12 December Thursday

തൂശനിലയിൽ വിളമ്പുന്നത്‌ കനിവിന്റെ രുചിക്കൂട്ട്‌

വിജയൻ കരിവെള്ളൂർUpdated: Monday Oct 21, 2019
പയ്യന്നൂർ
കരിവെള്ളൂർ ചീറ്റയിലെ മെഡിക്കൽ റെപ്രസന്റേറ്റീവ‌് പി കനകരാജന്റെ മകൾ പൂജയുടെ കല്യാണത്തിന‌് വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ മൂവായിരത്തിയഞ്ഞൂറോളം പേരുടെ സദ്യയാണൊരുക്കിയത‌്. പയ്യന്നൂരും തൃക്കരിപ്പൂരും കേന്ദ്രമായി പ്രവർത്തിക്കുന്ന പാഥേയം കാരുണ്യക്കൂട്ടായ‌്മയാണ‌് സദ്യ വിളമ്പിയത‌്. പ്രൊഫഷണൽ സദ്യവിളമ്പുകാരെപ്പോലെ അമ്പതോളം പേർ പാഥേയം എന്നെഴുതിയ നീല ബനിയനിട്ട‌് ഒറ്റമനസ്സോടെ സദ്യവി‌ളമ്പി. ഒരാൾക്ക്‌ 500 രൂപ തോതിൽ 50 പേർക്ക്‌ 25,000 രൂപയാണ‌് കരാർ പ്രകാരം നൽകേണ്ടത‌്. കല്യാണം കഴിഞ്ഞ്‌ തുക കൈമാറുന്ന അവസരത്തിലാണ്‌ ഈ പണം അവർക്കല്ല അത‌് സമൂഹത്തിൽ  അവശതയനുഭവിക്കുന്ന രോഗികൾക്കുള്ളതാണെന്ന‌് കനകരാജന‌് മനസിലായത‌്. കരാറിൽ പറഞ്ഞ തുകയെക്കാൾ 1000 രൂപയൂം ഉപഹാരവും സന്തോഷത്തോടെ നൽകിയാണ‌് പാഥേയം കൂട്ടായ‌്മയെ കനകരാജൻ യാത്രയാക്കിയത‌്. 
പഴയങ്ങാടി മുതൽ കാഞ്ഞങ്ങാടുവരെ പ്രവർത്തനമേഖലയാക്കി മൂന്ന‌് വർഷമായി പാഥേയം കൂട്ടായ‌്മ നമ്മോടൊപ്പമുണ്ട‌്. അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ 200﹣-ഓളം അംഗങ്ങൾ കൂട്ടായ‌്മയിലുണ്ട‌്. കൂലിപ്പണിക്കാർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊലീസുകാർ, കെഎസ‌്ഇബി ജീവനക്കാർ, യുവാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിൽപെടുന്നവരാണിവർ.  സദ്യയും സൽക്കാരവും പാർടിയും ഏറ്റെടുത്ത‌് നടത്താൻ കൂട്ടായ‌്മ തയ്യാറാണ‌്. വിളമ്പിക്കിട്ടുന്ന പണത്തോടൊപ്പം സ്വന്തം നിലയിലുള്ള വരിസംഖ്യയും എടുത്താണ‌് പാവപ്പെട്ട രോഗികൾക്ക‌് കൊടുക്കുന്നത‌്. ഇതിനകം 72–-ഓളം കുടുംബങ്ങളിൽ 10 ലക്ഷത്തോളംരൂപ സഹായമെത്തിക്കാൻ കഴിഞ്ഞു. രോഗികൾക്കാവശ്യമായ സർക്കാർ സഹായം ലഭ്യമാക്കുന്നതിനും കൂട്ടായ‌്മ പരിശ്രമിക്കും. ആവശ്യമുള്ളവർക്ക‌് വീൽചെയർ, വാക്കർ എന്നിവയും സൗജന്യമായി നൽകും. പയ്യന്നൂർ കേളോത്ത‌് ഇൻവർട്ടർ–-ബാറ്ററി ഷോപ്പ‌് നടത്തുന്ന അശോകൻ പ്രസിഡന്റും അഴീക്കോട‌് എൽ പി സ‌്കൂൾ പ്രധാനാധ്യാപകൻ പി വി അനിൽകുമാർ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ‌് പാഥേയം കൂട്ടായ‌്മക്ക‌് ചുക്കാൻ പിടിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top