29 May Friday

പ്രാര്‍ഥനാ ചടങ്ങുകളില്‍ 5പേര്‍ മാത്രം 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കണ്ണൂർ
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന്  കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ പൊലിസും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണം. ഗൃഹപ്രവേശം  ഉൾപ്പെടെയുള്ള ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. വൈറസിന്റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വർധിച്ചു വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 
കാസർകോട്, മാഹി, മലപ്പുറം, കുടക്‌ എന്നിവിടങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒട്ടേറെ പേർ ജില്ലയിലുണ്ട്. ഇവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാതെ തരമില്ലെന്ന്‌ കലക്ടർ വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കിടയിൽ നിരീക്ഷണം ശക്തമാക്കണം. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും ജാഗ്രത വേണം. ജില്ലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, സേവന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയ ഇടങ്ങളിലും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമോ ഹാൻഡ് സാനിറ്റൈസറോ ഒരുക്കണമെന്നും  കലക്ടർ നിർദ്ദേശിച്ചു. 
അതിഥി തൊഴിലാളികൾ, പട്ടികജാതി–- - പട്ടിക വർഗ കോളനി നിവാസികൾ തുടങ്ങിയവർക്കിടയിൽ കൊറോണ ബോധവൽക്കരണവും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തണം. വിദ്യാലയങ്ങൾ അടയ്ക്കുകയും പരീക്ഷകൾ നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വിനോദയാത്ര പോകുന്നത് ഒഴിവാക്കണം. 
ഷോപ്പിങ്‌  മാളുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പൊലീസ്‌ ചീഫ്‌ യതീഷ് ചന്ദ്ര, സബ് കലക്ടർ ആസിഫ് കെ യൂസഫ്, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top