20 August Tuesday

പഴയങ്ങാടി അർബൻ ബാങ്ക‌് മത്സരിക്കാനുറച്ച‌് കോൺഗ്രസ‌് വിമതർ

സ്വന്തം ലേഖകൻUpdated: Saturday Jul 20, 2019
പഴയങ്ങാടി
പഴയങ്ങാടി അർബൻ സഹകരണ ബാങ്ക‌് തെരഞ്ഞെടുപ്പിൽ  മത്സരിക്കാനുറച്ച‌്  കോൺഗ്രസ‌് വിമതവിഭാഗം.  ഔദ്യോഗിക വിഭാഗത്തിന്റെ സമ്മർദവും ഭീഷണിയും അതിജീവിച്ച‌് അഞ്ചു വിമതർ മത്സരരംഗത്ത‌് ഉറച്ചുനിൽക്കുന്നു. വെള്ളിയാഴ‌്ച നാമനിർദേശപത്രികകളുടെ സൂക്ഷ‌്മപരിശോധനയ‌്ക്കിടെ ഇരുവിഭാഗങ്ങളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. ഉന്തും തള്ളും കൈയ്യാങ്കളിയുടെ വക്കോളമെത്തിയതോടെ പഴയങ്ങാടി പൊലീസ‌് ഇടപെട്ടാണ‌് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയത‌്. 
ബാങ്ക‌് സ്ഥാപകരിലൊരാളായ ദുർഗാദാസ‌്, കണ്ണപുരത്തെ ധനഞ‌്ജയൻ, പി കെ സുധാകരൻ, അനിത, ചെറുതാഴത്തെ കമ്മാരൻ എന്നിവരാണ‌് ഔദ്യോഗിക പാനലിനെതിരെ മത്സരരംഗത്ത‌്. നിലവിലുള്ള പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം പി ഉണ്ണികൃഷ‌്ണന്റെ നേതൃത്വത്തിൽ ഇവർക്കെതിരെ കടുത്ത ഭീഷണി  തുടരുകയാണ‌്. കൈയും കാലും വെട്ടുമെന്നുവരെ ചില ഗുണ്ടകൾ ഭീഷണി മുഴക്കിയതായി വിമത സ്ഥാനാർഥികൾ പറഞ്ഞു.  ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു വനിതാ സ്ഥാനാർഥി വ്യാഴാഴ‌്ച സൂക്ഷ‌്മപരിശോധന കഴിഞ്ഞയുടൻ പത്രിക പിൻവലിച്ചു. 
ജോലി തെറിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണത്രെ  മുൻ ബ്ലോക്ക‌് കോൺഗ്രസ‌് സെക്രട്ടറികൂടിയായ യുവതി മത്സരരംഗത്തുനിന്ന‌് പിന്മാറിയത‌്. ദേശസാൽകൃത ബാങ്കിന്റെ ഇൻഷൂറൻസ‌് പദ്ധതി ഏജന്റാണ‌്  ഇവർ. 
35 വർഷമായി ബാങ്ക‌് ഭരണം കൈയാ‌ളുന്ന എം പി ഉണ്ണികൃഷ‌്ണനെ മാറ്റാനാവശ്യപ്പെട്ടാണ‌് കോൺഗ്രസിൽ കലാപം തുടങ്ങിയത‌്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സഹോദരീ ഭർത്താവും കെ സുധാകരന്റെ വിശ്വസ‌്തനുമായ ഉണ്ണികൃഷ‌്ണനെ തൊടാൻ ഡിസിസി പ്രസിഡന്റ‌് സതീശൻ പാച്ചേനി ഭയപ്പെടുകയാണെന്നും വിമതവിഭാഗം പറയുന്നു. ആഗസ‌്ത‌് നാലിനാണ‌് ബാങ്ക‌് ഭരണസമിതി തെരഞ്ഞെടുപ്പ‌്.
പ്രധാന വാർത്തകൾ
 Top