25 May Monday

‘നിറകൺചിരി’യോടിറങ്ങി... കരുതൽ നൽകിയ മധുരവുമായി

ടി വി പത്മനാഭൻUpdated: Saturday Mar 21, 2020
പരിയാരം
‘ഒരുബുദ്ധിമുട്ടുമുണ്ടായില്ല, ഏറെ നാളുകൾക്കുശേഷം  ഗൾഫിൽനിന്നെത്തി കുടുംബത്തോടൊപ്പം കഴിയാതിരുന്നതിലുള്ള ചെറിയവിഷമം മാത്രം. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും സർക്കാരിന്റെ കരുതലിനും നന്ദി’.... കോവിഡ്‌ 19നെ തുടർന്നുള്ള നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതിനെതുടർന്ന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിവിട്ട പെരിങ്ങോം സ്വദേശിയുടെ വാക്കുകളാണിത്‌. ഐസോലേഷൻ വാർഡിൽനിന്ന് പുറത്തിറങ്ങി അമ്മയെയും ഭാര്യയെയും  മകനെയും കണ്ടപ്പോൾ പുതുജന്മം കിട്ടിയതുപോലെ തോന്നിയെന്നും ഇദ്ദേഹം  പറഞ്ഞു. കഴിഞ്ഞ പത്തിന് രാത്രിയിൽ ആംബുലൻസ്  വീട്ടിനുമുന്നിൽ വന്നപ്പോൾ പകച്ചുപോയി. ആശുപത്രിയിലെ ഐസോലേഷൻ വാർഡിലെത്തിയപ്പോഴാണ്‌  യാഥാർഥ്യം തിരിച്ചറിഞ്ഞത്. അടുത്തദിവസം  അമ്മയും ഭാര്യയും ആശുപത്രിയിലെത്തിയെന്നറിഞ്ഞു. 
ഒരുദിവസം കഴിഞ്ഞ്‌ മകനും. ആരെയും കാണുന്നില്ല, വിവരങ്ങൾ ഒന്നുമറിയുന്നില്ല. ഒറ്റപ്പെട്ടതുപോലെ. ഡോക്ടർമാരുടെ സംഘമെത്തി കൗൺസലിങ്ങും  നിർദേശങ്ങളും തന്നു. കഴിക്കാനായി പ്രത്യേകിച്ച് വലിയ മരുന്നുകളൊന്നുമുണ്ടായിരുന്നില്ല. അലർജിക്കായുള്ള ചെറിയ മരുന്ന്‌ മാത്രം. പരിശീലനം ലഭിച്ച ജീവനക്കാരായിരുന്നു എല്ലാം ചെയ്തത്. 
കുടുംബാംഗങ്ങൾക്കും അങ്ങനെ തന്നെ. ഒറ്റപ്പെടലിന്റെ  വേദന മാത്രമാണ് പ്രശ്‌നം. അമ്മയുടെയും ഭാര്യയുടെയും മകനെയും പരിശോധനാഫലം നെഗറ്റീവ് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി. അവസാന പരിശോധനയും നെഗറ്റീവ് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി. 
രോഗം ബാധിച്ചതിലല്ല ഒറ്റപ്പെടുത്തുന്നരീതിയിലുള്ള  ചിലരുടെ പ്രചാരണങ്ങളിലാണ് വിഷമം. നമ്മൾ മുൻകരുതലെടുക്കുക തന്നെവേണം. ആരോഗ്യ വകുപ്പ്‌ എല്ലാ സഹായങ്ങളും ചെയ്‌തുതന്നു. ഏപ്രിൽ ഒമ്പതുവരെ വീട്ടിൽ  നിരീക്ഷണത്തിലിരിക്കാനാണ് ഡോക്ടർമാർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top