20 September Friday

ഡോറ, മിക്കിമൗസ്‌, പിന്നെ ബാഹുബലിയും

കെ സി ലൈജുമോൻUpdated: Tuesday May 21, 2019

ചെറുവത്തൂരിലെ സ‌്കൂൾ വിപണിയിൽനിന്ന‌്

കാസർകോട്‌
വേനലവധി കഴിഞ്ഞ്‌ സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം.  കുട്ടികളെ ആകർഷിക്കാൻ വിപണികളിൽ നിറക്കൂട്ടുകൾ നിറഞ്ഞ ബാഗുകളും കുടകളും ചെരിപ്പുകളും വസ‌്ത്രങ്ങളും നിറഞ്ഞു.
മിക്കി മൗസ്‌, ഡോറ, ബുജി, ഛോട്ടാ ഭീം, ബാർബി, ബെൻടെൻ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകൾക്ക്‌ മുൻവർഷങ്ങളിലേതുപോലെ ആവശ്യക്കാരേറെ. ഇവയിൽ ഡോറയും മിക്കി മൗസും സ്‌പൈഡർമാനുമെല്ലാമാണ്‌ പലരുടെയും ഇഷ്ടക്കാർ.  സൂപ്പർ ഹീറോകളുടെ ചിത്രങ്ങളുള്ള ബാഗുകളും കുടകളും ചോദിച്ചെത്തുന്നവർ ഏറെ.
ബാഹുബലിയും പുലിമുരുകനുമാണ്‌ അൽപം മുതിർന്ന കുട്ടികളുടെ ഇഷ്ടക്കാർ. ദൃശ്യ മാധ്യമങ്ങളിലെ പരസ്യചിത്രം കണ്ട്‌ ബാഗുകളും മറ്റും ചോദിച്ചെത്തുന്നവർ നിരവധി. കഴിഞ്ഞ വർഷത്തേക്കാൾ സ്‌കൂൾ ബാഗിനും കുടയ്‌ക്കും ചെരിപ്പിനുമെല്ലാം വില കൂടിയെങ്കിലും മക്കളുടെ ഇഷ്ടത്തിന‌് മുന്നിൽ രക്ഷിതാക്കൾ വില പ്രശ്‌നമാക്കാറില്ല. ഇത്‌ മുതലെടുക്കുന്ന കച്ചവടക്കാരും നഗരങ്ങളിലുണ്ട്‌. ഒഡീസിയ, സ്‌കൂബീഡേ, ലൂണാർ, അഡിഡാസ്‌ തുടങ്ങിയ കമ്പനികളാണ്‌ ബാഗ്‌ വിപണിയിലെ പ്രിയ ബ്രാൻഡുകൾ. വിലക്കുറവുള്ള ബാഗുകൾ തേടിയെത്തുന്നവരെ ആകർഷിക്കാൻ ചൈനീസ്‌ ഉൽപന്നങ്ങളും ചെറുകിട കമ്പനികളുടെ ഉൽപന്നങ്ങളും വിപണിയിലുണ്ട്‌. ബാഗുകൾ വാങ്ങുമ്പോൾ പ്രമുഖ കമ്പനികൾ  മികച്ച ഓഫറും വാഗ്‌ദാനം ചെയ്യുന്നു. 250 മുതൽ 4000 രൂപ വരെയാണ്‌ ബാഗുകളുടെ വില. മുതിർന്ന കുട്ടികൾക്കായി 1500 മുതൽ 5000 രൂപവരെ വിലയുള്ള ബാഗുകളുമുണ്ട‌്.
കുടകളിൽ പുത്തൻ പരീക്ഷണങ്ങളേറെ. വെള്ളം ചീറ്റുന്നതും വിസിലടിക്കുന്നതും പാട്ടുപാടുന്നതും കണ്ണും ചെവിയുമുള്ളതുമായ കുടകൾ വിപണി കീഴടക്കി. കോളേജ്‌ വിദ്യാർഥികൾക്ക‌്  വ്യത്യസ്‌ത നിറങ്ങളിലുള്ള പ്രിന്റഡ്‌ കുടകളും സുലഭം. 250 മുതൽ 600 രൂപവരെയാണ്‌  വില. പോപ്പിക്കും ജോൺസിനുമാണ്‌ ഇത്തവണ ആവശ്യക്കാരേറെ. 
ബാഗുകളും കുടകളുമെല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സ്‌കൂളുകളിൽ  സ്‌റ്റുഡന്റ്‌ മാർക്കറ്റും ആരംഭിച്ചിട്ടുണ്ട‌്. പൊതുമാർക്കറ്റിലേതിനേക്കാൾ പത്തുമുതൽ 30 ശതമാനം വരെ വിലക്കുറവിൽ സാധനം കിട്ടുമെന്നതിനാൽ ഇവിടെ തിരക്കേറിയിട്ടുണ്ട്‌. ടിഫിൻ ബോക്‌സ്‌, വാട്ടർബോട്ടിൽ, ബാഗുകൾ, കുടകൾ, മഴക്കോട്ട്‌ തുടങ്ങിയവയെല്ലാം സ്‌റ്റുഡന്റ്‌ മാർക്കറ്റിലുണ്ട്‌. വിവിധ സഹകരണ സ്ഥാപനങ്ങളും സ്‌റ്റുഡന്റ്‌ മാർക്കറ്റ‌് തുടങ്ങിയിട്ടുണ്ട‌്.  പ്ലാസ്‌റ്റിക്‌ ബോട്ടിലുകളോട്‌ മിക്ക സ്‌കൂളുകളും വിടപറഞ്ഞതോടെ സ്‌റ്റീൽ ബോട്ടിലുകളുടെ വിൽപനയും വർധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top