27 May Wednesday

കണ്ണൂർ കോർപ്പറേഷൻ മേയര്‍ രാജിവയ്‌ക്കണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കണ്ണൂർ
കോർപ്പറേഷനിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ മേയർ സ്വയം രാജിവയ്‌ക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ എൽഡിഎഫ് മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച  ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം വിജയിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ ഭരണത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിഞ്ഞു. ഭൂരിപക്ഷമില്ലാത്തവർ അധികാരത്തിൽ തുടരുന്നത് ജനാധിപത്യവിരുദ്ധവും അപമാനകരവുമാണ്‌. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കാൻ മേയർ തയ്യാറാവണം. 
എൽഡിഎഫ് ഭരണത്തെ അട്ടിമറിച്ച് അധികാരത്തിൽ വന്നതുമുതൽ യുഡിഎഫ് ധിക്കാര  നിലപാടാണ് സ്വീകരിക്കുന്നത്. 27 അംഗങ്ങളുള്ള പ്രതിപക്ഷത്തെ  പരിഗണിക്കാതെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യംമാത്രം മുൻനിർത്തിയാണ് പ്രവർത്തിച്ചത്. പ്രതിപക്ഷ വാർഡുകളിൽ വികസനത്തിന്‌ ഫണ്ട് അനുവദിക്കുന്നതിൽ  വിവേചനം കാണിച്ചു. കുടുംബശ്രീയെ തകർക്കാൻ ശ്രമിച്ചു.  സർക്കാർ- എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച്  വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്  കടുത്ത അലംഭാവം കാട്ടി. കോർപ്പറേഷനുകീഴിലെ ആരോഗ്യ കേന്ദ്രം സ്വകാര്യ എജൻസികൾക്ക് നൽകാൻ നിശ്ചയിച്ചതടക്കം നിരവധി നിഷേധ നിലപാടുകളാണ്  സ്വീകരിച്ചത്.
സംസ്ഥാനം കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ സർവകക്ഷി യോഗം വിളിക്കാൻപോലും  തയ്യാറായില്ല.  മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വീഡിയോ കോൺഫറൻസിൽ രാഷ്ട്രീയ പാർടി പ്രതിനിധികളെ ക്ഷണിച്ചില്ല. എൽഡിഎഫ് പ്രതിനിധികളെ ആ ദിവസം ബജറ്റ് പാസ്സാക്കുന്നതിന് ഉപയോഗിക്കുക എന്ന കുബുദ്ധിയാണ് കോർപ്പറേഷൻ ഭാരവാഹികൾ സ്വീകരിച്ചത്. 
എൽഡിഎഫ് പ്രതിനിധികൾ പങ്കെടുത്തത് സർക്കാർ അറിയിപ്പിനെ തുടർന്നും, പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയുമാണ്. ബജറ്റ്‌ അവതരിപ്പിക്കുന്നതിനുമുമ്പ് എടുക്കേണ്ട നടപടികൾ സ്വീകരിക്കാത്തതിനാലും നിർദേശങ്ങളിൽ സ്വജനപക്ഷപാതവും അഴിമതി സാധ്യതകളും ഉള്ളതിനാലും എൽഡിഎഫ് ഓംബുഡ്‌സ്‌മാനെ സമീപിച്ച്‌ ബജറ്റ് അവതരിപ്പിക്കാനുള്ള യോഗം സ്റ്റേ ചെയ്യുകയുണ്ടായി. എന്നാൽ ഓംബുഡ്മാന്റെ ഉത്തരവ്‌  തള്ളിയാണ്‌ ബജറ്റ് യോഗം നടത്തിയത്. തനി ധിക്കാരമാണ് ഇതിലൂടെ പ്രകടമായത്. ഇതിനെല്ലാം എതിരായ പ്രതികരണമാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രകടമായത്.
കോർപ്പറേഷൻ പരിധിയിൽ 595 പേരാണ് കോവിഡ് 19 ന്റെ  ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നത്‌. അവരെ സഹായിക്കാനോ ആരോഗ്യ വകുപ്പിന്റെയോ, സർക്കാറിന്റെയോ നിർദ്ദേശങ്ങൾ നടപ്പാക്കാനോ തയ്യാറായില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നും ചെയ്യാത്തവർ ഭരണത്തിൽ തുടരുന്നത് തെറ്റാണ്. അതുകൊണ്ടാണ് എൽഡിഎഫ് രാജി ആവശ്യപ്പെടുന്നത്.  എൽഡിഎഫ്‌ കൺവീനർ കെ പി സഹദേവൻ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌ കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top