25 May Monday

പെരിങ്ങോത്ത്‌ നിരീക്ഷണം തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 പെരിങ്ങോം

കൊവിഡ് 19 ബാധിച്ച യുവാവുമായി സമ്പർക്കത്തിലുണ്ടായവരിലുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് തുടരും. മാർച്ച്‌ പന്ത്രണ്ടിനാണ് പെരിങ്ങോം സ്വദേശിയായ യുവാവിന് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന്  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. യുവാവിന്റെ അമ്മ, ഭാര്യ, മകൻ എന്നിവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മൂന്നുപേർക്കും കൊറോണ ഉണ്ടായിരുന്നില്ല.  പിന്നീടുള്ള പരിശോധനകളിൽ യുവാവിന്റെ പരിശോധന ഫലം തുടർച്ചയായി നെഗറ്റീവ് ആവുകയും ചെയ്തു. ഇതേ തുടർന്ന് നാല് പേരെയും വെള്ളിയാഴ്ച വീട്ടിലേക്ക് മാറ്റി. ഇനിയുള്ള ദിവസങ്ങളിൽ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. 
കൊറോണ സ്ഥിരീകരിച്ചതോടെ ഭീതിയിലായിരുന്ന പെരിങ്ങോമും പരിസരവും ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് വളരെ പെട്ടന്ന് മുക്തി നേടി. ആറാം തിയതി പുലർച്ചെ  നാട്ടിലെത്തിയ യുവാവിന്റെ മകൻ അന്ന്  പരീക്ഷയ്ക്ക്  സ്കൂളിൽ പോയിരുന്നു. സ്കൂളിലെ വിദ്യാർഥികളുൾപ്പെടെ സെക്കൻഡറി കോണ്ടാക്ടിൽ ഉള്ള  50ഓളം പേരുടെ നിരീക്ഷണ കാലാവധി വെള്ളിയാഴ്ചയോടെ കഴിഞ്ഞു. ഇവർക്കാർക്കും കൊറോണയില്ല. സെക്കൻഡറി  കോണ്ടാക്ടിൽ ആകെ 198 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് 50 പേരെ നിരീക്ഷണ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവാക്കുന്നത്. സെക്കൻഡറി  കോണ്ടാക്ടിൽ  ബാക്കിയുള്ളവരെയും യുവാവുമായി നേരിട്ട് ബന്ധപ്പെട്ട 13 പേരെയും നിരീക്ഷിക്കുന്നത് തുടരും.
പ്രധാന വാർത്തകൾ
 Top