23 August Friday

വിജയത്തേരിൽ

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
കണ്ണൂർ
മീനച്ചൂടിനെ തോൽപിച്ച‌് ചെമ്പതാകയുമായി കുതിക്കുന്ന ആയിരക്കണക്കിന‌് ബൈക്കുകൾ. ആവേശം വാനോളം ഉയരെ എത്തിക്കാൻ വീറോടെ പറക്കുന്ന ചെമ്പതാകകൾ. ദൂരങ്ങൾ നിമിഷങ്ങൾക്കകം കടന്നുപോകുമ്പോൾ കൈവീശി അഭിവാദ്യം ചെയ‌്ത‌് നിറഞ്ഞുനിൽക്കുന്ന ചിരിയുമായി പി കെ  ശ്രീമതി ടീച്ചർ തുറന്ന വാഹനത്തിൽ കടന്നുവരുന്നു. കടന്നുപോകുന്ന റോഡുകൾക്ക‌് ഇരുവശത്തുനിന്നുള്ള വീടുകളിൽനിന്നും ഓടിയെത്തുന്നവരോട‌് കൈവീശിയും കുശലാന്വേഷണങ്ങളുമായി മുന്നോട്ട‌്. മട്ടന്നൂർ, ധർമടം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ‌്ഷോ അക്ഷരാർഥത്തിൽ ആവേശ കൊടുമുടിയിലായി. 
പകൽ 3.15ന‌് മട്ടന്നൂർ മണ്ഡലത്തിലെ കൂടാളിയിൽനിന്നാരംഭിച്ച റോഡ‌് ഷോ മന്ത്രി ഇ പി ജയരാജൻ ഫ്ലാഗ‌് ഓഫ‌് ചെയ‌്തു. ചാലോട‌്, എടയന്നൂർ, മട്ടന്നൂർ, അയ്യല്ലൂർ, ശിവപുരം, മാലൂർ, തൃക്കടാരിപൊയിൽ, ഇടുമ്പ, കണ്ണവം, ചിറ്റാരിപറമ്പ‌്, മാനന്തേരി, കൈതേരി, തൊടീക്കളം, മുന്നാംപീടിക, നെരുവമ്പായി, കരേറ്റ, ഉരുവച്ചാൽ, മണക്കായി, കയനി, കീഴല്ലൂർ, തട്ടാരി എന്നിവിടങ്ങളില സ്വീകരണത്തിനുശേഷം ധർമടം മണ്ഡലത്തിലേക്ക‌് കടന്നു. പി പുരുഷോത്തമൻ, എൻ വി ചന്ദ്രബാബു, സി വിജയൻ, ഡി മുനീർ, കെ ടി ജോസ‌്, എം വി സരള എന്നിവർ റോഡ‌് ഷോയിൽ അനുഗമിച്ചു. 
ധർമടം മണ്ഡലത്തിൽ റോഡ‌് ഷോ  തട്ടാരിയിൽ നിന്നും ആരംഭിച്ച് വണ്ണാന്റെ മെട്ട, വാളാങ്കിച്ചാൽ, ഓടക്കാട്, മമ്പറം, കായലോട്, കാപ്പുമ്മൽ, പിണറായി, പടന്നക്കര, സി.എച്ച് മുക്ക്, അണ്ടലൂർ കാവ്, ചിറക്കുനി, മീത്തലെ പീടിക, കുളം ബസാർ, എടക്കാട് ബസാർ, കാടാച്ചിറ ജങ്ഷൻ, ചാല, കോയ്യോട്, മൗവ്വഞ്ചേരി, മുഴപ്പാല, കാവിൻമൂല, ചക്കരക്കൽ, മൂന്നുപെരിയ വഴി പെരളശ്ശേരിയിൽ സമാപിച്ചു.  രണ്ടായിരത്തോളം ബൈക്കുകളാണ‌് റോഡ‌് ഷോയിൽ അണിനിരന്നത‌്.
ഹ്രസ്വമെങ്കിലും നാട‌് ആഘോഷമാക്കുകയായിരുന്നു സ്ഥാനാർഥിയുടെ ഓരോ സ്വീകരണവും. ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം ഉത്സവ പ്രതീതിയുള്ള സ്വീകരണങ്ങൾ.  ലോ‌ക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറുടെ അവസാനവട്ട പര്യടനം ധർമടം മണ്ഡലത്തിൽ ശനിയാഴ‌്ച നടന്നു.  
രാവിലെ അടൂർപാലത്തുനിന്ന‌്‌ ആവേശകരമായ തുടക്കം. അവിടെനിന്ന‌് ദിനേശൻ പീടിക പരിസരത്തേക്ക‌്. തുടർന്ന‌് നാടിന്റെ ഉൾപ്രദേശങ്ങളിലൂടെ അഭിവാദ്യങ്ങളേറ്റുവാങ്ങി യാത്ര. മമ്മാക്കുന്ന്, മുഴപ്പിലങ്ങാട് പാച്ചാക്കര, ധർമ്മടം അംബേദ്കർ കോളനി, എൻ ആർ പീടിക, വെള്ളച്ചാൽ, ആർ വി മട്ട തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. പത്തേകാലോടെ മൂവായിരത്തോളം പേർക്ക്‌ സർക്കാർ ജോലി നേടികൊടുത്ത ജില്ലയിലെ തന്നെ മികച്ച പി എസ് സി പരിശീലന കേന്ദ്രമായ ഗ്രാന്മയിലും ടീച്ചർ എത്തി.  
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, വി ലീല, കക്കോത്ത്‌ രാജൻ, എ എം വിജേഷ് എന്നിവർ അവിടെ ഉണ്ടായിരുന്നു. എല്ലാ സ്വീകരണവും വെടിക്കെട്ടിന്റെയും ചെണ്ടമേളം, നാസിക‌് ധോൽ എന്നിവയുടെയും അകമ്പടിയോടെയായിരുന്നു. പതിനൊന്നേകാലോടെ പര്യടനം ചക്കരക്കല്ലിൽ സമാപിച്ചു. 
സ്ഥാനാർഥിക്കൊപ്പം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസൻ, കെ കെ നാരായണൻ, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, പ്രദീപ് പുതുക്കുടി,  വി സി വാമനൻ, ടി കെ അബ്ദുൾ ഖാദർ, മാമ്പറത്ത്‌ രാജൻ, കെ ശിവദാസൻ, കെ ഭാസ്കരൻ തുടങ്ങിയവർ ഉണ്ടായിരുന്നു. സി ഭാസ്കരൻ, എം സി പവിത്രൻ, ടി വി ലക്ഷ്മി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top