27 November Sunday

പുസ്തകോത്സവത്തിന് 
പ്രൗഢോജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം കണ്ണൂരിൽ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി ഒരുക്കിയ ആറുദിവസത്തെ പുസ്തകോത്സവത്തിന്‌ കലക്ടറേറ്റ് മൈതാനിയിൽ പ്രൗഢമായ തുടക്കം. ചൊവ്വ വൈകിട്ട്‌ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. 146 സ്‌റ്റാളുകളിലായി കേരളത്തിലെ ചെറുതും വലതുമായ 73 പ്രസാധകരുടെ പുസ്‌തകങ്ങൾ വിൽപ്പനയ്‌ക്കുണ്ട്‌. പുസ്‌തക പ്രകാശനം, വൈവിധ്യമാർന്ന കലാ–- സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ എന്നിങ്ങനെ വിപുലമായ സാംസ്‌കാരികോത്സവവും മേളയുടെ ഭാഗമാണ്‌. 
 ഉദ്‌ഘാടനച്ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു എഴുതിയ ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ’ ടി പത്മനാഭൻ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലിനു നൽകി വി കെ മധു പ്രകാശിപ്പിച്ചു.
 ‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ’  വിഷയത്തിൽ ഡോ. എ വത്സലൻ പ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ അഡ്വ. പി കെ അൻവർ, എം കെ രമേശ് കുമാർ, ഇ സി വിനോദ് കുമാർ, ഇ കെ പത്മനാഭൻ, വി കെ പ്രകാശിനി, ഇ പി ആർ വേശാല, കെ രാമചന്ദ്രൻ, കെ എ  ബഷീർ, ഇ ചന്ദ്രൻ, വൈ വി സുകുമാരൻ, മനോജ് കുമാർ പഴശ്ശി, യു കെ ശിവകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ സ്വാഗതവും ടി പ്രകാശൻ നന്ദിയും പറഞ്ഞു. 
തുടർന്ന് പിലാത്തറ ലാസ്യ ഫൈൻ ആർട്‌സ്‌ കോളേജിന്റെ  ‘സൂര്യപുത്രൻ’ നൃത്താവിഷ്കാരവും അരങ്ങേറി. 
ഇന്ന്‌ ആദരസമ്മേളനം
ബുധൻ പകൽ 11ന്‌ അക്കാദമി പുരസ്കാരങ്ങൾ നേടിയ പ്രതിഭകൾക്കുള്ള ആദരസമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം മുകുന്ദൻ മുഖ്യാതിഥിയാകും. ‘എഴുത്തിലെ കാലവും ജീവിതവും’  വിഷയത്തിൽ ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ പ്രഭാഷണം നടത്തും. കവിയൂർ രാജഗോപാലൻ, ഡോ. ആർ രാജശ്രീ, വിനോയ് തോമസ്, പ്രദീപ് മണ്ടൂർ എന്നിവർ പങ്കെടുക്കും. ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ അവാർഡ്‌ ജേതാക്കളെ പരിചയപ്പെടുത്തും. തുടർന്ന് തലശേരി താലൂക്ക്‌ ഗ്രന്ഥശാലാ പ്രവർത്തകരുടെ കലാപരിപാടികൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top