23 November Saturday

വീണ്ടെടുപ്പിന്റെ വിജയഗാഥ

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

നരിയാടി വയലിലെ കൊയ‌്ത്തുത്സവം ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള ഉദ‌്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ‌്
തളിയിൽ നരിയാടി വയൽ–- ആന്തൂരിൽ  ഒരുകാലത്ത് മൂന്നുവിള നെൽകൃഷി ചെയ്ത  പാടശേഖരം. ജലസേചന സൗകര്യം തന്നെയായിരുന്നു ഈ പാടശേഖരത്തിന്റെ വലിയ ഐശ്വര്യം. 
ഫലഭൂയിഷ്ഠമായ പാടത്ത് മൂന്നുവിള കൃഷിയിലും നൂറുമേനി കൊയ്തെടുക്കാത്ത കാലം ഉണ്ടായിരുന്നില്ലെന്ന് പഴമക്കാർ പറയും. കൃഷി ലാഭകരമാവാതെ വന്നതോടെ കർഷകർ പതുക്കെ നെൽകൃഷി ഉപേക്ഷിച്ചു. നോക്കെത്താ ദൂരത്തോളം പരന്നുകിടന്ന പാടശേഖരം കാലക്രമേണ ചെറുതായി.  പൊന്നുവിളഞ്ഞിരുന്ന പാടം പേര് അന്വർഥമാക്കുംവിധം നരികയറുന്ന കാടായി. മണ്ണിന്റെ ഗന്ധം പ്രാണവായുവാക്കിയ  തളിപ്പറമ്പ‌് റെയിഞ്ചിലെ  നാല‌് ചെത്തുതൊഴിലാളികൾക്ക്‌ ഈ കാടുപിടിച്ച പാടം കണ്ട്‌ സഹിക്കാനായില്ല.  അവർ ലാഭക്കണക്കുനോക്കാതെ വയലിലെ 15 ഏക്കർ സ്ഥലത്ത്‌ നെൽകൃഷി ഒരുക്കി. അഞ്ചാംപീടിക ഷാപ്പിലെ ചെത്തുതൊഴിലാളി കാനൂലിലെ എം സുരേന്ദ്രൻ, ഏമ്പേറ്റ‌് ഷാപ്പിലെ സി ശശി, കുറ്റിക്കോൽ ഷാപ്പിലെ തൊഴിലാളികളായ എം രാജേഷ‌്, എം പി ധനേഷ‌്കുമാർ എന്നിവരാണ‌് ജോലി കഴിഞ്ഞ‌് ബാക്കി സമയം പാഴാക്കാതെ നെൽകൃഷിക്കായിറങ്ങിയത്‌.  
ഏഴോം 2, ഉമ, ആതിര, പവിഴം തുടങ്ങിയ വിത്തുകൾ ഉപയോഗിച്ച്‌ നൂറുമേനി കൊയ്‌തിരിക്കുകയാണിവർ. പാപ്പിനിശേരി കോ. ഓപ്പറേറ്റീവ‌് റൂറൽ ബാങ്ക‌്  പലിശ രഹിത വായ‌്പയായി നൽകിയ ഒരുലക്ഷം രൂപ ഉൾപ്പെടെ ഒന്നരലക്ഷം രൂപ ചെലവിലായിരുന്നു കൃഷി. ആന്തൂർ  കൃഷി ഭവന്റെ സഹകരണവുമുണ്ടായി. കഴിഞ്ഞവർഷം ചെറിയ തോതിൽ നെൽകൃഷി നടത്തിയതിന്റെ അനുഭവ പാഠത്തിൽനിന്നാണ‌് 15 ഏക്കറിലേക്ക‌് കൃഷി വ്യാപിപ്പിച്ചത‌്. 
വയലിൽ ഉപ്പുവെള്ളം കയറുന്നതാണ‌് കൃഷി ചെയ്യാൻ താൽപര്യപ്പെടാത്തതെന്ന‌് കർഷകർ പറഞ്ഞു. കൊയ‌്ത്തുത്സവം ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള ഉദ‌്ഘാടനം ചെയ‌്തു. കെ സന്തോഷ‌് അധ്യക്ഷനായി. എം വി ജനാർദനൻ, എം രാജഗോപാലൻ,  വിനയൻ, നാരായണൻ, കെ പി രതീഷ‌്,  പ്രഭാകരൻ, മുണ്ട രാമകൃഷ‌്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top