06 June Tuesday
ഇന്ന് ലോക വനവൽക്കരണ ദിനം

നാടിന് കുളിരേകി 
ചെറു വനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മടക്കാംപൊയിൽ മനേഷ് മോഹന്റെ ചെറുവനം

കണ്ണൂർ
നാടിന് കുളിർമയും ശുദ്ധവായുവും പകർന്ന് ജില്ലാ പഞ്ചായത്തിന്റെ  ചെറുവനങ്ങൾ. ജില്ലയെ കാർബൺ ന്യൂട്രലാക്കുന്നതിന്‌ ‘മിയാവാക്കി’ മാതൃകയിൽ രണ്ടു വർഷം മുമ്പ് തുടങ്ങിയ ലിറ്റിൽ ഫോറസ്റ്റ് ഇപ്പോൾ പച്ചപ്പട്ടണിഞ്ഞ് കുഞ്ഞുവനമായി മാറി. 30 കേന്ദ്രങ്ങളിലായി 10 ലക്ഷത്തോളം വൃക്ഷത്തൈകളാണ്‌ നട്ടുപിടിപ്പിച്ചത്. തരിശിട്ട പൊതു സ്ഥലങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ക്ഷേത്ര പരിസരങ്ങളും ചെറുവനം പദ്ധതിയിൽ ഹരിതാഭമായി. സംരക്ഷണ ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളുമാണ് നിർവഹിക്കുന്നത്.
400 ഇനം വൃക്ഷത്തൈകളാണ് ജില്ലാ പഞ്ചായത്ത് സൗജന്യമായി നട്ടുപിടിപ്പിച്ചത്. 2021-–- 22 വർഷത്തെ പദ്ധതിയിൽ ഇനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ മിയാവാക്കി വനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽ ഫോറസ്റ്റ് പദ്ധതി ആരംഭിച്ച ആദ്യ ജില്ലാ പഞ്ചായത്താണ് കണ്ണൂർ.
കണ്ണൂർ സർവകലാശാല ആസ്ഥാനം, ഉദയഗിരി, പിലാത്തറ, കുഞ്ഞിമംഗലം, പുതിയങ്ങാടി, ഊർപ്പള്ളി എന്നിവിടങ്ങളിൽ മിയാവാക്കി വനമൊരുങ്ങി. കണ്ണൂർ സർവകലാശദോ ആസ്ഥാനത്തെ വിദ്യാർഥി ക്ഷേമകേന്ദ്രത്തിന്  മുന്നിലെ പത്ത്  സെന്റിലാണ്‌ കുഞ്ഞുവനം. നൂറിലധികം ഇനങ്ങളിൽപെട്ട 1600 വൃക്ഷത്തൈകൾ ഇവിടെ പച്ചപിടിച്ചിട്ടുണ്ട്.
ജപ്പാനിലെ യോകോഹാമ സർവകലാശാലയിലെ പ്രൊഫസറും സസ്യ ശാസ്ത്രജ്ഞനുമായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃത്രിമ വനവൽക്കരണരീതിയാണ് മിയാവാക്കി. തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വേഗത്തിൽ വളരുമെന്നതാണ് മിയാവാക്കിയുടെ സവിശേഷത.
ശരാശരി 30 വർഷംകൊണ്ട് നൂറ് വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്യമായ ഒരു കാട് രൂപപ്പെടുത്താനാവും. ഒരു ചതുരശ്ര മീറ്ററിൽ മൂന്നോ നാലോ ചെടികളാണ് നടുക. വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, ചെറുമരങ്ങൾ, വൻമരങ്ങൾ എന്നിവ ഇട കലർത്തിയാണ്‌ വളർത്തുക. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളാണ്‌ തെരഞ്ഞെടുക്കുക.
അകിൽ, ഈട്ടി, പൂവരശ്, ജാതി, ആര്യവേപ്പ്, മുരിങ്ങ, അത്തി, കുടമ്പുളി, മലവേപ്പ്, താന്നി, തമ്പകം, നീർമരുത്, ഇലഞ്ഞി, മാവ്, പ്ലാവ്, ഞാവൽ, അരയാൽ, പതിമുഖം, കറുവപ്പട്ട, കണിക്കൊന്ന, അശോകം, മന്ദാരം, ഗ്രാമ്പൂ, കറിവേപ്പ്, സീതമരം, മാതളനാരകം, ചെറുനാരകം തുടങ്ങിയവ ചെറുവനങ്ങളിലുണ്ട്.
രണ്ടാംഘട്ടമായി പഴവർഗങ്ങളാണ് ലിറ്റിൽ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. വംശനാശം നേരിടുന്ന രുചിയൂറും നാട്ടുമാവുകളാണ് ഇതിന്റെ ഭാഗമായി നട്ട് സംരക്ഷിക്കുക. മുഖ്യമായും വിദ്യാഭാസ സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്ന് ദിവ്യ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top