20 October Sunday

മണൽത്തിട്ട തകർത്തത്‌ അസ്ലമിന്റെ സ്വപ്‌നങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

പാലക്കോട് അഴിമുഖത്ത് മണൽത്തിട്ടയിലിടിച്ച് തകർന്ന അസ്ലമിന്റെ ഫൈബർ തോണികൾ,

പയ്യന്നൂർ
പാലക്കോട് കടപ്പുറം അഴിമുഖത്തെ മണൽത്തിട്ടയിൽത്തട്ടി തകർന്നത് അസ്ലമിന്റെ സ്വപ്നവും ജീവിതവും. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങൾ എട്ടിക്കുളത്തെ അറുമാടി അസ്ലം എന്ന മുപ്പത്തിയഞ്ചുകാരന് കറുത്ത ദിനങ്ങളായിരുന്നു. തിങ്കളാഴ്ചയാണ്‌ അഴിമുഖത്തെ മണൽത്തിട്ടയിലിടിച്ച് അസ്ലമിന്റെ ഉള്ളാളം എന്ന ഫൈബർ തോണി മറിഞ്ഞത്‌. അപകടത്തിൽ അസ്ലമിന്റെ തലക്ക് പരിക്കേൽക്കുകയും തോണിയും മെഷീനും തകരുകയുംചെയ്തു. ചൊവ്വാഴ്ച രാവിലെയും മണൽത്തിട്ടയിൽ അപകടം ആവർത്തിച്ചു. അസ്ലമിന്റെ  മറ്റൊരു ഫൈബർ തോണിയും മെഷീനുകളും ഈ അപകടത്തിൽ തകർന്നു. മണൽത്തിട്ട കാരണം കരയിലടുക്കാൻ കഴിയാതെ കടലിൽ നിർത്തിയിട്ട വലിയ മത്സ്യബന്ധന ബോട്ടിലേക്ക് മീനെടുക്കാൻ പോകവെയാണ് ഇരുവള്ളങ്ങളും അപകടത്തിൽപ്പെട്ടത്.
മത്സ്യഫെഡിൽനിന്ന്‌ വായ്പയായും സുഹൃത്തുക്കളിൽനിന്നും മറ്റും കടമായും വാങ്ങിയ പണം ഉപയോഗിച്ചാണ് തോണിയും മെഷീനുകളും വാങ്ങിയത്.  അസ്ലമിന്റെ ഫൈബർ തോണിയെ ആശ്രയിച്ച് കഴിയുന്ന ഇതരസംസ്ഥാനക്കാരടക്കമുള്ള 30 മത്സ്യത്തൊഴിലാളികൾക്കും തോണികൾ തകർന്നതോടെ തൊഴിൽ നഷ്ടമായി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അസ്ലമിനോട് അധികൃതർ കനിവുകാട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബവും കൂടെയുള്ള തൊഴിലാളികളും.
പാലക്കോട് അഴിമുഖത്ത് മത്സ്യത്തൊഴിലാളികൾക്ക് വെല്ലുവിളിയുയർത്തി നിൽക്കുന്ന മണൽത്തിട്ടയിലിടിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സെപ്തംബർ 11ന് മണൽത്തിട്ടയിലിടിച്ച് മറിഞ്ഞ് കൊയിലാണ്ടിക്ക് സമീപത്തെ കൊല്ലം സ്വദേശികളായ അയ്യിട്ട വളപ്പിൽ അബ്ദുള്ള (60), ആൾച്ചേരിക്കുഴിയത്ത് ബഷീർ (52) എന്നിവർ മരിച്ചു. അൽ അബാദ്, കാരുണ്യവാൻ, കടൽറാണി, അൽബക്കറ, തവക്കൽ, അൽ മിസ്‌ക് തുടങ്ങിയ നിരവധി ഫൈബർ തോണികൾ അപകടത്തിൽപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അഴിമുഖത്തെ മണൽ ഡ്രഡ്‌ജിങ്‌ നടത്തി ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.
പ്രധാന വാർത്തകൾ
 Top