20 October Sunday

ഖനന നിരോധനം തൊഴിലാളി കുടുംബങ്ങളിൽ പട്ടിണി

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019
പേരാവൂർ
പ്രളയക്കെടുതികൾക്കു പിന്നാലെ ഖനന നിരോധനവും;  മലയോര മേഖലയിലെ തൊഴിലാളി വീടുകളിൽ പട്ടിണി. കർക്കിടക മഴ തകർത്ത് പെയ്തതോടെ ചെങ്കൽ പണകളിൽ വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടും മലയോര മേഖലയിലെ ചെങ്കൽപണകളുടെ പ്രവർത്തനം ദിവസങ്ങളോളം നിലച്ചിരുന്നു. മഴ കുറഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കാമെന്നു കരുതിയിരിക്കെയാണ്‌  കലക്ടറുടെ ഖനന നിരോധന ഉത്തരവ്‌. ഈ മേഖലയെ ആശ്രയിച്ചു  കഴിയുന്ന ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളാണ്‌ ഇതോടെ കൊടുംദുരിതത്തിലേക്കു വലിച്ചെറിയപ്പെട്ടത്‌. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന നൂറു കണക്കിന് ചെങ്കൽ പണകളാണ് കലക്ടറുടെ നിർദേശത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചത്.  ശക്തമായ മഴയിൽ ക്വാറികളിൽ വെള്ളം നിറയുന്നത് അപകടം വരുത്തുമെന്ന  ആശങ്കയിലാണ് കലക്ടറുടെ നടപടി. ചെങ്കൽ മേഖലയിൽ മാത്രം  പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നു. ആയിരത്തിലധികം ഇതര  സംസ്ഥാന തൊഴിലാളികൾ. പണിയില്ലാതായതോടെ ഇവരിൽ ഏറെപ്പേരും  നാട്ടിലേക്ക്  മടങ്ങി. രണ്ടാഴ്‌ചയിലധികമായി പണിയില്ലാതായതോടെ സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് തദ്ദേശീയ തൊഴിലാളികളൂടെ കുടുംബവും പട്ടിണിയിലായി. മഴക്കാലമായതിനാൽ ഇവർക്ക് മറ്റൊരുജോലിയും കിട്ടാനില്ല. 
ലോറികൾ, മണ്ണുമാന്തി യന്ത്രങ്ങൾ, കല്ല് കൊത്ത് യന്ത്രങ്ങൾ എന്നിവയയുമായി ബന്ധപ്പെട്ട തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്‌. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ വലിയ തുക വായ്പയെടുത്താണ് പലരും വാഹനങ്ങൾ വാങ്ങിയത്. പണിയില്ലാതെ വണ്ടികൾ കയറ്റിയിട്ടതോടെ തിരിച്ചടവും മുടങ്ങിയെന്ന്‌ തൊഴിലാളികൾ പറയുന്നു. അന്നം നൽകിയ ജെസിബിയും ടിപ്പർ ലോറികളും  നിസ്സാര വിലയ്‌ക്ക്‌ വിൽപന നടത്താനുള്ള തയ്യാറെടുപ്പിലാണ് പലരും. ചെങ്കൽ മേഖലയിലെ പ്രതിസന്ധി മലയോരത്തെ വ്യാപാര മേഖലകയെയും പാടെ തളർത്തി.  ഓണം അടുത്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും.  ചെങ്കല്ലും ക്വാറി ഉൽപ്പന്നങ്ങളും ലഭിക്കാതെ നിർമാണ മേഖലയും സ്‌തംഭനത്തിലാണ്‌. ഉപാധികളോടെയെങ്കിലും ചെങ്കൽ പണകളുടെയും ക്വാറികളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.
പ്രധാന വാർത്തകൾ
 Top