01 October Saturday
ഷെമി ആശുപത്രി സമരം 72–-ാം ദിവസത്തിലേക്ക്‌

ജീവിതം വഴിമുട്ടി ജീവനക്കാർ

രഷ്ന ദാസ്Updated: Saturday Aug 20, 2022

തലശേരി ഷെമി ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്ന ജീവനക്കാർ

തലശേരി

‘‘കഴിഞ്ഞ ദിവസമാണ്‌ ജപ്തി നോട്ടീസ് വന്നത്. ഇനിയും അ‍ഞ്ച് ലക്ഷം  അടയ്‌ക്കാനുണ്ട്.  ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടി നിൽകുമ്പോൾ എങ്ങനെ വായ്‌പ തിരിച്ചടക്കും’’ ഷെമി ഹോസ്പിറ്റലിന് മുന്നിൽ സമരംചെയ്യുന്ന പത്തായക്കുന്നിലെ ഇ പ്രമീളയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ. ഷെമി ആശുപത്രി പൂട്ടിയതോടെ 23 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
 പുതിയ മാനേജ്മെന്റ് ആശുപത്രി ഏറ്റെടുത്തതോടെയാണ് ജീവനക്കാരുടെ കഷ്ടകാലം തുടങ്ങിയത്. മാനേജ്മെന്റ് മാറിയതോടെ നിലവിലുണ്ടായ ഡോക്ടർമാർ പലരും ആശുപത്രി വിട്ടു. എട്ട് മാസത്തെ ശമ്പളം കുടിശ്ശികയാണ്‌. രണ്ട് വർഷത്തെ ബോണസും കിട്ടിയില്ല. വീട്ടിലെ ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയതൊടെ കുറച്ച് പേർ മറ്റ് ആശുപത്രികളിൽ ജോലിക്ക് പോയി. ബാക്കിയുള്ളവർ എന്നും പ്രതീക്ഷയോടെ രാവിലെ ആശുപത്രിക്ക് മുന്നിൽ എത്തും.
 ‘എല്ലാവർക്കും ബുദ്ധിമുട്ടുണ്ട്. ഇരുപത് വർഷം ജോലി ചെയ്തു. കിട്ടാനുള്ള കുടിശ്ശിക ലഭിച്ചാൽ താൽക്കാലിക പ്രശ്നങ്ങളെങ്കിലും തീരുമായിരുന്നു’–- അണ്ടലൂരിലെ എൽ വി ഷീബ പറയുന്നു. ജപ്തി നോട്ടീസ് വന്ന് സഹപ്രവർത്തകയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതതും സമരത്തിനിടെയാണെന്ന് ഷീബ പറഞ്ഞു.
  ശമ്പള കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ പ്രെെവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ നടത്തുന്ന സമരം 71  ദിവസം പിന്നിട്ടു. 
ഇതുവരെ ഒരു നടപടിയും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല. പഴയമാനേജ്‌മെന്റും പുതിയമാനേജ്‌മെന്റും കൈമലർത്തുമ്പോൾ സമരം കൂടുതൽ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്‌ ജീവനക്കാരും യൂണിയനും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top