30 May Saturday

യുഡിഎഫിന്‌ വിനയായത്‌ ഡെപ്യൂട്ടി മേയറുടെ അധികാര ഹുങ്ക്‌

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കണ്ണൂർ
രാഷ്ട്രീയ അധാർമികതയിലൂടെ എൽഡിഎഫ്‌ ഭരണം അട്ടിമറിച്ച യുഡിഎഫിന്‌ കണ്ണൂർ കോർപ്പറേഷൻ  നഷ്ടമാകുന്നു. മേയറെ നോക്കുകുത്തിയാക്കിയും  കൗൺസിലർമാരെയും ജീവനക്കാരെയും ശത്രുപക്ഷത്താക്കിയുമുള്ള ഡെപ്യൂട്ടി മേയറുടെ ഭരണത്തിനാണ്‌ സ്വന്തം മുന്നണിയിലെ അംഗത്തിന്റെ അവിശ്വാസത്തിലൂടെ അറുതിയാകുന്നത്‌. ഒപ്പം രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കൈക്കലാക്കിയ കോർപ്പറേഷൻ ഭരണത്തിനും. 
എൽഡിഎഫ്‌ പിന്തുണയോടെ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷ്‌ കോർപ്പറേഷൻ ഭരണസമിതിയുടെ കാലാവധി തികയാൻ ഒരുവർഷവും മൂന്നുമാസവും ബാക്കിനിൽക്കെയാണ്‌ എൽഡിഎഫ്‌ ഭരണം അട്ടിമറിച്ചത്‌. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം വിടാതെ പിടിച്ചു. തുടർന്നിതുവരെയും കൗൺസിലിനെയും നിയമങ്ങളെയും നോക്കുകുത്തിയാക്കുകയായിരുന്നു ഡെപ്യൂട്ടി മേയർ. മേയർക്കും കോർപ്പറേഷൻ ഭരണത്തിൽ വലിയ സ്ഥാനമില്ലാതായി.  ഒടുവിൽ ബജറ്റ്‌ പോലും ഡെപ്യുട്ടി മേയറുടെ ധാർഷ്ട്യത്തിൽ നിയമക്കുരുക്കിലായി. 
പത്തംഗങ്ങളുള്ള ലീഗായിരുന്നു യുഡിഎഫ്‌ ഭരണത്തിൽ ഏറ്റവും  അവഗണിക്കപ്പെട്ടത്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ എല്ലാ കൗൺസിലർമാരും ഒരുപോലെ പരിഗണിക്കപ്പെട്ടിരുന്നു.  ഭരണം മാറിയതോടെ എൽഡിഎഫ്‌ കൗൺസിലർമാർക്കൊപ്പം ചില ലീഗ്‌ കൗൺസിലർമാരും അവഗണിക്കപ്പെട്ടു.  ഈ അനിഷ്ടത്തിനെതിരായ പ്രതിഷേധം കൗൺസിൽ യോഗത്തിൽപോലും മറനീക്കിയിരുന്നു. 
സ്ഥിരമായി വാർഡിനെ അവഗണിച്ചതോടെയാണ്‌ കക്കാട്‌ വാർഡംഗം കെ പി എ സലീം ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്‌. ഡെപ്യുട്ടി മേയർക്കെതിരായ സ്വന്തം അംഗങ്ങളുടെ വികാരം അവിശ്വാസപ്രമേയ ചർച്ചയിൽ പ്രകടമാകുമെന്ന്‌ ഉറപ്പായതോടെയാണ്‌ ബഹിഷ്‌കരിക്കാൻ യുഡിഎഫ്‌ വിപ്പ്‌ നൽകിയത്‌. എന്നാൽ വിപ്പുലംഘിച്ച്‌ ചിലർ എത്തുമെന്ന സൂചന ലഭിച്ചതോടെയാണ്‌ അവസാനസമയം പങ്കെടുക്കാൻ നിർദേശം നൽകിയത്‌. എന്നാൽ കോൺഗ്രസ്‌ അംഗങ്ങളായ ഭാരതിയും ധനേഷും യോഗത്തിനെത്തിയില്ല. മേയർ സുമാ ബാലകൃഷ്‌ണൻ, പ്രകാശൻ, സി കെ വിനോദ്‌, റഷീദ മഹലിൽ, ബിനാസ്‌ എന്നിവർ വൈകിയെത്തിയതോടെ യോഗത്തിനുപുറത്തായി. കൃത്യസമയത്ത്‌ യോഗത്തിനെത്തുന്ന മേയറടക്കമുള്ളവർ അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക്‌ വൈകിയെത്തിയതും ചർച്ചയായി. ഡെപ്യൂട്ടി മേയർ സ്ഥാനത്തുനിന്ന്‌ പി കെ രാഗേഷ്‌ പുറത്തായതോടെ കോർപ്പറേഷനിൽ ഭരണമാറ്റത്തിനും സാധ്യതയേറുകയാണ്‌. മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനും എൽഡിഎഫ്‌ ആലോചിക്കുന്നുണ്ട്‌. 
കോർപ്പറേഷൻ ഭരണം അട്ടിമറിച്ചപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ ആറുമാസം കോൺഗ്രസിനും ബാക്കി ലീഗിനുമായിരുന്നു. സ്ഥാനം കൈമാറുന്നത്‌ വൈകിക്കാൻ ശ്രമിച്ചതോടെ ലീഗും കോൺഗ്രസും തമ്മിലിടഞ്ഞു. ഉടൻ വേണമെന്ന്‌ ലീഗ്‌ അന്ത്യശാസനവും നൽകി. സമ്മർദതന്ത്രത്തിന്റെ ഭാഗമായി നഗരകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്ഥാനം ലീഗ്‌ കൗൺസിലർ സി സീനത്ത്‌ രാജിവച്ചിരുന്നു.  കമ്മിറ്റിയംഗംകൂടിയായ സലിം ഭരണപക്ഷത്തിനെതിരെ തിരിഞ്ഞതോടെ ഈ സ്‌റ്റാൻഡിങ് കമ്മിറ്റിയും യുഡിഎഫിന്‌ നഷ്ടമാകും. തെരഞ്ഞെടുപ്പിന്‌ ആറുമാസം ബാക്കിനിൽക്കെ ഭരണം നഷ്ടമായതിന്‌ ഉത്തരവാദിയായ പി കെ രാഗേഷിനെതിരെ വരും ദിവസങ്ങളിൽ കോൺഗ്രസിലും കലാപക്കൊടി ഉയരും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top