26 October Monday

തകർത്തുപെയ്‌തു വെള്ളത്തിലായത് ലക്ഷങ്ങളുടെ നെല്ല്

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
പിലാത്തറ
തുടർച്ചയായ മഴയിൽ ദുരിതത്തിലായത്‌ നെൽകർഷകർ.  ഏഴോം  കൈപ്പാടിൽ  നെൽകൃഷി വെള്ളത്തിൽ മുങ്ങി. അകത്തേ കൈ, ചൂട്ടയം, കണ്ണോം, കോട്ടക്കീൽ  പ്രദേശങ്ങളിലെ നൂറോളം ഹെക്ടറിലെ കതിരിട്ട നെല്ലാണ്‌  വെള്ളത്തിലായത്. ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥ, മേലതിയടം,  കാരാട്ട്, പുറച്ചേരി, പാടശേഖരങ്ങളിലും വ്യാപകമായ നഷ്ടമുണ്ടായി. ബാങ്കിൽനിന്ന്‌ വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. ഇപ്പോൾ വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന ആധിയിലാണ് കർഷകർ. 
ഏഴിലോട് തേണന്തട്ട വയലിൽ കൊയ്യാറായ  നെല്ല്  വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്‌.  ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രഭാവതിയുടെ വീട്ടിൽ  വെള്ളം കയറിയതിനാൽ കൊയ്ത് വീട്ടിലെത്തിച്ച വൈക്കോൽ ഉൾപ്പെടെ നശിച്ചു.  കൊയ്ത്തുയന്ത്രം ദിവസങ്ങളായി വെള്ളത്തിൽ കിടക്കുകയാണ് .
 കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്തിലെ  ചെറുവിച്ചേരിയിൽ  ശക്തമായ കാറ്റിനെതുടർന്ന് നിരവധി വീടുകൾക്ക് കേടുപറ്റി. കാപ്പുങ്ങൽ തമ്പായി, കൊല്ലംപറമ്പിൽ പത്മനാഭൻ, കൊല്ലംപറമ്പിൽ ദേവകി എന്നിവരുടെ വീട് ഭാഗികമായി തകർന്നു.  മരംവീണ് ഭൂദാനത്തെ  അഞ്ചാര ബാലന്റെ   വീടിനും കേടുപാടുണ്ട്.  വെള്ളം നിറഞ്ഞ്‌ തോട്ടിൻകര ഇടിഞ്ഞതിനാൽ പറമ്പത്ത് തമ്പായിയുടെ വീടും അപകട ഭീഷണിയിലാണ്. 
കണ്ണോം കുളവയലിൽ വെള്ളം കയറി പഴയങ്ങാടി തളിപ്പറമ്പ് റോഡ് യാത്ര ദുഷ്‌കരമായി. മഴയിൽ നെൽകൃഷിക്കാണ്‌ ഏറെ നഷ്ടമുണ്ടായത്. ടി വി രാജേഷ് എംഎൽഎ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top