20 January Wednesday

വാടില്ല, ഈ സ‌്നേഹപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

എൽഡിഎഫ്‌ വടകര പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി പി ജയരാജൻ പേരാമ്പ്ര മുതുകാട്ടിൽ വോട്ടർമാർക്കൊപ്പം

 സ്വന്തം ലേഖകൻ

പേരാമ്പ്ര
ഉച്ചവെയിലിലും വാടാത്ത ആവേശത്തിൽ ഉയരുന്ന മുദ്രാവാക്യം വിളികൾക്കിടയിലാണ‌് പി ജയരാജൻ പേരാമ്പ്ര സികെജി ഗവ. കോളേജിലേക്ക‌് കയറിച്ചെന്നത‌്. കോളേജിൽ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ നിൽക്കുന്ന വിദ്യാർഥികളുടെ നിര. അതിനിടയിലാണ‌് ജയരാജനെ കാണാനുള്ള മോഹവുമായി എഴുപത്തെട്ടുകാരി എരവട്ടൂരിലെ  ചാത്തോത്ത് അമ്മാളു  കോളേജ് ക്യാമ്പസിലെത്തിയത‌്.  സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടാനെത്തിയ അമ്മാളു വടകര മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന‌് വിജയം നേർന്നാണ‌് മടങ്ങിയത‌്. 
 കനൽ നിലങ്ങളിൽ കരുത്തിന്റെയും സാന്ത്വനത്തിന്റെയും ജ്വാല പകർന്ന പി ജയരാജന‌് പേരാമ്പ്രയുടെ പടനിലങ്ങളിൽ ഉജ്വല വരവേൽപ്പാണ‌് ലഭിച്ചത‌്. പഴയ കുറുമ്പ്രനാട് താലൂക്കിൽ കർഷക പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച പരേതനായ കൂത്താളി സമര സേനാനി പുത്തൂപ്പട്ട കുഞ്ഞിക്കണ്ണൻനായരുടെ കാരയാട്ടെ വീട്ടിൽനിന്നാണ് ബുധനാഴ്ച രാവിലെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ പേരാമ്പ്ര മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമിട്ടത്. രാവിലെ എട്ടരയോടെ വീട്ടിലെത്തിയ സ്ഥാനാർഥിയെ  പുത്തൂപ്പടയുടെ മക്കളായ കരുണാകരൻ, ശാന്ത എന്നിവരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന‌് ചാക്യാർകൂത്തിന്റെ കുലപതിയായ മാണി മാധവചാക്യാരുടെ കാരയാടുള്ള ജന്മഗൃഹത്തിലേക്ക‌്. ചാക്യാരുടെ ബന്ധുക്കളായ പത്മാവതി ഇല്ലോടമ്മയും മകൻ മാധവാനന്ദ ചാക്യാരും ചേർന്ന‌് സ്വീകരിച്ചു. അസുഖബാധിതനായി കഴിയുന്ന സിപിഐ എം നേതാവ് എം രാമുണ്ണിക്കുട്ടിയെ സന്ദർശിച്ചശേഷം കോൺഗ്രസിന്റെ ദേശരക്ഷാ സംഘവും പൊലീസും ചേർന്ന് 1950 മെയ് 19ന് വെടിവെച്ചുകൊന്ന കൽപത്തൂരിലെ രക്തസാക്ഷി കെ ചോയിയുടെ സ്മൃതികുടീരത്തിലെത്തി പുഷ്പചക്രമർപ്പിച്ചു. ഇവിടെ തിങ്ങിക്കൂടിയ പ്രവർത്തകരോട് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഓർമിപ്പിച്ച‌്  ചെറുപ്രസംഗം. തുടർന്ന് ചോയിയുടെ സഹോദരി കല്യാണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. മുളിയങ്ങലിലെത്തിയ ജയരാജൻ ഖാദി ഉൽപ്പാദന യൂണിറ്റിലെത്തി ജീവനക്കാരെയും തൊഴിലാളികളെയും സന്ദർശിച്ചു. തുടർന്ന‌് പേരാമ്പ്രയിലെ ചിൻമയ കോളേജ്, മേഴ്സി കോളേജ്, സികെജി ഗവ.കോളേജ് എന്നിവിടങ്ങളിലേക്ക‌്.  കലാലയങ്ങളിൽ വിദ്യാർഥികളൊന്നടങ്കം മുദ്രാവാക്യം വിളികളോടെ ഹാരാർപ്പണം നടത്തി ആദരപൂർവം എതിരേറ്റു. മേഴ്സി കോളേജ് വിദ്യാർഥികൾ കല്ലോട് കേന്ദ്രീകരിച്ച് പ്രകടനമായാണ് സ്ഥാനാർഥിയെ കോളേജിലേക്ക് ആനയിച്ചത്. പ്രിൻസിപ്പൽ ടി എം ജമീലയും വൈസ് പ്രിൻസിപ്പൽ സി വി രജീഷും അധ്യാപകരും ചേർന്ന‌് പൂമാലയണിയിച്ച് സ്വീകരിച്ചു . തുടർന്ന് സികെജി ഗവ. കോളേജിലെ വിദ്യാർഥികൾ കൂട്ടമായെത്തി സ്ഥാനാർഥിയെ എതിരേറ്റു. യൂണിയൻ ചെയർമാൻ കെ പി അരുൺ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഘനശ്യാം എന്നിവർ സ്വീകരണത്തിന‌് നേതൃത്വംനൽകി. 
പിന്നീട് മുന്നണി നേതാക്കൾക്കൊപ്പം മലബാർ ദേവസ്വം ബോർഡംഗം ശശികുമാർ പേരാമ്പ്രയുടെ വീട്ടിൽ ഉച്ചഭക്ഷണം. പകൽ മൂന്നിന് പാറാട്ടു പാറയിൽ ചേർന്ന കുടുംബയോഗത്തിൽ പങ്കെടുത്ത ശേഷം പാലേരി മേഖലയിലെ ചെറിയ കുമ്പളം, പാലേരി എന്നിവിടങ്ങൾ സന്ദർശിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരുമായിരുന്ന അന്തരിച്ച വി വി ദക്ഷിണാമൂർത്തിയുടെ വീട്ടിലെത്തി ഭാര്യ ടി എം നളിനിയെയും കുടുംബത്തെയും സന്ദർശിച്ചു.  പാർടിയുടെ ആദ്യകാല പ്രവർത്തകൻ കെ ആർ ശ്രീധരൻ, അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന കൗൺസിലംഗവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അന്തരിച്ച 
ടി കെ കെ അബ്ദുള്ളയുടെ വീടും സന്ദർശിച്ചു.  പന്തിരിക്കരയിലെത്തിയ ജയരാജൻ കൊയിലാണ്ടി താലൂക്കിൽ കമ്യൂണിസ‌്റ്റ‌് പാർടിയും കർഷകസംഘവും പിന്നീട് സിപിഐ എമ്മും കെട്ടിപ്പടുക്കാൻ ത്യാഗോജ്വല പ്രവർത്തനം നടത്തിയ കൂത്താളി സമരത്തിന്റെ മുന്നണി പോരാളികൂടിയായ അന്തരിച്ച കെ എം കണ്ണൻ മാസ്റ്ററുടെ ആവടുക്കയിലെ വസതിയിലെത്തി കുടുംബാംഗങ്ങളുടെ അനുഗ്രഹം തേടി. തുടർന്ന‌് മുതുകാട്, ചക്കിട്ടപാറ, പേരാമ്പ്ര ഈസ്റ്റ് എന്നീ കേന്ദ്രങ്ങൾക്കുശേഷം, എരവട്ടൂർ നാരായണ വിലാസം സ്കൂളിൽ ചേർന്ന എൽഡിഎഫ് പേരാമ്പ്ര വെസ്റ്റ് മേഖലാ കൺവൻഷനിലും  മേപ്പയൂർ സൗത്ത് മേഖലാ കൺവൻഷനിലും ജയരാജൻ പങ്കെടുത്തു. എൽഡിഎഫ് മണ്ഡലം നേതാക്കളായ കെ കുഞ്ഞമ്മത്, എ കെ പത്മനാഭൻ, എ കെ ബാലൻ, എൻ കെ രാധ, എൻ പി ബാബു, കെ സജീവൻ, ഇ കുഞ്ഞിരാമൻ, കിഴക്കയിൽ ബാലൻ, കെ ലോഹ്യ, ഒ ടി ബഷീർ, കെ പ്രദീപ് കുമാർ, എം കുഞ്ഞിരാമനുണ്ണി, എം കുഞ്ഞമ്മത്, ഒ ടി രാജൻ, എസ് കെ സജീഷ്, കെ കെ നാരായണൻ, എ സി ബാലകൃഷ്ണൻ, കെ വി കുഞ്ഞിക്കണ്ണൻ, വി കെ പ്രമോദ്, ടി സി കുഞ്ഞമ്മത്, കെ സുനിൽ, പി എം കുഞ്ഞിക്കണ്ണൻ എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top