16 September Monday

‘30 മിനിറ്റെങ്കിലും വായിക്കൂ; ഏകാഗ്രത വർധിപ്പിക്കൂ-’

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 കണ്ണൂർ

ട്വിറ്ററിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ടിക്‌ടോക്കിന്റെയും കാലത്ത് ആളുകൾക്ക് ഏകാഗ്രത കുറഞ്ഞുവരികയാണെന്ന്  കലക്ടർ മീർ മുഹമ്മദലി. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു കലക്ടർ. പത്തുവർഷം മുമ്പ് ഒരാൾക്ക് എട്ട് സെക്കൻഡെങ്കിലും ഒരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുണ്ടായിരുന്നു. ഇന്നത് മൂന്ന് സെക്കൻഡായി.   
ചുരുങ്ങിയത് ദിവസവും 30 മിനിട്ടെങ്കിലും പുസ്തകം വായിക്കുന്ന ശീലമുണ്ടാക്കാൻ കഴിഞ്ഞാൽ അറിവിനൊപ്പം ആത്മവിശ്വാസവും ഏകാഗ്രതയും വർധിപ്പിക്കാൻ  സഹായകമാവും. മറ്റുള്ളവരെക്കാൾ ഏറെ ഉയരത്തിലെത്താൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കുമെന്നും കലക്ടർ പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌്  കെ വി സുമേഷ് അധ്യക്ഷനായി. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം ആർ പ്രഭാകരൻ നിർവഹിച്ചു.  
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ പി ജയബാലൻ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി പി നിർമലാദേവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബൈജു, സാക്ഷരതാ മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, കുടുംബശ്രീ ജില്ലാ കോ –- ഓഡിനേറ്റർ എം സുർജിത്ത്,  എൻ സുജിത്ത് എന്നിവർ സംസാരിച്ചു. 
വായന പക്ഷാചരണത്തിന്റെ ഭാഗമായി  ജൂലൈ ഏഴുവരെ ജില്ലയിലെ സ്‌കൂളുകളിലും വായനശാലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. സ്‌കൂളുകളിൽ എഴുത്തുപെട്ടി, വനിതാ വേദിയുടെ നേതൃത്വത്തിൽ വായനശാലകളിൽ വായനക്കൂട്ടം, സ്‌കൂൾ ലൈബ്രറി സജീകരിക്കൽ, ലൈബ്രറികളിൽ പുസ്തക പ്രദർശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ‌്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, ഹൈസ്‌കൂൾ വിദ്യാർഥികളുടെ വായന മത്സരം, പൊൻകുന്നം വർക്കി അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, എഴുത്തുപെട്ടിയിലെ നല്ലവായന കുറിപ്പിന് സമ്മാനം നൽകൽ, വായന കുറിപ്പ് തയ്യാറാക്കൽ മത്സരം, ക്വിസ് മത്സരം, എൽപി-യുപി വനിതാ വായന മത്സരം എന്നീ പരിപാടികളാണ് നടത്തുക. 
ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ ആൻഡ‌് പബ്ലിക് റിലേഷൻ വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വായന പക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രധാന വാർത്തകൾ
 Top