25 May Monday

എല്ലാം നഷ്‌ടപ്പെട്ടതിന്റെ വേദനയോടെ നീതിതേടി അശ്വതി

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
തലശേരി
"‘ജീവിതസമ്പാദ്യവും ബാങ്ക്‌ വായ്‌പയും ഉപയോഗിച്ചാണ്‌ കൊളശേരിയിൽ എട്ട്‌  സെന്റ്‌ സ്ഥലം വാങ്ങിയത്‌. ചെന്നൈയിൽനിന്ന്‌ മടങ്ങുമ്പോൾ കയറിക്കിടക്കാൻ ഒരു വീടായിരുന്നു സ്വപ്‌നം..''. 
സ്ഥലവും പണവും നഷ്‌ടപ്പെട്ടതിന്റെ വേദനയിലാണ്‌ കാവുംഭാഗം ചീക്കിലോട്ട്‌ ഹൗസിൽ പി അശ്വതി. ആധാരം എഴുത്തുകാരനും സബ്‌രജിസ്‌ട്രാറും സ്ഥലം സ്വന്തമെന്ന്‌ പറഞ്ഞ ഉടമകളും ചേർന്നാണ്‌ ഐടി മേഖലയിൽ ജോലിചെയ്യുന്ന ഈ യുവതിയെ വഞ്ചിച്ചത്‌. തട്ടിപ്പിനിരയായ യുവതിയും ഭർത്താവും നീതിതേടുകയാണിപ്പോൾ. 
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള എട്ട്‌സെന്റ്‌ സ്ഥലം പഴയ ആധാരം ഉപയോഗിച്ചാണ്‌ അശ്വതിയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തു നൽകിയത്‌. 16 ലക്ഷം രൂപയും കൈയോടെ വാങ്ങി. സ്ഥലം സ്വന്തമായതിന്റെ സന്തോഷത്തോടെയാണ്‌ ഭർത്താവ്‌ കെ രഞ്ജിത്ത്‌കുമാറിനൊപ്പം ചെന്നൈയിലേക്ക്‌ മടങ്ങിയത്‌. ഇതിനിടയിലാണ്‌ ഒരാൾ വീട്‌ പൊളിച്ചതറിഞ്ഞത്‌. ഇതു സംബന്ധിച്ച്‌ മുൻസിഫ്‌ കോടതിയിലുള്ള കേസിലേക്ക്‌ കുടിക്കടം പകർത്തിവാങ്ങിയപ്പോഴാണ്‌ തട്ടിപ്പ്‌ മനസിലായത്‌. 
തലശേരി പൊലീസിൽ പരാതി നൽകിയെങ്കിലും സിവിൽ കേസായതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടായിരുന്നു ഡിവൈഎസ്‌പിക്ക്‌. അങ്ങനെയാണ്‌ തലശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്‌തതും അന്വേഷണത്തിന്‌ ഉത്തരവായതും. തലശേരി സബ്‌രജിസ്‌ട്രാഫീസ്‌ കേന്ദ്രീകരിച്ച്‌ ആധാരം രജിസ്‌ട്രേഷനിൽ വലിയ കൃത്രിമം നടക്കുന്നുണ്ടെന്ന സംശയമുണ്ട്‌. 
ആധാരം എഴുത്തുകാരൻ ഇ പ്രദീപൻ വിജിലൻസ്‌ കേസിലെ പ്രതിയും ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ആളുമാണെന്നാണ്‌ മനസിലാക്കുന്നത്‌. ക്രൈംബ്രാഞ്ച്‌ പോലുള്ള പ്രത്യേക ഏജൻസിയെ അന്വേഷണം ഏൽപിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്ന്‌ പി അശ്വതിയും ഭർത്താവ്‌ കെ രഞ്ജിത്ത്‌കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top