14 July Tuesday

വ്യാജ പ്രചരണം അതിഥി തൊഴിലാളികൾ കൂട്ടമായി റെയിൽവേ സ്‌റ്റേഷനിലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ അതിഥി തൊഴിലാളികളുമായി തൊഴിൽ വകുപ്പ്‌ ഉദ്യോഗസ്ഥർ സംസാരിക്കുന്നു

കണ്ണൂർ
ഉത്തർപ്രദേശിലേക്ക്‌ ട്രെയിൻ പുറപ്പെടുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടർന്ന്‌ അതിഥി തൊഴിലാളികൾ കൂട്ടമായി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി. രാവിലെ എട്ടോടെയാണ്‌ ഇരുന്നൂറോളം തൊഴിലാളികൾ സ്‌റ്റേഷനിൽ തടിച്ചുകൂടിയത്‌. വളപട്ടണം, അഴീക്കൽ, പാപ്പിനിശേരി ഭാഗങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന ഇവർ റെയിൽപാളത്തിലൂടെ നടന്നെത്തുകയായിരുന്നു. 
    ട്രെയിൻ ഇല്ലെന്നറിഞ്ഞതോടെ പ്രതിഷേധമായി. തങ്ങളുടെ വീട്ടുകാർ ഭക്ഷണംപോലും കിട്ടാതെ കഷ്ടത്തിലാണെന്നും ഉടനെ നാട്ടിലെത്തണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. സാമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടിനിന്ന്‌ പ്രതിഷേധം തുടങ്ങിയതോടെ റവന്യു, പൊലീസ്‌ അധികൃതർ ഇടപെട്ടു. കണ്ണൂർ തഹസിൽദാർ വി എം സജീവൻ, ഡിവൈഎസ്‌പി പി പി സദാനന്ദൻ എന്നിവർ തൊഴിലാളികളുമായി ചർച്ച നടത്തി അനുനയിപ്പിച്ചു. യുപി സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ ട്രെയിൻ പുറപ്പെടുമെന്നും അതിൽ എല്ലാവർക്കും പോകാമെന്നും തഹസിൽദാർ ഉറപ്പുനൽകി. ഏറെ നേരത്തെ ശ്രമഫലമായാണ്‌ ഇവരെ അനുനയിപ്പിക്കാനായത്‌. പകൽ പതിനൊന്നോടെ മൂന്നു കെഎസ്‌ആർടിസി ബസ്സുകളിലായി എല്ലാവരെയും ക്യാമ്പുകളിലെത്തിച്ചു. ജില്ലാ ലേബർ ഓഫീസർ ബേബി കാസ്‌ട്രോ, ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്‌ഐ ബി എസ്‌ ബാവിഷ്‌ എന്നിവരും സ്ഥലത്തെത്തിയിരുന്നു.  
  യുപി സ്വദേശികളാണ്‌ ഭൂരിഭാഗവും. ഏതാനും ബിഹാർ സ്വദേശികളുമുണ്ട്‌. വളപട്ടണം മേഖലയിലെ പൂഴിത്തൊഴിലാളികളായ ഇവരുടെയെല്ലാം കൈയിൽ നല്ലനിലയിൽ കാശുണ്ട്‌. ക്യാമ്പുകളിൽ ആവശ്യാനുസരണം ഭക്ഷണസാധനങ്ങളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.  തെറ്റിദ്ധരിപ്പിച്ച്‌ ഇളക്കിവിട്ടതാരെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top