കണ്ണൂർ
തിരമാലകൾ ആർത്തിരമ്പുമ്പോൾ കടൽഭിത്തിയോട് ചേർന്ന വീട്ടിൽ അഞ്ചും മൂന്നും വയസായ രണ്ട് മക്കളെ ചേർത്തുപിടിച്ച് കഴിഞ്ഞ ദിനങ്ങൾ ഇനി ഊർമിളയുടെ ജീവിതത്തിലുണ്ടാവില്ല. പുനർഗേഹം പദ്ധതിയിൽ പണിത പുതിയ വീട്ടിലാണ് ഇപ്പോൾ ഊർമിളയും മക്കളും. ‘ഉത്രാടം’ വീട്ടിൽ നാല് ദിവസം മുമ്പ് താമസം തുടങ്ങിയ ഊർമിളയുടെ സന്തോഷത്തിന് ഇന്ന് തിരയേക്കാൾ ഉയരം.
നീർക്കടവ് കടപ്പുറത്ത് കടൽഭിത്തിയോട് ചേർന്നാണ് 30 വർഷമായി ഊർമിളയുടെ താമസം. മൂത്ത മകളെ ഗർഭിണിയായിരിക്കുമ്പോഴാണ് ഷീറ്റ് കൊണ്ട് മറച്ച പുരയിൽ താമസം തുടങ്ങിയത്. കടൽഭിത്തിയോട് ചേർന്നുള്ള വീട്ടിൽ വെള്ളം കയറുന്നത് പതിവാണ്.
മത്സ്യത്തൊഴിലാളിയായ ഭർത്താവ് നടേശൻ ക്യാൻസർ ബാധിച്ച് മരിച്ചതോടെ രണ്ട് മക്കളെ വളർത്താനുള്ള ബുദ്ധിമുട്ടിലായിരുന്നു ഊർമിള. സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ അങ്കണവാടി ഹെൽപ്പറായ ഊർമിളയ്‌ക്ക് സാധിച്ചിരുന്നില്ല.
ഫിഷറീസ് വകുപ്പ് തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നു 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻപേർക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കുന്ന പദ്ധതിയാണ് ‘പുനർഗേഹം’. വ്യക്തികൾക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കാൻ 10 ലക്ഷം രൂപയാണ് സഹായം. പദ്ധതിയിൽ കാപ്പിൽപീടികയിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങിയാണ് ഊർമിള രണ്ട് മുറിയുള്ള വീടെടുത്തത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത 26 പേരിൽ 15 പേരുടെ വീടുകൾ പൂർത്തിയായി. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം 47 പേരുടെ വീട് നിർമാണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..