25 May Monday

ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും നിർദേശം പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കണ്ണൂർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ജില്ലയിലെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ കർശനമായി നടപ്പാക്കാൻ നിർദേശം. എഡിഎം ഇ പി മേഴ്സിയുടെ നേതൃത്വത്തിൽ ചേർന്ന  വ്യാപാരികളുടെയും ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങളിലും ബ്യൂട്ടി പാർലറുകളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. ഉപഭോക്താക്കളോട് അവരുടെ സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം.  മറ്റ് രാജ്യങ്ങളിൽനിന്നോ സംസ്ഥാനങ്ങളിൽനിന്നോ മടങ്ങിയെത്തിയവരെ സുരക്ഷ മുൻനിർത്തി തിരിച്ചയക്കുന്നതാണ് ഉചിതമെന്നും നിർദേശമുയർന്നു.  
എസിയുടെ ഉപയോഗം കുറച്ച് പരമാവധി വായു സഞ്ചാരം ഉറപ്പുള്ള മുറികൾ ക്രമീകരിക്കണം. ജീവനക്കാർ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയോ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുകയും വേണം. ഉപഭോക്താവുമായി മുഖാമുഖം വരുന്ന സമയങ്ങളിൽ ബ്യൂട്ടീഷൻ മാസ്‌ക് ഉപയോഗിക്കണം.  ജോലിക്കിടെ കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കരുത്. ഉപഭോക്താവിരുന്ന കസേര, ഉപയോഗിച്ച  മറ്റുവസ്തുക്കൾ എന്നിവ ബ്ലീച്ചിങ്ങ് ലായനി ഉപയോഗിച്ച് യഥാസമയം  വൃത്തിയാക്കണം. 
ചിലയിടങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന ബാർബർ ഷോപ്പുകളിലും മറ്റും കൃത്യമായ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഹാൻഡ് വാഷിനും സാനിറ്റൈസറിനും പകരമായി ഷാംപൂ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എഡിഎം പറഞ്ഞു. 
വ്യാപാരികൾ സ്ഥാപങ്ങളുടെ മുന്നിൽ കൈകഴുകുന്നതിനാവശ്യമായ സംവിധാനം ഒരുക്കണം. കരിഞ്ചന്ത, പൂഴ്ത്തിവയ്‌പ്പ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും.  ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന പ്രവണത തടയണമെന്നും അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top