29 May Friday

കണ്ണൂർ കോർപ്പറേഷൻ ഏകാധിപത്യ ശൈലിക്കെതിരായ വിജയം: എം വി ജയരാജൻ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പാസായത് ഏകാധിപത്യ ശൈലിക്കെതിരായ വിജയമാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. ഒരു കൗൺസിലർ മാത്രമാണ് അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തതെങ്കിലും ഏഴ്‌ യുഡിഎഫ് കൗൺസിലർമാർ  ചർച്ചയിൽപോലും പങ്കെടുക്കാതിരുന്നത് വ്യക്തമാക്കുന്നത് ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തോടൊപ്പമാണ് തങ്ങളുടെ മനസ്സും എന്നുതന്നെയാണ്. ചട്ടവും നിയമവുമൊന്നും തനിക്ക് ബാധകമല്ലെന്ന ഡെപ്യൂട്ടി മേയറുടെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണിത്. 
കോവിഡ് 19 മഹാമാരിക്കെതിരെയുള്ള രോഗപ്രതിരോധ പ്രവർത്തനത്തിനാണ് ഏതൊരു ജനപ്രതിനിധിയും ഇപ്പോൾ ഊന്നൽ നൽകേണ്ടത്. കോർപ്പറേഷൻ പരിധിയിൽ 595 ലേറെ പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും, ആശ പ്രവർത്തകരും ബോധവൽക്കരണ പ്രവർത്തനം നടത്തുമ്പോൾ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കാവശ്യമായ സഹായങ്ങൾ നൽകാനോ കണ്ണൂർ കോർപ്പറേഷൻ ഭാരവാഹികൾ തയ്യാറായില്ല. സർക്കാറിന്റെയോ ആരോഗ്യ വകുപ്പിന്റെയോ നിർദേശങ്ങൾ നടപ്പാക്കാനോ സന്നദ്ധമായില്ല. ഡെപ്യൂട്ടി മേയറടക്കമുള്ള ഇക്കൂട്ടരുടെ ചെയ്തികൾക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി.  
യുഡിഎഫിലും എൽഡിഎഫിലുമുള്ള കൗൺസിലർമാരും കോർപ്പറേഷൻ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമാണെന്ന് അറിയിച്ചിട്ടും ബജറ്റ് അവതരിപ്പിക്കാനാണ് ഡെപ്യൂട്ടി മേയർ പിടിവാശി കാട്ടിയത്. പി കെ രാഗേഷിനെതിരെ ശക്തമായ നിലപാടായിരുന്നു ലീഗ് ആദ്യം മുതൽ സ്വീകരിച്ചത്. രാഗേഷുമായുള്ള കോൺഗ്രസിലെ തർക്കം പരിഹരിച്ചെങ്കിലും അതിനോട് യോജിക്കാത്ത അസംതൃപ്തരായവർ കോൺഗ്രസിലും ലീഗിലും ഉണ്ട്. അത്തരം അസംതൃപ്തികൂടിയാണ് അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. അതുകൊണ്ടാണ് മേയർ അടക്കം യുഡിഎഫിലെ ഏഴ്‌ കൗൺസിലർമാർ വോട്ടെടുപ്പിലോ, നാലുമണിക്കൂർ നേരം നടന്ന കൗൺസിൽ യോഗത്തിലോ ചർച്ചയിലോ പങ്കെടുക്കാതിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയംകൂടിയാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top