02 December Wednesday

ജനവിധി അട്ടിമറിച്ചതിനുള്ള തിരിച്ചടി; നാണംകെട്ടത്‌ സുധാകരനും രാഗേഷും

പ്രത്യേക ലേഖകൻUpdated: Saturday Mar 21, 2020
കണ്ണൂർ
ജനവിധി അട്ടിമറിച്ച്‌ കണ്ണൂർ കോർപ്പറേഷൻ അധികാരം പിടിച്ചെടുത്ത യുഡിഎഫിന്‌ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്‌  പുറത്തായത്‌ കനത്ത തിരിച്ചടി.  അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവച്ച്‌ അഴിമതി പങ്കുവയ്‌ക്കാനാണ്‌ കെ സുധാകരൻ എംപിയും പി കെ രാഗേഷും കോർപ്പറേഷൻ ഭരണത്തിന്റെ അവസാന വർഷം കൈകോർത്തത്‌. ഈ സഖ്യം കോർപ്പറേഷനിലെ ജനവിധിക്കെതിരായിരുന്നു. കോൺഗ്രസിലെയും മുസ്ലിംലീഗിലെയും ഒരു വിഭാഗം രാഗേഷിനെ അംഗീകരിച്ചിരുന്നില്ല. 
എൽഡിഎഫ്‌ നേതൃത്വത്തിൽ കോർപ്പറേഷന്റെ വികസനം സുതാര്യമായ രീതിയിൽ മുന്നോട്ടുനീങ്ങുമ്പോഴാണ്‌ കെ സുധാകരൻ ഭരണം പിടിച്ചെടുക്കാൻ അവിഹിതമാർഗം സ്വീകരിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചതിനുള്ള പ്രത്യുപകാരമായി  സുധാകരൻ പ്രഖ്യാപിത ശത്രുവായ പി കെ രാഗേഷിനെ വശത്താക്കിയാണ്‌ കോർപ്പറേഷൻ ഭരണം പിടിക്കാനിറങ്ങിയത്‌. പള്ളിക്കുന്നിലെ കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെയായിരുന്നു സുധാകരന്റെ നീക്കം. യുഡിഎഫ്‌ വിമതനായി മത്സരിച്ച്‌ ജയിച്ച പി കെ രാഗേഷിനെ അംഗീകരിക്കാൻ പള്ളിക്കുന്നിലെ ലീഗും കോൺഗ്രസും തയ്യാറായിരുന്നില്ല. 
എൽഡിഎഫിന്റെ ഇ പി ലതയെ പുറത്താക്കി യുഡിഎഫിലെ സുമാ ബാലകൃഷ്‌ണനെ അവരോധിക്കാൻ ചരടുവലിച്ചത്‌ രാഗേഷാണ്‌. എൽഡിഎഫിന്റെ പിന്തുണയിൽ ലഭിച്ച ഡെപ്യൂട്ടി മേയർ സ്ഥാനം നിലനിർത്തുകയുംചെയ്‌തു. ഒരു തവണ അവിശ്വാസത്തെ അതിജീവിച്ച രാഗേഷിന്‌ രണ്ടാംതവണ ഡെപ്യൂട്ടി  മേയർ സ്ഥാനം തെറിച്ചു. ഇതോടെ രാഗേഷിന്റെ രാഷ്ട്രീയഭാവിയും പ്രതിസന്ധിയിലായി. പള്ളിക്കുന്നിലെ കോൺഗ്രസുകാർ പഴയ വിമതനെ അംഗീകരിക്കാൻ പോകുന്നില്ല. വീണ്ടും വിമതനായി മത്സരിക്കേണ്ട ഗതികേടിലാണ്‌. സുമാ ബാലകൃഷ്‌ണൻ ആറുമാസം മേയറായതിൽ കോൺഗ്രസിന്‌ അൽപം ആശ്വസിക്കാം. എന്നാൽ മേയർ സ്ഥാനത്തിന്‌ കാത്തിരിക്കുന്ന ലീഗിന്‌ ഇന്നത്തെ സാഹചര്യത്തിൽ അത്‌ സ്വപ്‌നമായി അവശേഷിക്കും. 
കെ സുധാകരന്റെ രാഷ്ട്രീയ അപ്രമാദിത്തമാണ്‌ ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്‌. ലീഗ്‌ സ്വന്തം ചൊൽപടിയിലാണെന്ന ധാർഷ്ട്യമായിരുന്നു സുധാകരനെ നയിച്ചത്‌. 
പള്ളിക്കുന്ന്‌ ബാങ്കിൽനിന്ന്‌ പിരിച്ചുവിട്ട കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകരെ തിരിച്ചെടുക്കാനും ബാങ്കുമായി ബന്ധപ്പെട്ട കേസുകൾ തീർക്കാനും കഴിയാതെ കോർപ്പറേഷൻ ഭരണത്തിനായി രാഗേഷിന്‌ മുന്നിൽ കീഴടങ്ങിയ സുധാകരനുള്ള കനത്ത അടിയായിരുന്നു അവിശ്വാസപ്രമേയം. 
വർഷങ്ങളായി യുഡിഎഫ്‌ കുത്തകയായിരുന്ന കണ്ണൂർ നഗരസഭയടക്കം ഉൾപ്പെടുന്ന പുതിയ കോർപ്പറേഷനിൽ എൽഡിഎഫ്‌ നേടിയ അട്ടിമറി വിജയം  ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. 55 അംഗ കണ്ണൂർ കോർപ്പറേഷനിലേക്ക്‌ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും 27 വീതം കൗൺസിലർമാരാണ്‌ ജയിച്ചുവന്നത്‌. യുഡിഎഫിനെതിരെ മത്സരിച്ച പി കെ രാഗേഷും ജയിച്ചു. ജനവിധി യുഡിഎഫിനെതിരായതിനാൽ രാഗേഷ്‌ എൽഡിഎഫിനെ പിന്തുണച്ചു. രാഗേഷ്‌ ഡെപ്യൂട്ടി മേയറുമായി.  എന്നാൽ കാലുമാറ്റത്തിലൂടെ നിലനിർത്തിയ ഡെപ്യൂട്ടി മേയർ സ്ഥാനം  നിലനിർത്താനായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top