13 October Sunday

ഇമ്മിണി വലുതാണ്‌ ടാസ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്

കണ്ണൂർ
മികവിന്റെ പാഠങ്ങൾ പഠിപ്പിക്കുകയാണ് ‘ടാസ്‌ക്ക്‌’. ആ ടാസ്‌ക്ക്‌ ഏറ്റെടുത്ത്‌ കുതിപ്പ്‌ തുടരുകയാണ്‌   കാഞ്ഞിരങ്ങാട്ടെ തളിപറമ്പ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ എന്ന ‘ടാസ്‌ക്ക്‌’.  സഹകരണമേഖലയുടെ കരുത്തിൽ പിറവിയെടുത്ത് അക്കാദമിക രംഗത്തുണ്ടാക്കിയ ശ്രദ്ധേയമായ ചുവടുകളെ ഈ കലാലയം വീണ്ടും അടയാളപ്പെടുത്തുന്നു. മികച്ച പെർഫോമൻസിന്‌ വിദ്യാഭ്യാസ സഹകരണ സംഘങ്ങൾക്കുള്ള സർക്കാർ പുരസ്‌കാരം ഇത്തവണയും കോളേജ് നേടി. അന്താരാഷ്‌ട്ര സഹകരണ ദിനത്തിൽ കോട്ടയത്ത്‌  നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവനിൽനിന്നും സംഘം പ്രസിഡന്റ്‌ ഐ വി നാരായണനും സെക്രട്ടറി പി എൻ സുലേഖയും ചേർന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. 2019 മുതൽ തുടർച്ചയായ അഞ്ചാം തവണയാണ് ഈ അംഗീകാരം തേടിയെത്തുന്നത്
 
അറിവിൻ വെട്ടം
1981 ജൂലൈ 19ന്‌ മന്ത്രി ടി കെ രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌ത തളിപ്പറമ്പ എഡ്യൂക്കേഷണൽ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, 1998വരെ തളിപ്പറമ്പ കോ –-ഓപ്പറേറ്റീവ്‌ കോളേജ്‌ എന്ന പേരിൽ പാരലൽ കോളേജ്‌, എസ്‌എസ്‌എൽസി, പിഡിസി, ഡിഗ്രി, പിജി കോഴ്‌സുകൾ, സ്‌പോക്കൺ ഇംഗ്ലീഷ്‌ കോഴ്‌സുകളും നടത്തി. 1999 മുതൽ സർക്കാരുമായും കണ്ണൂർ സർവകലാശാലയുമായും സഹകരിച്ച്‌ വിവിധ കംപ്യൂട്ടർ കോഴ്‌സുകളാരംഭിച്ചു. 2002  മുതൽ തളിപ്പറമ്പ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ എന്ന സ്വാശ്രയ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജും പ്രവർത്തനമാരംഭിച്ചു.
സംസ്ഥാനത്ത്‌ ആദ്യമായി സ്വാശ്രയമേഖലയിൽ അനുവദിക്കപ്പെട്ട സഹകരണ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജാണിത്‌. കാഞ്ഞിരങ്ങാട്‌  22.80 ഏക്കർ സ്ഥലത്താണ്‌  കോളേജ് പ്രവർത്തിക്കുന്നത്. എംഎസ്‌സി ഫിസിക്‌സ്‌, എംകോം, എംഎ ഇംഗ്ലീഷ്‌, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്‌, ഫിസിക്‌സ്‌, ഇലക്ട്രോണിക്‌സ്‌, കെമിസ്‌ട്രി, ബിബിഎ, ബികോം കോ ഓപ്പറേഷൻ, ബിഎ ഇംഗ്ലീഷ്‌, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം മാർക്കറ്റിങ്ങ്‌, ബിഎ എക്കണോമിക്‌സ്‌, ബിസിഎ, ബിബിഎ, ടിടിഎ എന്നീ കോഴ്‌സുകളാണ്‌ നടത്തുന്നത്‌. 15 കോഴ്‌സുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നു. മികച്ച ക്യാമ്പസ്‌, ലാബ്‌, ലൈബ്രറി, പ്ലേസ്‌മെന്റ്‌ സെൽ, വിശാലമായ ഗ്രൗണ്ട്‌, ക്യാന്റീൻ, കോളേജ്‌ ബസ്‌ എന്നീ സൗകര്യമുണ്ട്‌.
 
 വിജയം 
ശരാശരിക്കുംമേൽ
സർവകലാശാലയിൽ ശരാശരിയിൽ കൂടുതലാണ്‌ കോളേജിന്റെ വിജയശതമാനം.  വിവിധ കോഴ്‌സുകളിലായി റാങ്കുകളും ലഭിച്ചിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്‌. കോളേജിനോടൊപ്പം വിവിധ മേഖലകളിലും സൊസൈറ്റി പ്രവർത്തനം നടത്തുന്നു. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായുള്ള പരീക്ഷ നടത്തുന്ന  ഏജൻസിയാണ്.  സഹകരണ പ്രസ്‌, അക്ഷയസെന്റർ, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി, സഹകരണ ബാങ്ക്‌ കോച്ചിങ്, സിഎംഎ യുഎസ്‌എ എന്നിവയും നടത്തുന്നു. ഐ വി നാരായണൻ പ്രസിഡൻ്റും സെക്രട്ടറി പി എൻ സുലേഖയും നയിക്കുന്ന 11 അംഗ ഭരണസമിതിയാണ്‌ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഡോ. പി എം ഇസ്‌മയിലാണ്‌ പ്രിൻസിപ്പൽ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top