31 May Sunday

ജനാഭിലാഷം നിറവേറ്റി: ഇ പി ലത

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 കണ്ണൂർ

കണ്ണൂർ നഗരത്തിന്റെ സമഗ്രവികസനത്തിന്‌ നടപടിയെടുത്തെന്ന ചാരിതാർഥ്യത്തോടെയാണ്‌  കോർപറേഷൻ ഭരണത്തിൽനിന്നു പടിയിറങ്ങുന്നതെന്ന്‌ സ്ഥാനമൊഴിഞ്ഞ മേയർ ഇ പി ലതയും എൽഡിഎഫ്‌ പാർലമെന്ററി പാർടി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറ്റമ്പതു വർഷം അവഗണിക്കപ്പെട്ടുകിടന്ന കണ്ണൂർ ആധുനിക നഗരവികസനത്തിലേക്കുള്ള കുതിപ്പിലാണ്‌. കുടിവെള്ളം, ശുചിത്വം,  തെരുവുവിളക്കുകൾ, ഭവനനിർമാണം, ദാരിദ്ര്യനിർമാർജനം എന്നിങ്ങനെ തദ്ദേശസ്ഥാപനമെന്ന നിലയിലുള്ള പ്രാഥമിക ചുമതലകൾ ഫലപ്രദമായി നിർവഹിച്ചതിനൊപ്പം ജനങ്ങൾ ആഗ്രഹിക്കുന്നനിലയിൽ വൻ വികസനപദ്ധതികളും ഏറ്റെടുക്കാനായി.  ഇതിന്റെ ഫലംകണ്ടു തുടങ്ങും മുമ്പാണ്‌ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്‌ യുഡിഎഫുമായി ചേർന്ന്‌ ഭരണം  അട്ടിമറിച്ചത്‌. അഴിമതിയില്ലാത്ത ഭരണം കാഴ്‌ചവച്ചെന്ന അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചാണ്‌ ജനങ്ങളിലേക്കിറങ്ങുന്നത്‌.
പുതിയ കോർപറേഷനെന്ന നിലയിൽ ഏറെ പരിമിതികളുണ്ടായിരുന്നു.  തട്ടിക്കൂട്ടി കോർപറേഷൻ രൂപീകരിച്ചതല്ലാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ  ജീവനക്കാരെയോ ഉമ്മൻചാണ്ടി സർക്കാർ  -ഏർപ്പെടുത്തിയിരുന്നില്ല. അടിസ്ഥാന ആവശ്യങ്ങൾക്കായി നൽകുമെന്നറിയിച്ച രണ്ടുകോടി രൂപയും കിട്ടിയില്ല. ഇത്‌ വലിയ പ്രയാസങ്ങളുണ്ടാക്കി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ ആവശ്യമായ ജീവനക്കാരെയും ഫണ്ടും ലഭ്യമാക്കിയത്‌. 
യുഡിഎഫ്‌ നേതൃത്വത്തിലുള്ള മുനിസിപ്പൽ ഭരണസമിതി 19 വർഷം മുമ്പാരംഭിച്ച സെൻട്രൽ മാർക്കറ്റ്‌ നിർമാണം എങ്ങുമെത്താതെ നാൽക്കാലികൾ മേഞ്ഞുനടക്കുകയായിരുന്നു. ഈ   ഭരണസമിതിയാണ്‌ യുദ്ധകാലവേഗത്തിൽ പൂർത്തിയാക്കി തുറന്നുകൊടുത്തത്‌. മരക്കാർകണ്ടി പട്ടികവിഭാഗ ഫ്ലാറ്റ്‌, അരിബസാറിലെ ഭവനസമുച്ചയം എന്നിവയും മാതൃകാപരമായി പൂർത്തിയാക്കി. വാർഷികപദ്ധതി നിർവഹണത്തിലും മികവു പുലർത്തി. 
ശുചിത്വമേഖലയിൽ  മുന്നേറ്റം കൈവരിച്ചു. ചേലോറയിൽ 11 കോടി ചെലവിൽ സർക്കാർ സഹായത്തോടെ ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാൻ നടപടിയായി. ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിർമാണം തുടങ്ങിയ രംഗങ്ങളിലും എടുത്തുപറയാവുന്ന നേട്ടം. അമൃത്‌പദ്ധതിയുടെ ഭാഗമായി 149.85 കോടിയുടെ പദ്ധതികൾ പുരോഗമിച്ചുവരുന്നു. ജവഹർ സ്‌റ്റേഡിയം നവീകരണം,  നഗരറോഡ്‌ വികസന പദ്ധതി, 130 കോടിയുടെ കിഫ്‌ബി ഫ്‌ളൈ ഓവർ തുടങ്ങി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മെഗാ പദ്ധതികളും കൗൺസിലിന്റെ ഇടപെടലുകളുടെ ഫലമാണ്‌. 
യുഡിഎഫിന്റെ തെറ്റായ സമീപനവും ആറു സ്‌റ്റാൻഡിങ്‌ കമ്മിറ്റികൾ അവരുടെ  നിയന്ത്രണത്തിലായതും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്‌. എന്നാൽ തികഞ്ഞ ഇച്ഛാശക്തിയോടെ ഇതെല്ലാം മറികടക്കാനായെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി സെക്രട്ടറി എൻ ബാലകൃഷ്‌ണൻ പറഞ്ഞു. ഉന്നതതല ഗൂഢാലോചനയുടെ ഫലമായാണ്‌ അട്ടിമറിയെന്ന്‌ ക്ഷേമകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ പറഞ്ഞു. ടി രവീന്ദ്രനും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top