24 January Friday

ക്ഷീരമേഖലയിലും കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കണ്ണൂർ
വെള്ളപ്പൊക്കത്തിൽ ക്ഷീരമേഖലയിൽ  കനത്ത നാശമാണുണ്ടായത്‌.  വെള്ളം പെട്ടെന്ന്‌ കയറിയതിനാൽ കന്നുകാലികളെയും മറ്റും  മാറ്റാനായില്ല. കാലിത്തീറ്റകളും വൈക്കോലും വെള്ളം കയറി ഉപയോഗിക്കാൻ പറ്റാതായി.   കോഴിഫാമുകൾക്കും നാശമുണ്ടായി. തീരപ്രദേശത്തും മലയോരത്തും തീറ്റപ്പുൽ കൃഷി വ്യാപകമായി വെള്ളത്തിൽ മുങ്ങി ഭക്ഷ്യയോഗ്യമല്ലാതായി.   മൃഗസംരക്ഷണ മേഖലയിൽ 64.22 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ്‌  പ്രാഥമിക കണക്ക്‌. എന്നാൽ നഷ്ടം ഇതിന്റെ രണ്ടിരട്ടിയിലേറെ വരും.  ഇരിട്ടി, ചുങ്കക്കുന്ന്, പാപ്പിനിശേരി, കൂട്ടുപുഴ, ശ്രീകണ്ഠപുരം, അഞ്ചരക്കണ്ടി മേഖലകളിലാണ്  കൂടുതൽ നാശനഷ്ടമുണ്ടായത്. 24 കന്നുകാലികൾ, 64 ആട്, 13,680 കോഴികൾ എന്നിവയാണ്‌ ചത്തത്‌. 101 തൊഴുത്തുകൾ, നൂറുകണക്കിന്‌ ചാക്ക്‌ കാലിത്തീറ്റ, തീറ്റപ്പുൽ കൃഷി,  ബയോഗ്യാസ് പ്ലാന്റുകൾ, കറവ യന്ത്രങ്ങൾ, പിറ്റുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിച്ചവയിൽ ഉൾപ്പെടും. 
തലശേരി ക്ഷീരവ്യവസായ സഹകരണസംഘത്തിലെ 69 കർഷകർക്കാണ്‌ നാശനഷ്ടമുണ്ടായത്‌. 201 ചാക്ക്‌ കാലിത്തീറ്റ നശിച്ചു. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ്‌ കണക്ക്‌. നാല്‌ ഏക്കറിലേറെ പച്ചപ്പുൽ കൃഷി വെള്ളംകയറി നശിച്ചു. ഒരു പശുവും കിടാരിയും ചത്തു. ഏഴ്‌ തൊഴുത്തുകൾ തകർന്നു.   156 പശുക്കളെ സുരക്ഷാ കേന്ദ്രത്തിലേക്ക്‌ മാറ്റി. 15 ലോഡ്‌ ചാണകവും  നശിച്ചു. വെള്ളപ്പൊക്ക ദിവസങ്ങളിൽ പാലളക്കാനുമായില്ല. 8,600 ലിറ്റർ പാൽ സംഭരിക്കാനായില്ല. പൊന്ന്യം, കുട്ടിമാക്കൂൽ, അണ്ടലൂർ മേഖലയിലും  നാശമുണ്ടായി.
ആന്തൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ   കനത്ത നാശമാണുണ്ടായത്‌. കോൾതുരുത്തി, പറശ്ശിനിക്കടവ്, കമ്പിൽക്കടവ്, കൊവ്വൽ, നണിച്ചേരി  പ്രദേശങ്ങളിൽ 35 ക്ഷീരകർഷകരെ പ്രളയം ബാധിച്ചു.  63 പശുക്കളെയാണ്  കാമ്പുകളിലേക്കും മറ്റും മാറ്റിയത്‌. വെള്ളിക്കീൽ, ചേര, കാനൂൽ, അയ്യങ്കോൽ, വടക്കാഞ്ചേരി  പ്രദേശങ്ങളിൽ 30 കുടുംബങ്ങളാണ്  പ്രതിസന്ധിയിലായത്‌.  കുറുമാത്തൂർ പഞ്ചായത്തിൽ 20 കുടുംബങ്ങളെയും  പരിയാരം പഞ്ചായത്തിൽ മുക്കുന്ന്, കുറ്റ്യേരി, പനങ്ങാട്ടൂർ പ്രദേശങ്ങളിലെ ഒമ്പത്‌   കുടുംബങ്ങളെയും ബാധിച്ചു. പട്ടുവം പഞ്ചായത്തിൽ ഒരു കിടാരി ചത്തു.  മിക്ക  ക്ഷീരസംഘങ്ങളും  കർഷകർക്ക് കാലത്തീറ്റ ഉൾപ്പെടെയുള്ളവ നൽകിയിട്ടുണ്ട്. 
പയ്യന്നൂരിൽ  മണിയറ, തോട്ടംകടവ‌്, പരവന്തട്ട, കാപ്പാട‌് ഭാഗങ്ങളിൽനിന്നായി  അറുപതിലധികം കന്നുകാലികളെയാണ‌് വിവിധ ക്യാമ്പുകളിലേക്ക്‌ മാറ്റിയത്‌. ഡിവൈഎഫ‌്ഐ, സ‌ിപിഐ എ‌ം പ്രവർത്തകരാണ‌് മിണ്ടാപ്രാണികളുടെ രക്ഷകരായത‌്.  ഇവക്ക‌് പച്ചപ്പുല്ലും വൈക്കോലും  കാലിത്തീറ്റയും നൽകി പരിപാലിച്ചതും ഇവരാണ‌്.  വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി,  കോറോം ക്ഷീര  കർഷക  സഹകരണ സംഘം, സംസ്ഥാന ക്ഷീര വകുപ്പ‌്  എന്നിവയുടെ നേതൃത്വത്തിൽ സൗജന്യമായി കാലിത്തീറ്റ   നൽകി. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികളെ പരിശോധിച്ച‌് ആവശ്യമായ മരുന്നുകൾ നൽകി. തോട്ടംകടവിലെ അഞ്ചില്ലത്ത‌്  ഹനീഫയുടെ പശുക്കിടാവ‌്‌ കഴിഞ്ഞ  ദിവസം  ചത്തു.  
പിലാത്തറ, കോട്ടക്കുന്ന്, കണ്ണോം പ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടായി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌   പി പ്രഭാവതിയുടെ വീട്ടിലെ വൈക്കോൽ കൂന മഴവെള്ളത്തിൽ നശിച്ചു. കോട്ടക്കുന്നിലെ ഇരുപത്തിയഞ്ചോളം തൊഴുത്തിൽ വെള്ളം കയറി കന്നുകാലികളെ മാറ്റി.  കോട്ടക്കുന്നിൽ കർഷകസംഘം പ്രത്യേകം ക്യാമ്പ് ഉണ്ടാക്കിയാണ് കന്നുകാലികളെ സംരക്ഷിച്ചത് .കോട്ടക്കുന്നിലെ യശോദയുടെ വൈക്കോൽ കൂനയും 15 ചാക്ക് കാലിതീറ്റയും വെള്ളത്തിൽ മുങ്ങി. കണ്ണോം ക്ഷീര സഹകരണ സംഘം സൊസൈറ്റിയുടെ പരിധിയിലും കനത്ത നാശമുണ്ടായി. 
നാറാത്ത് പഞ്ചായത്തിൽ 35  കർഷകരുടെ തൊഴുത്തുകൾ, കറവയന്ത്രം, തീറ്റ, പുൽകൃഷി, വൈക്കോൽ തുടങ്ങിയവ നശിച്ചു. ഏഴ്‌ ലക്ഷം രൂപയുടെ  നാശമുണ്ടായി.  മയ്യിൽ പഞ്ചായത്തിൽ അരിമ്പ്രയിൽ വൈദ്യുതി ലൈൻ തട്ടിയും മുല്ലക്കൊടിയിൽ വെള്ളത്തിൽ മുങ്ങിയും  ഓരോ പശുക്കൾ ചത്തു. കുറ്റ്യാട്ടൂരിൽ ഒരു ആല നശിച്ചു.
ഇരിട്ടി ബ്ലോക്ക്‌ എക്‌സ്‌റ്റൻഷൻ പരിധിയിൽ  വ്യാപക നഷ്‌ടം. കാലിത്തീറ്റ, പിണ്ണാക്ക്‌, തവിട്‌ ശേഖരങ്ങൾ എന്നിവ വെള്ളത്തിലായി. അഞ്ച്‌ കറവമാടുകളും ഒരു കിടാരിയും ചത്തു. നിരവധി തൊഴുത്തുകളും തകർന്നു. വെള്ളത്തിൽ നശിച്ചതിനാൽ തീറ്റപ്പുൽ ക്ഷാമം രൂക്ഷമാണ്‌.  രണ്ടാംകടവ്‌, വള്ളിത്തോട്‌ സെന്റ്‌ ജൂഡ്‌, കിളിയന്തറ, വട്ടിയറ, പി ആർ നഗർ, മരുതായി, കൊടോളിപ്രം ആപ്‌കോസ്‌  ക്ഷീരസംഘങ്ങൾക്കാണ്‌ കെടുതി നേരിട്ടത്‌.
പ്രധാന വാർത്തകൾ
 Top