24 August Saturday

തോരാതെ മഴ...

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
കണ്ണൂർ
കാലവർഷം ശക്തമായതോടെ ജില്ലയിലെ താഴ‌്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 
വ്യാപകമായ നാശനഷ്ടവുമുണ്ടായി. ഉളിക്കൽ മണിക്കടവിലെ ചപ്പാത്ത് പാലം കടക്കുന്നതിനിടെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ‌് ഒരാളെ കാണാതായി.  മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.  കാണാതായ ആൾക്കുവേണ്ടി അഗ‌്നിശമനസേനയും നാട്ടുകാരും ചേർന്ന‌്  തെരച്ചിൽ തുടരുകയാണ്. 
  കണ്ണൂരിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 80 പേരാണ് കഴിയുന്നത്. ഇതിൽ 20 കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളും കുടുംബങ്ങളുമുണ്ട്. വെള്ളം കയറിയതോടെ  ബന്ധുവീടുകളിലേക്ക് മാറിയവരും നിരവധിയാണ്. ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്.
മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. മഴ കനത്തതോടെ കാനായി  മീങ്കുഴി അണക്കെട്ട് കരകവിഞ്ഞൊഴുകി. സമീപത്തെ നിരവധി  വീടുകൾ വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്. ഞായറാഴ്ച വൈകിട്ടോടെയാണ് അണക്കെട്ടിൽ വെള്ളം കൂടിയത്.
കടലും പ്രക്ഷുബ്ധമാകാൻ തുടങ്ങിയിട്ടുണ്ട‌്. തീരദേശത്തുള്ളവരോട‌് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. തിങ്കളാഴ‌്ച ജില്ലയിൽ അതിതീവ്രമഴയാണ‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചത‌്. റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചതിന്റെ പശ‌്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി പ്രഖ്യാപിച്ചിട്ടുണ്ട‌്.
കനത്ത മഴയിൽ വെള്ളം കയറി  മാറി താമസിച്ചവരുടെ വീട്ടുപകരണങ്ങൾ  നശിച്ചു.   കണ്ണൂർ യൂണിവേഴ‌്സിറ്റിയുടെ താവക്കര  ആസ്ഥാനത്തിന‌് സമീപത്തെ മുപ്പതോളം വീടുകളിലുള്ളവരെയാണ‌് വെള്ളം കയറി താമസിക്കാൻ സാധിക്കാത്തതിനാൽ    മാറ്റി പ്പാർപ്പിച്ചത‌്. കുറേ പേർ   ബന്ധു വീടുകളിലേക്ക് മാറി.  മഴ കുറഞ്ഞതിനെ തുടർന്ന് വീടുകളിലെത്തിയപ്പോൾ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റും വെള്ളത്തിൽ കുതിർന്ന് നശിച്ചിരുന്നു.  വീടിന് പുറത്ത് നിർത്തിയിട്ട കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയും തകരാറിലായി.   സർവകലാശാലാ കെട്ടിടം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത‌് നിർമിച്ചതിനാലാണ‌്  വെള്ളം കയറാൻ കാരണമെന്നും അതിനാൽ  നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ പറയുന്നു.

 

പ്രധാന വാർത്തകൾ
 Top