28 September Tuesday

നാടിന്റെ സ്വൈര്യം കെടുത്തി ആർഎസ്‌എസ്‌ ചേരിപ്പോര്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

തലശേരി

സംഘ്‌പരിവാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നാടിന്റെ  സമാധാന ജീവിതത്തിന്‌ ഭീഷണിയാവുന്നു. പാനൂരിൽ തിങ്കളാഴ്‌ചയുണ്ടായ സംഘർഷത്തിൽ രണ്ട്‌ ആർഎസ്‌എസ്സുകാർക്കാണ്‌ പരിക്കേറ്റത്‌. ഏതാനും ദിവസംമുമ്പ്‌ പടുവിലായിയിലും സ്വയംസേവകർ തമ്മിൽ കൈയാങ്കളിയുണ്ടായി.  
പാനൂരിനടുത്ത പാലക്കൂൽ പുത്തൂർ മടപ്പുരക്ക്‌ സമീപം ഷാർലൈറ്റ്‌ ബേക്കറിയിൽ വാക്‌തർക്കത്തിനിടെയാണ്‌ വടിവാൾ പ്രയോഗമുണ്ടായത്‌. ആർഎസ്‌എസ്‌ പ്രവർത്തകരായ ഷിബിൻ,  ചീളിൽ ഷിബി എന്നിവർക്കാണ്‌ പരിക്കേറ്റത്‌. 
പടുവിലായിയിൽ ഫണ്ട്‌ മുക്കൽ ഉൾപ്പെടെയുള്ള  ആരോപണങ്ങളെ ചൊല്ലിയാണ്‌ തർക്കം. പീഡിത സഹായനിധി മുക്കിയ നേതാവിനെ ചൊദ്യംചെയ്യുന്ന വീഡിയോവും പ്രചരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധിപേർ ബിജെപി, ആർഎസ്‌എസ്‌ ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്‌. 
കൊടകര കുഴൽപണ ഇടപാട്‌ പുറത്തുവന്നതോടെയാണ്‌ സംഘ്‌പരിവാറിൽനിന്ന്‌ പലരും അകന്നത്‌. ധനസമ്പാദനത്തിനുള്ള മാർഗമാക്കി തെരഞ്ഞെടുപ്പിനെ നേതാക്കൾ മാറ്റുന്നുവെന്ന വികാരത്തിലാണ്‌ അണികൾ.

പടുവിലായിയിൽ വീഡിയോ 
പുറത്തുവിട്ട്‌ വെല്ലുവിളി 

 പിണറായി
ഫണ്ട്‌ വെട്ടിപ്പിനെച്ചൊല്ലി പടുവിലായി ശാഖയിൽ ആർഎസ്എസ്സുകാർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. സ്വയംസേവകർ കാര്യവാഹകിനെ ചോദ്യം ചെയ്യുന്ന വീഡിയോ നവമാധ്യമത്തിലൂടെ പ്രചരിക്കുകയാണ്‌. ലേലക്കുറിയിലൂടെ ലഭിച്ച പണവും പീഡിത സഹായനിധിയും വകമാറ്റി ചെലവഴിച്ചത്‌ എതിർവിഭാഗം ചോദ്യം ചെയ്യുന്നതാണ്‌ വീഡിയോവിൽ.   
  പടുവിലായി  വി പി ഷാജി സേവാമന്ദിരം കേന്ദ്രമായുള്ള ഷിനൂട്ടി എന്ന ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘവും വിജേഷിന്റെ  സംഘവും തമ്മിലാണ് പോര്‌. ധീരബലിദാനിയുടെ ചോര കുടിച്ചുവീർത്ത നപുംസകങ്ങങ്ങളെന്നാണ്‌  വീഡിയോടൊപ്പം പ്രചരിക്കുന്ന പോസ്റ്ററിൽ നേതൃത്വത്തെ വിമർശിക്കുന്നത്‌. 
പീഡിത സഹായനിധി  സ്വന്തം വീട്ടിൽ ആഡംബരമൊരുക്കാൻ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top