25 May Monday

കറങ്ങി നടക്കല്ലേ; പടരും നാടാകെ

സ്വന്തം ലേഖികUpdated: Saturday Mar 21, 2020
കണ്ണൂർ
വിദേശത്തുനിന്ന്‌ എത്തിയവർ വീടുകളിൽ ഐസൊലേഷനിൽ കൃത്യമായി കഴിയാത്തത്‌ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ തടസ്സമാകുന്നു. ഇങ്ങനെയുള്ളവരുടെ യാത്രകൾ പലയിടത്തും സംഘർഷത്തിനും ഇടയാക്കുന്നുണ്ട്‌. പ്രവാസികൾ കറങ്ങി നടക്കുന്നത്‌ നാട്ടുകാർ ചോദ്യം ചെയ്യുന്നതാണ്‌ സംഘർഷത്തിലേക്ക്‌ എത്തുന്നത്‌. 
വിദേശത്തുനിന്ന്‌ എത്തുന്നവർക്ക്‌ വിമാനത്താവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്‌. രോഗലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾതന്നെ ആശുപത്രിയിലേക്ക്‌ മാറ്റും. അല്ലാത്തവരൊട്‌ 28 ദിവസം നിർബന്ധമായും  വീടുകളിൽ കഴിയണമെന്നാണ്‌ നിർദേശിക്കുന്നത്‌. ഇതിനിടയിൽ രോഗലക്ഷണം പ്രകടമാക്കുകയാണെങ്കിൽ ആരോഗ്യവകുപ്പുമായോ ദിശ നമ്പറിലോ വിളിച്ച്‌ ചികിത്സ തേടണമെന്നും നിർദേശിക്കുന്നുണ്ട്‌. 
നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കണമെന്ന നിർദേശംപോലും പലവീടുകളിലും പ്രാവർത്തികമാക്കുന്നില്ല. വിദേശത്തുനിന്ന്‌ എത്തി രണ്ടുദിവസംമാത്രം വീട്ടിനുള്ളിൽ കഴിഞ്ഞ്‌ പിന്നീട്‌ നിയന്ത്രണങ്ങളൊന്നുമില്ലാതെ പൊതുഇടങ്ങളിൽ കറങ്ങി നടക്കുന്നവരുമുണ്ട്‌. പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ്‌ ജീവനക്കാരും എത്തി ഇവരെ വീടുകളിലേക്ക്‌ നിർബന്ധപൂർവം മാറ്റുകയാണ്‌.
പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ പൊതു ഇടങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽനിന്ന്‌ ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന നിർദേശവും പാലിക്കുന്നില്ല.
കോവിഡ്‌ സാധ്യതയുള്ളവർ ചികിത്സ തേടിയില്ലെങ്കിൽ മൂന്നുമാസംവരെ തടവുശിക്ഷ ലഭിക്കും. 
ആരോഗ്യവകുപ്പ്‌ നൽകുന്ന നിർദേശങ്ങൾ ലംഘിച്ചാലും നടപടി എടുക്കും. പകർച്ച വ്യാധികൾ ബാധിച്ചവർ ചികിത്സ തേടാതിരിക്കുക, രോഗികളെ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുക, ആശുപത്രിയിൽനിന്ന്‌ ചാടിപ്പോകുക, രോഗബാധിതർ പൊതുസ്ഥലങ്ങളിൽ പോകുക എന്നിവയെല്ലാം കുറ്റകരമാണ്‌. ചികിത്സയ്‌ക്കായി 04712552056, 0497 2700194 എന്നീ നമ്പറിൽ ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top