24 August Saturday

പ്രളയം വീടുകളുടെ പുനര്‍നിര്‍മാണത്തിന‌് ചെലവിട്ടത് 10 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

 കണ്ണൂർ

കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി ഇതിനകം 10 കോടി രൂപ ചെലവഴിച്ചു.  ഭാഗികമായി തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരവും പൂർണമായി തകർന്നവ പുനർനിർമിക്കുന്നതിന‌് നൽകിയ തുകയും ഉൾപ്പെടെയാണിത്.
പ്രളയത്തെത്തുടർന്ന് 173 വീടുകൾ പൂർണമായും 1422 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇതിൽ 33 കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടമായി. ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാർ പകരം സ്ഥലം വാങ്ങി നൽകുകയും വീടുനിർമാണം ആരംഭിക്കുകയും ചെയ്തു. വീട് പൂർണമായി തകർന്നവർക്ക് കെയർ ഹോം പദ്ധതിയിൽ 20 വീടുകളുടെ നിർമാണം ഇതിനകം പൂർത്തീകരിച്ച് താക്കോൽ കൈമാറിയെന്ന‌്  കലക്ടർ ടി വി സുഭാഷ് പറഞ്ഞു. ഇതിനുപുറമെ 19 വീടുകളുടെ നിർമാണം പൂർത്തിയായി. 15 വീടുകളുടെ നിർമാണം ഹിന്ദുസ്ഥാൻ യൂണിയൻ ലിവർ ലിമിറ്റഡ് ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചു. 
ഉടമസ്ഥർ സ്വന്തമായി പുനർ നിർമിക്കുന്ന 119 വീടുകൾക്കുള്ള ഒന്നാം ഗഡു  വിതരണം ചെയ്തിട്ടുണ്ട്. ഇവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 78 പേർക്ക് രണ്ടാം ഗഡുവും 45 പേർക്ക് മൂന്നാം ഗഡുവും  നൽകി. വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1422 പേർക്കും  ധനസഹായം വിതരണം ചെയ‌്തു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിലും കാലവർഷത്തിലുമായി ജില്ലയിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബങ്ങൾക്ക്  സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ ധനസഹായം സമയബന്ധിതമായി നൽകാനായെന്നും  കലക്ടർ അറിയിച്ചു.  
പ്രളയത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 996 ഹെക്ടർ കൃഷി നശിച്ചിരുന്നു. 8743 കർഷകരെയാണ്  ഇത് ബാധിച്ചത്. ഇവർക്ക്  ആറര കോടി രൂപ ധനസഹായം  നൽകി. കൂടാതെ 2259 പേർക്ക് വിള ഇൻഷുറൻസും 132 പേർക്ക് ഭൂമിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം  ചെയ്യാൻ ധനസഹായവും 15,000 പേർക്ക് നെൽവിത്തും 11522 കർഷകർക്ക്  മണ്ണ് സംരക്ഷണത്തിനുള്ള ധനസഹായവും നൽകി. കൂടാതെ 6743 കർഷകർക്ക് ഹോർട്ടികൾച്ചർ പ്രളയ സ്‌പെഷ്യൽ പാക്കേജ് പ്രകാരമുള്ള ധനസഹായവും  നൽകി.
പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച 2259 കിലോമീറ്റർ റോഡുകളും രണ്ടു പാലങ്ങളും ഗതാഗതയോഗ്യമാക്കി. കെഎസ്ഇബിയുടെ അഞ്ച് ട്രാൻസ്‌ഫോർമറുകൾ, 856 പോസ്റ്റുകൾ, 9088 കിലോമീറ്റർ ലൈനുകൾ എന്നിവ പ്രളയത്തിൽ നശിച്ചു. 45 ലക്ഷം രൂപ  ചെലവിലാണ് ഇവ പുനഃസ്ഥാപിച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾ നികത്തുന്നതിന് 22 വനിതകൾക്ക് കുടുംബ സഹായ വായ്പയായി 19 ലക്ഷം രൂപയും ഉപജീവന സഹായ പദ്ധതിയിലൂടെ 14 പേർക്ക് 63 ലക്ഷം രൂപയും വായ്പയായി അനുവദിച്ചു. 
പ്രളയത്തിൽ ഗതിമാറി ഒഴുകിയതിനെ തുടർന്ന് നാശം സംഭവിച്ച പുഴകൾക്ക് സംരക്ഷണഭിത്തി കെട്ടുന്നതിനായി 54 ഇടങ്ങളിൽ ഇറിഗേഷൻ വകുപ്പ് പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.  തോട്, കനാൽ സംരക്ഷണത്തിനായി 8.37 കോടി രൂപയുടെ 166 പദ്ധതികൾ മൈനർ ഇറിഗേഷൻ വകുപ്പും തയ്യാറാക്കിയിട്ടുണ്ട്. കന്നുകാലികൾ, തൊഴുത്ത് എന്നിവ നഷ്ടപ്പെട്ട 39 പേർക്കുള്ള ധനസഹായവും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top