17 October Thursday

നാട്ടരങ്ങുകൾ ഉണർവിന്റെ നാളുകളിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 കണ്ണപുരം

അരങ്ങിൽ ജീവിതത്തിന്റെ രംഗപാഠം. സദസ‌് നിറഞ്ഞ‌് ആസ്വാദകർ. നാട്ടരങ്ങുകൾ ഉണർവിന്റെ നാളുകളിലേക്ക് തിരിച്ചു വരികയാണെന്ന് സാക്ഷ്യപ്പെടുത്തി ഉത്തരമേഖല അമച്വർ നാടക മത്സരം. കേരള സംഗീത നാടക അക്കാദമി നവോദയം വായനശാല സഹകരണത്തോടെ കണ്ണപുരത്ത് നടക്കുന്ന നാടകമേള പ്രതീക്ഷയുണർത്തുന്നു. അരങ്ങിന്റെ സമരകല വീണ്ടെടുപ്പിലാണ്. അനീതിക്കെതിരെ പടർന്നു കത്തിയ അരങ്ങുകളിൽ പുതിയ വെളിച്ചം പരക്കുന്നതിന്റെ തെളിവായി പിന്നിട്ട രണ്ടു ദിവസങ്ങളിലെ നാടകാവതരണം. കൊയിലാണ്ടി നാടക് മേഖലാ കമ്മിറ്റിയുടെ ‘കേളപ്പജി’ നാടകത്തോടെയാണ് ആറ‌് ദിവസത്തെ നാടക മത്സരത്തിന് തുടക്കമായത്. നവോഥാന നായകനും സ്വതന്ത്ര്യ സമര സേനാനിയുമായ കെ കേളപ്പന്റെ ജീവിത സംഘർഷങ്ങളുടെ രംഗാവിഷ്കാരമാണ് നാടകം. ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും പ്രതിസന്ധിയും കേളപ്പനിലുണ്ടാക്കിയ ആത്മസംഘർഷം  അരങ്ങിലെത്തിച്ച നാടകം മനോജ് നാരായണനാണ് സംവിധാനം ചെയ്തത്. രവീന്ദ്രൻ മുചുകുന്നിന്റെതാണ‌് രചന.
രണ്ടാം ദിനം അരങ്ങിലെത്തിയ കോഴിക്കോട് തിയറ്റർ ലവേഴ്സിന്റെ  ‘ഗുളികനും കുന്തോലനും’ മികച്ച രംഗാവതരണമായി. കെട്ട കഥകളും നുണകളും കൊണ്ട് ജാതി മേധാവിത്തം ഉറപ്പിച്ച നിർത്താനുള്ള സവർണ മോഹത്തെ അരങ്ങിൽ തുറന്നു കാണിക്കുകയായിരുന്നു നാടകം. രാധാകൃഷ്ണൻ പേരാമ്പ്ര രചനയും എ ശാന്തകുമാർ സംവിധാനവും നിർവഹിച്ചു.  കോങ്ങാട് നാടകസംഘത്തിന്റെ ചേരളചരിതവും അരങ്ങിലെത്തി. 22നാണ് സമാപനം.
പ്രധാന വാർത്തകൾ
 Top