17 February Sunday
മുഖം മിനുക്കും കെഎസ്ആർടിസി

കണ്ണൂർ ഡിപ്പോ വികസനത്തിന് സമഗ്ര പദ്ധതി; നവീകരണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 സ്വന്തം ലേഖകൻ

കണ്ണൂർ
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയുടെ നവീകരണത്തിന് സമഗ്രപദ്ധതി തയ്യാറാക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ഇതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 
കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്ത് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡിപ്പോ വികസനം സംബന്ധിച്ച് യോഗം ചേർന്നിരുന്നു. ഹ്രസ്വ‐ ദീർഘകാലപദ്ധതികൾ ആവിഷ്കരിക്കാനും നിർദേശമുണ്ടായിരുന്നു. ഈ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് ശനിയാഴ്ച മണ്ഡലം പ്രതിനിധിയെന്ന നിലയിൽ രാമചന്ദ്രൻ കടന്നപ്പള്ളി ഡിപ്പോ സന്ദർശിച്ചത്. 
ഊരാളുങ്കൽ സൊസൈറ്റിയിൽനിന്നുള്ള പത്തംഗ എൻജിനിയറിങ് വിദഗ്ധരും മന്ത്രിക്കും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം ചർച്ചയിൽ പങ്കെടുത്തു. 
നിലവിലുള്ള സമുച്ചയത്തിന് അധികം മാറ്റം വരുത്താതെയുള്ള പരിഷ്കരണമാണ് ആദ്യം ലക്ഷ്യമിടുന്നത്. തുടർന്ന് സമഗ്ര മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലുള്ള വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിടും. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തെ തുടർന്ന് തിരക്കേറിയ ഡിപ്പോയായി കണ്ണൂർ മാറും. ഇതും കൂടി മുൻകൂട്ടി കണ്ടാണ് വികസനപ്രവൃത്തി ത്വരിതഗതിയിലാക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ യാർഡ് നവീകരിക്കും. യാത്രക്കാർക്ക് ഇരിക്കാനുള്ള കേന്ദ്രം, അമ്മമാരുടെ മുലയൂട്ടൽ കേന്ദ്രം, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ശുചിയുള്ള കംഫർട്ട‌്സ്റ്റേഷൻ, കാന്റീൻ, സൂപ്പർഫാസ്റ്റ് ബസ്സുകളിലെത്തുന്നവർക്കുള്ള പ്രത്യേകകേന്ദ്രം എന്നിവ നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിക്കും. 
പാർക്കിങ് സൗകര്യം കൂടുതൽ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നു. സമഗ്രമാസ്റ്റർ പ്ലാനിൽ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിന്റെ സാധ്യത പരിശോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മേയർ ഇ പി ലത നിർദേശിച്ചു. 
നവീകരിച്ച എൻക്വയറി കൗണ്ടറും വിഭാവനം ചെയ്തിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. കണ്ണൂരിൽനിന്ന‌് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി 'ചിൽ' സർവീസ് ആരംഭിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. 
പ്രവർത്തനങ്ങളുടെ പുരോഗതി കോഴിക്കോട് സോണൽ ഓഫീസർ ജോഷി ജോൺ, ജില്ലാ ട്രാൻസ്പോർട്ട‌് ഓഫീസർ കെ പ്രദീപ് എന്നിവർ മന്ത്രിയോട് വിശദീകരിച്ചു. വിമാനത്താവളത്തിന്റെ സമീപത്തുള്ള ബസ് സ്റ്റാൻഡ് എന്ന പരിഗണനവച്ച് അറ്റകുറ്റപ്പണിക്കുള്ള പദ്ധതി ഉടൻ സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. 
കൗൺസിലർ ഇ ബീന, വികസനസമിതി കൺവീനർ എൻ ചന്ദ്രൻ, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 
ഊരാളുങ്കൽ സൊസൈറ്റിയുടെ പ്ലാനിങ് സെല്ലിലെ ആർക്കിടെക്ട് വിങ് എൻജിനിയർമാരാണ് കെ ടി കെ അജിത്തിന്റെ നേതൃത്വത്തിൽ എത്തിയത്. അടുത്തയാഴ്ച സർവേ നടത്തി എസ്റ്റിമേറ്റ് സമർപ്പിക്കും.  
പ്രധാന വാർത്തകൾ
 Top