20 August Tuesday

മഴക്കെടുതി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
പിലാത്തറ
കാലവർഷം തിമിത്തപ്പോൾ നാടെങ്ങും നാശം. വീടുകളും കൃഷിയും നശിച്ചു.  ചെറുതാഴം, ഏഴോം, കടന്നപ്പള്ളി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ ഏക്കർ കണക്കിന്  കൃഷി നശിച്ചു.  വൈകിയാണ് മഴ ലഭിച്ചതെങ്കിലും കർഷകർ പ്രതീക്ഷയിലായിരുന്നു. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഞാറുകൾ  നശിച്ചുപോവുന്ന അവസ്ഥയിലാണ്.
പഴയങ്ങാടി
നരിക്കോട് ഏച്ചിൽ മൊട്ടയിലെ കല്ലേൻ മൈക്കിളിന്റെ വീട്‌  കനത്ത മഴയിൽ മരം പൊട്ടിവീണ് തകർന്നു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
മാതമംഗലം
എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലം ലക്ഷംവീട് കോളനിയിലെ കിണര്‍ ഇടിഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം.12 ഓളം  കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സാണ്  ഇടിഞ്ഞത്.   പഞ്ചായത്ത്‌ അധികൃതരും സിപിഐ എം നേതാക്കളും സ്ഥലം സന്ദർശിച്ചു. 
ചെറുപുഴ
തിരുമേനി മരുതംപാടിയിലെ ആര്യൻകാലായിൽ എ എ ജോർജിന്റെ വീടിന് മുകളിൽ കവുങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. ശനിയാഴ്ച നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ കവുങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു. ഓടുകളും കഴുക്കോലും തകർന്നു.
പയ്യന്നൂര്‍
വെള്ളിയാഴ്ച രാത്രിയിലെ മഴയിൽ പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍  മണ്ണിടിച്ചിലും വെള്ളക്കെട്ടും. കോറോം റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിന് സമീപം വടക്കിനിയില്‍ ജനാര്‍ദനന്റെ വീടിന് പിറകിൽ മണ്ണിടിഞ്ഞു.  മണ്‍തിട്ടയിടിഞ്ഞ് വലിയ കല്ലും മണ്ണും വീടിന് പുറകിലേക്ക് വീണു. അപകടം നടക്കുമ്പോള്‍ വീട്ടിനുള്ളില്‍ ജനാര്‍ദനനും ഭാര്യയും മക്കളും ഉണ്ടായിരുന്നു.  കവ്വായി - കൈക്കോട്ട് കടവ് റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.  കാല്‍നട യാത്രക്കാരും ചെറുവാഹനങ്ങളില്‍ പോകുന്നവരും വിഷമത്തിലായി.
പയ്യന്നൂർ
കനത്തമഴയിൽ കോറോം വനിതാ  പോളി റോഡിൽ ഉരുൾപ്പൊട്ടി.  കൂറ്റർ പാറക്കല്ല‌ുകൾ ഒഴുകിയെത്തി.  വെള്ളിയാഴ‌്ച രാത്രിയാണ‌് ഉരുൾപ്പൊട്ടിയത‌്. കുത്തിയൊഴുകിയ വെള്ളത്തോടൊപ്പം രണ്ട‌് കൂറ്റൻ പാറക്കല്ലുകളും  ഒഴുകി വന്നു. കുന്നിൻ ചരിവിൽ തട്ടി പാറകല്ല‌് നിന്നതിനാൽ  വടക്കിനിയിൽ ജനാർദ്ദനനും കുടുംബവും  രക്ഷപ്പെടുകയായിരുന്നു. പാറക്കല്ല‌് താഴെക്ക‌് ഉരുണ്ട‌് വീണിരുന്നുവെങ്കിൽ  ജനാർദനന്റെ വീട‌് മുഴുവൻ തകരുമായിരുന്നു. പയ്യന്നൂർ നഗരസഭാ ചെയർമാൻ  ശശി വട്ടക്കൊവ്വൽ,  കൗൺസിലർ കടാങ്കോട്ട‌് രാഘവൻ, വില്ലേജ‌് അധികൃതർ എന്നിവർ സ്ഥലത്തെത്തി. 
പ്രധാന വാർത്തകൾ
 Top