട്‌ വരെ 82.797 ഹെക്ടർ സ്ഥലവുമാണ്‌ ഏറ്റെടുക്കുന്നത്‌. 
തളിപ്പറമ്പ്‌–-നീലേശ്വരം റീച്ചിൽ ഹൈദരാബാദ്‌ ആസ്ഥാനമായ മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും തളിപ്പറമ്പ്‌–-മുഴപ്പിലങ്ങാട്‌ റീച്ചിൽ വിശ്വസമുദ്ര എൻജിനിയറിങ്ങുമാണ്‌ കരാറെടുത്തത്‌. ദേശീയപാത വികസനത്തിനൊപ്പം നാല്‌ പുതിയ പാലങ്ങൾകൂടി നിർമിക്കും. പെരുമ്പ, കുപ്പം, കുറ്റിക്കോൽ, വളപട്ടണം പുഴകൾക്ക്‌ കുറുകെയാണ്‌ പാലങ്ങൾ.
ബൈപാസിൽ 2 പാലം പൂർത്തിയായി
മുഴപ്പിലങ്ങാട്‌ മുതൽ അഴിയൂർവരെ പണിയുന്ന തലശേരി–-മാഹി ബൈപാസ്‌ നിർമാണപ്രവൃത്തിയും പുനരാരംഭിച്ചു. അഞ്ചരക്കണ്ടി, ധർമടം പുഴക്ക്‌ കുറുകെയുള്ള പാലങ്ങൾ പൂർത്തിയായി. മയ്യഴിപ്പുഴയിലെ പാലത്തിന്റെ സ്ലാബ്‌ കോൺക്രീറ്റ്‌ ഈ മാസം തീരും. പാലങ്ങളുടെ കൈവരി നിർമാണമടക്കമുള്ള ജോലിയാണ്‌ ബാക്കിവരിക. മഴ ശമിച്ചതോടെ റോഡ്‌ പ്രവൃത്തി വേഗത്തിലാക്കുമെന്ന്‌ കമ്പനി പ്രതിനിധി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top