26 May Sunday

ചെങ്കോട്ട കാക്കാൻ പയ്യന്നൂർ

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
പയ്യന്നൂർ
കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ ഭൂമികയായ പയ്യന്നൂരിന്റെ മണ്ണിൽ ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് എൽഡിഎഫ‌്. സംസ്ഥാന സർക്കാരും, എൽഡിഎഫ‌് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലുണ്ടാക്കിയ  ആത്മവിശ്വാസം  ഈ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും.  ബിജെപി സ്വീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളെ സംശയത്തോടെയാണ് ജനം കാണുന്നത്. വർഗീയവാദികൾക്ക് അനുകൂലമായ നിലപാട‌് സ്വീകരിക്കുന്ന കോൺഗ്രസിനെയും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ന്യൂനപക്ഷ വോട്ടർമാർ. 
മണ്ഡലത്തിലെ മലയോര മേഖലയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാട് അണികൾക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത‌്.  മണ്ഡലത്തിന്റെ സമഗ്ര മേഖലയിലും എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് വികസനത്തിന്റെ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചത്.  എംപി ഫണ്ടുപയോഗിച്ച് നൂറ് കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. 
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം പറഞ്ഞറിയിക്കാനാവാത്ത മാറ്റങ്ങളാണ് ഉണ്ടായത്. 
ബിജെപി കോർപറേറ്റുകളുടെ  താൽപര്യം സംരക്ഷിക്കുമ്പോൾ  ഇടതുപക്ഷം മാത്രമാണ‌് ജനപക്ഷമെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞു.  മോഡി സർക്കാർ യുവതലമുറയോട് കാട്ടിയ വഞ്ചനയ‌്ക്കെതിരെ  11,000 ത്തിലധികം വരുന്ന പുതിയവോട്ടർമാർ വോട്ടവകാശം ഉപയോഗപ്പെടുത്തും.  മണ്ഡലത്തിലെ 21 ലോക്കലുകളിലായി 180 ബൂത്തുകളിലെ പ്രവർത്തകർ ചരിത്രവിജയമുറപ്പിക്കാനുള്ള അവസാനവട്ട പ്രവർത്തനത്തിലാണ്.  ഞായറാഴ്ച വൈകിട്ട് അഞ്ചിന‌്  പെരുമ്പ കേന്ദ്രീകരിച്ച് നടക്കുന്ന കലാശക്കൊട്ടിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിചേരും.
പ്രധാന വാർത്തകൾ
 Top