24 October Thursday

പുഴയിൽ അടിഞ്ഞ മാലിന്യം നീക്കണം: ജില്ലാപഞ്ചായത്ത്‌

സ്വന്തംലേഖികUpdated: Friday Sep 20, 2019
കണ്ണൂർ
പ്രളയത്തെത്തുടർന്ന് ജില്ലയിലെ പുഴകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പ്രശ്‌നം  കലക്ടറുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന്  പ്രസിഡന്റ്‌ കെ വി സുമേഷ് പറഞ്ഞു. 
പ്രളയത്തിൽ ഒലിച്ചുവന്ന പ്ലാസ്റ്റിക്, മരത്തടികൾ, ചെളി നിറഞ്ഞ മണൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ  പെട്ടെന്ന് നീക്കം ചെയ്യണം. ഇവ അടിഞ്ഞുകൂടിയത് പുഴകളിൽ വെള്ളം ഉൾക്കൊള്ളാനുള്ളശേഷി കുറയ്‌ക്കുകയും  സുഗമമായ ഒഴുക്കിന് തടസമാവുകയും ചെയ്യുന്നു. അഴിമുഖങ്ങളിൽ മണലും മാലിന്യങ്ങളും നിറഞ്ഞ് രൂപം കൊണ്ട തിട്ടകളിലിടിച്ച് മത്സ്യ ബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. പുഴ ഗതിമാറി ഒഴുകാനും ഇടയുണ്ട്.  ഇത്‌ അടുത്ത വർഷവും പ്രളയത്തിനു കാരണമാവുമെന്നും യോഗം വിലയിരുത്തി.  
വനാതിർത്തി  ഗ്രാമങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യവും യോഗത്തിലുയർന്നു.  ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഡിഎഫ്ഒയോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.   പദ്ധതി ചെലവിൽ 25 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ അറിയിച്ചു. രൂപീകരിച്ച പദ്ധതികൾ അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർദേശിച്ചു.   
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ കെ നാണു, തോമസ് വർഗീസ്,  അജിത്ത് മാട്ടൂൽ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top