18 November Monday
കാട്ടാന ആക്രമണം തടയൽ

ആറളത്ത്‌ 13.5 കി. മീറ്ററിൽ ആനമതിലും റെയിൽ വേലിയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
ഇരിട്ടി
ആറളം വന്യജീവി സങ്കേതത്തിൽനിന്ന‌് ജനവാസമേഖലയിലേക്ക‌് കാട്ടാനകൾ ഇറങ്ങുന്നത‌് തടയാൻ പ്രതിരോധ മതിൽ നിർമിക്കും. വന്യജീവി സങ്കേതം﹣- ആറ‌ളം ഫാം അതിർത്തിമേഖലയിലെ 13.5 കിലോമീറ്ററിലാണ്‌ പ്രതിരോധമൊരുക്കുക. പുനരധിവാസ മേഖലയിലെ ജനങ്ങളുടെ സ്വത്തിനും ജീവനും പരിരക്ഷ ഉറപ്പാക്കണമെന്ന‌് സിപിഐ എം, ആദിവാസി ക്ഷേമസമിതി സംഘടനകൾ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതെതുടർന്നാണ്‌ ആദിവാസി ക്ഷേമ ഫണ്ട് ഉപയോഗിച്ച് ആനമതിലും റെയിൽ വേലിയും നിർമിക്കാൻ 22 കോടി രൂപയുടെ പുതുക്കിയ എസ‌്റ്റിമേറ്റ‌് തയ്യാറാക്കി  സർക്കാർ അനുമതിക്കായി സമർപ്പിച്ചത്‌. 10.5 കിലൊമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് ബെൽറ്റോടുകൂടിയ കരിങ്കൽ മതിലും മൂന്ന‌് കിലോമീറ്റർ റെയിൽ വേലിയും പണിയാനുള്ള 22 കോടി രൂപയുടെ എസ്റ്റിമേറ്റാണ‌്  സമർപ്പിച്ചത‌്. അഞ്ച‌് മാസം മുമ്പ‌് സമർപ്പിച്ച എസ്റ്റിമേറ്റിലെ  സാങ്കേതികത്വം പരിഹരിക്കാനാണ‌് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചത‌്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമാവുമെന്ന‌് കരുതുന്ന ആന മതിൽ  നിർമാണ പദ്ധതിക്ക‌് നേരത്തെ 27 കോടി രൂപയുടെ എസ്റ്റിമേറ്റാണ‌്  നൽകിയിരുന്നത്‌. സാങ്കേതിക പിഴവ്‌ ചൂണ്ടിക്കാട്ടി എസ‌്റ്റിമേറ്റ‌് അധികൃതർ മടക്കി.  പത്തുമാസം മുമ്പ‌് ഫാമിൽ  മന്ത്രി എ കെ ബാലൻ  പ്രഖ്യാപിച്ച  പദ്ധതി ഇല്ലാതാക്കാനുള്ള  നീക്കവും ചിലഭാഗത്തുനിന്നുണ്ടായി. ഇതോടെ വ്യാപക പ്രതിഷേധമുയർന്നു. ബ്ലോക്ക് ഒമ്പതിലെ കാളികയം മുതൽ ബ്ലോക്ക് പതിമൂന്നിലെ  പൊട്ടിച്ചപ്പാറവരെയാണ്‌ പദ്ധതിക്ക‌്  പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചത‌്.
പ്രധാന വാർത്തകൾ
 Top